ബംഗളൂരു: ബംഗളൂരു നമ്മ മെട്രോയുടെ ബൈയപ്പനഹള്ളി- മൈസൂരു റോഡ് പർപ്പിൾ ലൈനിലെ കെങ്കേരി വരെ ദീർഘിപ്പിച്ച പാതയിലൂടെയുള്ള സർവിസ് തിങ്കളാഴ്ച മുതൽ ആരംഭിച്ചു. ഞായറാഴ്ചയാണ് മൈസൂരു റോഡ്-കെങ്കേരി മെട്രോ പാത കേന്ദ്ര ഭവന-നഗരകാര്യ മന്ത്രി ഹർദീപ് സിങ് പുരി ഉദ്ഘാടനം ചെയ്തത്. കേരളത്തിൽനിന്ന് ഉൾപ്പെടെ മൈസൂരു ഭാഗത്തുനിന്നും ബംഗളൂരുവിലേക്ക് വരുന്നവർക്കും തിരിച്ചുപോകുന്നവർക്കും ഇനി നഗരത്തിലെ തിരക്കിൽപെടാതെ വേഗത്തിൽ യാത്ര സാധ്യമാകും.
രാജരാജേശ്വരി നഗർ, മൈസൂരു റോഡ് തുടങ്ങിയ സ്ഥലങ്ങളിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കി യാത്ര ചെയ്യാം. കേരളത്തിൽനിന്ന് വരുന്ന ബസുകൾ മൈസൂരു റോഡ് സാറ്റലൈറ്റ് ബസ് ടെർമിനലിൽനിന്നാണ് കൂടുതലായും പുറപ്പെടുന്നതും യാത്ര അവസാനിപ്പിക്കുന്നതും.
എന്നാൽ, സാറ്റലൈറ്റ് ബസ് ടെർമിനലിൽനിന്ന് ഒന്നര കിലോമീറ്റർ മാറിയുള്ള ദീപാഞ്ജലി മെട്രോ സ്റ്റേഷനായിരുന്നു ഇതുവരെ നഗരത്തിൽ വേഗത്തിലെത്താനുള്ള മാർഗം. േകരളത്തിൽനിന്ന് വരുന്ന ബസുകൾ സാറ്റലൈറ്റ് ബസ് ടെർമിനൽ എത്തുന്നതിന് മുമ്പായി ദീപാഞ്ജലി മെട്രോ സ്റ്റേഷന് സമീപം നിർത്താറുണ്ടെങ്കിലും പലപ്പോഴും ഗതാഗതക്കുരുക്കിനെ തുടർന്ന് ഇവിടെ നിർത്താൻ ബുദ്ധിമുട്ട് നേരിടാറുണ്ട്.
എന്നാൽ, ഇനിമുതൽ കേരളത്തിൽനിന്നും മൈസൂരു, കുടക് തുടങ്ങിയ ഭാഗങ്ങളിൽനിന്നും വരുന്നവർക്ക് തിരക്കിൽപെടാതെ കെങ്കേരിയിൽനിന്നും നേരെ മെട്രോയിൽ കയറി സമയം നഷ്ടമില്ലാതെ നഗരത്തിലെത്താനാകും.
ബംഗളൂരുവിൽനിന്നും േകരളത്തിലേക്ക് പോകുന്നവർക്കും ദീപാഞ്ജലി മെട്രോ സ്റ്റേഷനിലിറങ്ങി സാറ്റലൈറ്റ് ബസ് ടെർമിനലിലേക്ക് നടക്കാതെ കെങ്കേരി ബോർഡിങ് പോയൻറായി നൽകി മെട്രോ ട്രെയിനിൽ കെങ്കേരിയിൽ വന്നിറങ്ങി അവിടെനിന്നും എളുപ്പത്തിൽ ബസിൽ കയറാനാകും.
മൈസൂരു ഭാഗത്തുനിന്നും ട്രെയിനിൽ വരുന്നവർക്ക് ജ്ഞാനഭാരതി റെയിൽവേ സ്റ്റേഷനിലിറങ്ങിയാൽ സമീപത്തുള്ള ജ്ഞാനഭാരതി മെട്രോ സ്റ്റേഷനിൽനിന്നും നഗരത്തിലേക്ക് മെട്രോ ട്രെയിനിലെത്താനാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.