ചണ്ഡിഗഢ്: നിയമസഭയിൽ ചർച്ചക്കിടെ ഇറങ്ങിപ്പോകാതിരിക്കാൻ പ്രതിപക്ഷത്തെ പൂട്ടിയിടാൻ സ്പീക്കർക്ക് താക്കോലും പൂട്ടും നൽകിയ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനിന്റെ നടപടി ബഹളത്തിനിടയാക്കി. മാർച്ച് ഒന്നിന് ബജറ്റ് സമ്മേളനം ആരംഭിച്ചപ്പോൾ ഗവർണറുടെ പ്രസംഗം തടസ്സപ്പെടുത്തിയ പ്രതിപക്ഷ നടപടിയെ വിമർശിച്ചാണ് മാൻ പ്രസംഗം തുടങ്ങിയത്. വിഷയത്തെക്കുറിച്ച് സഭയിൽ ചർച്ച നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ആപ് അംഗങ്ങളുടെ അഭ്യർഥന പരിഗണിച്ച് ഗവർണറുടെ ചർച്ച തടസ്സപ്പെടുത്തിയതിനെക്കുറിച്ച് സ്പീക്കർ കുൽതർ സിങ് ചർച്ചക്ക് അനുമതി നൽകി. സമ്മേളനത്തിന്റെ തുടക്കത്തിൽ ചോദ്യോത്തരവേളയും ശൂന്യവേളയും നടത്തുകയെന്ന കീഴ്വഴക്കം ലംഘിച്ചായിരുന്നു സ്പീക്കറുടെ നടപടി. ചർച്ച തുടങ്ങുന്നതിന് മുമ്പാണ് താക്കോലും പൂട്ടും ഒരു കവറിലിട്ട് മുഖ്യമന്ത്രി സ്പീക്കർക്ക് കൈമാറിയത്. ചർച്ചക്കിടെ പ്രതിപക്ഷ അംഗങ്ങൾ ഇറങ്ങിപ്പോകാതിരിക്കാൻ സഭയുടെ വാതിൽ അകത്തുനിന്ന് പൂട്ടാനും അദ്ദേഹം സ്പീക്കറോട് ആവശ്യപ്പെട്ടു.
തങ്ങൾ ഒളിച്ചോടില്ലെന്ന് പ്രതിപക്ഷ നേതാവും കോൺഗ്രസ് അംഗവുമായ പ്രതാപ് സിങ് ബജ്വ മുഖ്യമന്ത്രിയോട് പറഞ്ഞു. എന്നാൽ, പ്രതിപക്ഷം ഇറങ്ങിപ്പോകുമെന്ന് മാൻ പറഞ്ഞതോടെ ഇരുവരും തമ്മിൽ ചൂടേറിയ വാഗ്വാദവും നടന്നു. അതേസമയം, മുഖ്യമന്ത്രി പൂട്ടും താക്കോലും നൽകിയത് പ്രതീകാത്മകമായാണെന്ന് സ്പീക്കർ വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.