ബംഗളൂരു: വെട്ടിനുറുക്കി ചാക്കിലാക്കിയ നിലയിൽ തടാകത്തിൽ ടെക്കി യുവാവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ പിടിയിലായത് സ്വന്തം പിതാവ്. സ്വത്ത് തർക്കത്തെ തുടർന്ന് മകനെ കൊല്ലാൻ മൂന്ന് ലക്ഷത്തിന്റെ ക്വേട്ടഷൻ നൽകിയതാണെന്ന് തെളിഞ്ഞതിനെ തുടർന്ന് പിതാവും വാടക കൊലയാളികളും അറസ്റ്റിലായി.
ബംഗളൂരു മല്ലേശ്വരം സ്വദേശിയും ഐ.ടി. ജീവനക്കാരനുമായ കൗശല്‍ പ്രസാദ് കൊല്ലപ്പെട്ട കേസിലാണ് പിതാവ് ബി.വി. കേശവ പ്രസാദ് (50), വാടക കൊലയാളികളും തിപ്പസന്ദ്ര സ്വദേശികളുമായ നവീന്‍ കുമാര്‍ (19), കേശവ് (19) എന്നിവരെ ആവലഹള്ളി പൊലീസ് അറസ്റ്റ് ചെയ്തത്. സ്വത്ത് ആവശ്യപ്പെട്ട് കൗശൽ പ്രസാദ് പിതാവിനെ നിരന്തരം ഉപദ്രവിച്ചിരുന്നതും പ്രശ്നങ്ങളുണ്ടാക്കിയിരുന്നതുമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു.
ഈമാസം 12ന് മകനെ കാണാനില്ലെന്ന് കാട്ടി ബിസിനസുകാരനായ കേശവ പ്രസാദ് മല്ലേശ്വരം പൊലീസിൽ പരാതി നൽകിയിരുന്നു. ജനുവരി 10ന് മല്ലേശ്വരം 18ാമത് ക്രോസിൽ നിന്ന് രണ്ട് സുഹൃത്തുക്കൾക്കൊപ്പം കാറിൽ കയറി പോയ കൗശലിനെ കാണാനില്ലെന്നായിരുന്നു പരാതി. അതിന് മുമ്പ് കൗശൽ മൊബൈൽ ഫോൺ തന്റെ ഇളയ മകന് നൽകിയെന്നും കേശവ പ്രസാദ് പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
അന്നുതന്നെയാണ് എലേമല്ലപ്പ തടാകത്തിൽ കണ്ടെത്തിയ മൂന്ന് ചാക്കുകളിൽ നിന്ന് ദുർഗന്ധം വമിക്കുന്നെന്ന വിവരം പ്രദേശവാസികൾ ആവലഹള്ളി പൊലീസിൽ അറിയിക്കുന്നത്. തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി പരിശോധിച്ചപ്പോളാണ് ചാക്കുകളില്‍നിന്ന് മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. പിന്നീട് കൊല്ലപ്പെട്ടത് കൗശല്‍ പ്രസാദാണെന്ന് സ്ഥിരീകരിച്ചു. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹാവശിഷ്ടങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുനൽകുകയും ചെയ്തു.
പിന്നീട് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ക്രൂരമായ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. കാണാതായെന്ന് പറയപ്പെടുന്ന ദിവസം മല്ലേശ്വരം 18 ക്രോസില്‍നിന്ന് കൗശൽ പ്രസാദ് ഒരു വെള്ള മാരുതി സെന്നിൽ കയറിപോകുന്നതിന്റെ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. ഈ കാര്‍ എലേമല്ലപ്പ തടാകത്തിന് സമീപത്തേക്കാണ് പോയതെന്നും അന്വേഷണത്തില്‍ വ്യക്തമായി. കാർ ഏതാനും ദിവസം മുമ്പ് യൂസ്ഡ് കാർ ഡീലറിൽ നിന്ന് നവീന്‍കുമാർ വാങ്ങിയതാണെന്നും കണ്ടെത്തി.
തുടർന്ന് നവീൻ കുമാറിനെ ചോദ്യം ചെയ്തപ്പോളാണ് മകനെ കൊല്ലാൻ കേശവ പ്രസാദ് മൂന്നുലക്ഷം രൂപയുടെ ക്വേട്ടഷൻ നൽകിയതായി വെളിപ്പെട്ടത്. കേശവ പ്രസാദിന്റെ ഇളയ മകന്റെ സുഹൃത്തുക്കളാണ് അറസ്റ്റിലായ നവീൻ കുമാറും കേശവും. ഇരുവരും കൗശലിനെ കാറിൽ കയറ്റി എലേമല്ലപ്പ തടാകത്തിനരികിലേക്ക് കൊണ്ടുപോകുകയും ഉറക്കഗുളിക ചേർത്ത് മദ്യം നൽകുകയുമായിരുന്നു. അബോധാവസ്ഥയിലായ കൗശലിനെ പിന്നാലെ കഴുത്തറുത്ത് കൊന്നു. ഇതിനുശേഷം കൈകാലുകൾ വെട്ടിമാറ്റി മൃതദേഹം വെട്ടിനുറുക്കി മൂന്ന് ചാക്കുകളിലാക്കി തടാകത്തിൽ ഉപേക്ഷിക്കുകയുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.