ന്യൂഡൽഹി: ഉത്തർപ്രദേശിൽ പെൺകുട്ടികൾക്ക് നേരെ നടക്കുന്ന അതിക്രമങ്ങൾക്കെതിരെ കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും. പെൺകുട്ടികളെ സംരക്ഷിക്കുന്നതിന് പകരം യു.പി സർക്കാർ കുറ്റവാളികളെ സംരക്ഷിക്കുകയാണെന്ന് രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി.
എങ്ങനെയായിരുന്നു തുടക്കം 'ബേട്ടി ബച്ചാവോ (പെൺകുട്ടികളെ രക്ഷിക്കൂ), ഇപ്പോൾ എങ്ങനെ പോകുന്നു 'കുറ്റവാളികളെ രക്ഷിക്കൂ' -പെൺകുട്ടിയെ ആക്രമിച്ചയാളെ ബി.ജെ.പി എം.എൽ.എ പൊലീസ് കസ്റ്റഡിയിൽനിന്ന് മോചിപ്പിച്ച പത്രവാർത്തയോടൊപ്പം രാഹുൽ ഗാന്ധി കുറിച്ചു. ബി.ജെ.പി എം.എൽ.എയും പാർട്ടി പ്രവർത്തകരും ചേർന്ന് പൊലീസ് സ്റ്റേഷനിൽ അതിക്രമിച്ച് കടക്കുകയും പ്രതിയെ മോചിപ്പിച്ച് കൊണ്ടുപോകുകയുമായിരുന്നു.
സംഭവത്തിെൻറ റിപ്പോർട്ടുകൾ പ്രിയങ്ക ഗാന്ധിയും ട്വിറ്ററിൽ ഷെയർ ചെയ്തു. സംസ്ഥാനത്തെ നീതിന്യായ വ്യവസ്ഥ തകർന്നടിഞ്ഞതായും പ്രിയങ്ക ഗാന്ധി പറഞ്ഞു. 'ഏത് പദ്ധതിയുടെ കീഴിലാണ് ഇത് സംഭവിക്കുന്നതെന്ന് യു.പി മുഖ്യമന്ത്രി പറഞ്ഞുതരാമോ? ബേട്ടി ബച്ചാവോ അല്ലെങ്കിൽ കുറ്റവാളികളെ രക്ഷിക്കൂ' -പ്രിയങ്ക ഗാന്ധി ട്വീറ്റ് ചെയ്തു.
ഹാഥറസ് സംഭവത്തിന് ശേഷം യു.പി സർക്കാറിനെതിരായ വിമർശനം കോൺഗ്രസ് ശക്തമാക്കിയിരുന്നു. ഹാഥറസിൽ 19കാരിയായ ദലിത് പെൺകുട്ടിയെ ഗ്രാമത്തിലെ മേൽജാതിക്കാർ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തുകയായിരുന്നു. പെൺകുട്ടിയുടെ മൃതദേഹം ബന്ധുക്കളുടെ അനുവാദമില്ലാതെ യു.പി പൊലീസ് സംസ്കരിച്ചതും വലിയ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. പെൺകുട്ടിയെ കുടുംബത്തെ സന്ദർശിക്കാനെത്തിയ രാഹുലിനെയും പ്രിയങ്കയെയും യു.പി പൊലീസ് തടയുകയും മർദ്ദിക്കുകയും ചെയ്തത് വലിയ പ്രതിഷേധങ്ങൾ ഉയർത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.