കൊൽക്കത്ത: ഭവാനിപൂർ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് സുതാര്യമായി നടക്കില്ലെന്ന ആരോപണവുമായി ബി.ജെ.പി സ്ഥാനാർഥി അഡ്വ.പ്രിയങ്ക തിബ്രേവാൾ. പശ്ചിമബംഗാളിൽ ഭരണം നടത്തുന്ന തൃണമൂൽ കോൺഗ്രസ് അക്രമത്തെ പ്രോൽസിപ്പിക്കുന്നിടത്തോളം തെരഞ്ഞെടുപ്പ് സുതാര്യമാവില്ലെന്ന് അവർ പറഞ്ഞു. കാളിഘാട്ട് ക്ഷേത്രത്തിൽ സന്ദർശനം നടത്തിയതിന് ശേഷം പ്രതികരിക്കുകയായിരുന്നു അവർ.
കാളിദേവിയിൽ നിന്നും അനുഗ്രഹം വാങ്ങാനാണ് ഞാൻ ഇവിടെയെത്തിയത്. ജനങ്ങൾക്കായി എനിക്ക് നീതി നടപ്പാക്കണം. സംസ്ഥാന ഭരണകൂടം ബംഗാൾ ഭരണകൂടത്തോട് അനീതിയാണ് പ്രവർത്തിച്ചതെന്നും പ്രിയങ്ക പറഞ്ഞു. പശ്ചിമബംഗാളിലെ എല്ലാ ജനങ്ങളും വോട്ട് രേഖപ്പെടുത്താൻ എത്തണമെന്നും അവർ അഭ്യർഥിച്ചു.
ബബുൾ സുപ്രിയോയുടെ ലീഗൽ അഡ്വൈസറായിരുന്നു പ്രിയങ്ക. 2014ലാണ് ഇവർ ബി.ജെ.പിയിലെത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ബി.ജെ.പിയിൽ ചേരാൻ തനിക്ക് പ്രചോദനമായതെന്ന് പ്രിയങ്ക നേരത്തേ വ്യക്തമാക്കിയിരുന്നു. 2015ൽ ബി.ജെ.പി സ്ഥാനാർഥിയായി കൊൽക്കത്ത മുനിസിപ്പൽ കൗൺസലിലേക്ക് മത്സരിച്ചിരുന്നു. എന്നാൽ തൃണമൂൽ കോൺഗ്രസിന്റെ സ്വപൻ സമ്മാദാറിനോട് പരാജയപ്പെടുകയായിരുന്നു.
തുടർന്ന് ബി.ജെ.പിയുടെ നിരവധി നേതൃ സ്ഥാനങ്ങളുടെ ചുമതല ഇവർ വഹിച്ചു. 2020ആഗസ്റ്റിൽ ഭാരതീയ ജനത യുവ മോർച്ചയുടെ ബംഗാൾ വൈസ് പ്രസിഡന്‍റായി ചുമതലയേൽക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.