ബംഗളൂരു: വാസ്തുദോഷത്തിന്റെ പേരിൽ മുഖ്യമന്ത്രിയുടെ ഓഫിസിൽ അടച്ചിട്ട തെക്കേവാതിൽ തുറന്നു. ഏതാനും വർഷങ്ങളായി അടച്ചിട്ട വാതിൽ അടിയന്തരമായി തുറക്കാൻ ജീവനക്കാരോട് ആവശ്യപ്പെട്ട മുഖ്യമന്ത്രി സിദ്ധരാമയ്യ ആ വാതിലിലൂടെ അകത്തേക്കും പുറത്തേക്കും കടന്ന് മാതൃക കാട്ടുകയും ചെയ്തു.
വിധാൻ സൗധയുടെ മൂന്നാം നിലയിലെ ഓഫിസിൽ കോൺഗ്രസ് സർക്കാറിന്റെ അന്നഭാഗ്യ പദ്ധതിയുടെ അവലോകനത്തിനായി എത്തിയപ്പോഴായിരുന്നു സംഭവം. ഓഫിസിലെ തെക്കു ഭാഗത്തുള്ള വാതിൽ അടച്ചിട്ടതുകണ്ട് അത് എന്താണ് അടച്ചിട്ടിരിക്കുന്നതെന്ന് സിദ്ധരാമയ്യ ആരാഞ്ഞു.
കഴിഞ്ഞ ഏതാനും വർഷമായി വാസ്തുദോഷത്തിന്റെ പേരിൽ അടച്ചിട്ടിരിക്കുകയാണെന്നും മുഖ്യമന്ത്രിമാർ അതിലൂടെ കടക്കുന്നത് നല്ലതല്ലെന്നും ജീവനക്കാർ അറിയിച്ചു. കഴിഞ്ഞ ഭരണകാലങ്ങളിലെ ഏതാനും മുഖ്യമന്ത്രിമാരാണ് വാതിൽ അടച്ചിട്ടത്. ഇതോടെ വാതിൽ തുറക്കാൻ സിദ്ധരാമയ്യ ആവശ്യപ്പെടുകയായിരുന്നു. യോഗത്തിനായി തെക്കേ വാതിലിലൂടെ പ്രവേശിച്ച സിദ്ധരാമയ്യ യോഗശേഷം അതേ വാതിലിലൂടെത്തന്നെ പുറത്തിറങ്ങി.
യുക്തിവാദിയായി അറിയപ്പെടുന്ന സിദ്ധരാമയ്യ പിന്നീട് ഇതേക്കുറിച്ച് ട്വീറ്റും ചെയ്തു. ‘നിർമാണത്തിലെ ദോഷംകൊണ്ട് വിധാൻ സൗധയിലെ മുഖ്യമന്ത്രിയുടെ ഓഫിസിൽ കഴിഞ്ഞ അഞ്ചുവർഷമായി അടച്ചിട്ട തെക്കേ വാതിൽ തുറന്നു. അതിലൂടെ കയറിയിറങ്ങി. മുറിയിൽ നല്ല കാറ്റും വെളിച്ചവും കിട്ടുന്നതിനേക്കാൾ നല്ല വാസ്തു വേറെയില്ല. വാക്കും പ്രവൃത്തിയും ശുദ്ധമാണെങ്കിൽ എല്ലാം ശുഭമുഹൂർത്തമാണ്.
ജനങ്ങളുടെ അനുഗ്രഹം ഞങ്ങൾക്കുണ്ടാകും -സിദ്ധരാമയ്യ ട്വീറ്റിൽ പറഞ്ഞു. 2013 മുതൽ 2018 വരെ സിദ്ധരാമയ്യയായിരുന്നു മുഖ്യമന്ത്രി. 2018 മുതൽ 2019 വരെ സഖ്യ സർക്കാറിൽ എച്ച്.ഡി. കുമാരസ്വാമിയും 2019 മുതൽ ബി.ജെ.പി സർക്കാറിൽ ബി.എസ്. യെദിയൂരപ്പയും പിന്നീട് ബസവരാജ് ബൊമ്മൈയുമായിരുന്നു മുഖ്യമന്ത്രിമാർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.