ജയ്പുർ: ദിവസങ്ങൾ നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ എല്ലാവരെയും അമ്പരപ്പിച്ച് രാജസ്ഥാനിൽ ബി.ജെ.പി മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചു. പുതുമുഖവും ആദ്യ തവണ എം.എൽ.എയുമായ ഭജൻലാൽ ശർമയെ (56) നിയമസഭ കക്ഷി യോഗം മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തു. ദിയാകുമാരിയും പ്രേംചന്ദ് ഭൈരവയും ഉപമുഖ്യമന്ത്രിമാരാകും. വസുദേവ് ദേവ്നാനിയാണ് സ്പീക്കർ.
ആർ.എസ്.എസുമായി അടുത്ത ബന്ധമുള്ള ഭജൻലാൽ ശർമ, സൻഗനേർ മണ്ഡലത്തിൽനിന്ന് 48,081 വോട്ടിനാണ് ജയിച്ചത്. ഇദ്ദേഹം 20 വർഷമായി ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറിയാണ്.
മുഖ്യമന്ത്രി സ്ഥാനത്തിനായി കലാപക്കൊടി ഉയർത്തിയ വസുന്ധര രാജെയെ വെട്ടിയാണ് പുതിയ നേതാവിനെ തിരഞ്ഞെടുത്തത്. ഇത്തവണ ബി.ജെ.പി ജയിച്ച ഛത്തിസ്ഗഢ്, മധ്യപ്രദേശ് എന്നിവിടങ്ങളിലും പുതുമുഖങ്ങളെയാണ് ബി.ജെ.പി മുഖ്യമന്ത്രിമാരാക്കിയത്. ഇതേ തുറുപ്പുശീട്ട് പുറത്തെടുത്താണ് പാർട്ടി നേതൃത്വം വസുന്ധരയെ ഒഴിവാക്കിയത്.
മുൻ മുഖ്യമന്ത്രി കൂടിയായ വസുന്ധരയാണ് ഭജൻലാൽ ശർമയുടെ പേര് നിർദേശിച്ചതെന്നാണ് റിപ്പോർട്ട്. മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാൻ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന്റെ നേതൃത്വത്തിലുള്ള ബി.ജെ.പിയുടെ മൂന്നു നിരീക്ഷകർ ജയ്പുരിലെത്തിയിരുന്നു. രാജ്നാഥ് സിങ്ങാണ് മുഖ്യമന്ത്രിയെ തിരഞ്ഞെടുത്തത് മാധ്യമപ്രവർത്തകരെ അറിയിച്ചത്.
ബ്രാഹ്മണ വിഭാഗത്തിൽപ്പെടുന്ന ഭജൻലാൽ ശർമയെ മുഖ്യമന്ത്രിയാക്കുന്നതിലൂടെ സംസ്ഥാന ജനസംഖ്യയിൽ ഏഴു ശതമാനമുള്ള ബ്രാഹ്മണ സമുദായത്തിൽ കൂടുതൽ വേരുറപ്പിക്കുക എന്നതും ബി.ജെ.പി ലക്ഷ്യങ്ങളിലൊന്നാണ്.
ഉപമുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട ദിയാകുമാരി (51) രണ്ടാം തവണയാണ് എം.എൽ.എയാകുന്നത്. നിലവിൽ രാജ്സമന്ദിൽ നിന്നുള്ള ലോക്സഭാംഗമാണ്. ജയ്പുരിലെ വിദ്യാധർ നിയമസഭ മണ്ഡലത്തിൽനിന്ന് ഇത്തവണ ജയിച്ചത്. മറ്റൊരു ഉപമുഖ്യമന്ത്രിയായ പ്രേംചന്ദ് ഭൈരവ (54) ആദ്യ വട്ടമാണ് എം.എൽ.എയാകുന്നത്. ബി.ജെ.പിയിലെ ദലിത് നേതാക്കളിൽ പ്രമുഖനാണ് ഇദ്ദേഹം. സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ട വസുദേവ് ദേവ്നാനി (73) അഞ്ചാം തവണയാണ് എം.എൽ.എയാകുന്നത്.
കഴിഞ്ഞ ഒരാഴ്ചയായി ഛത്തീസ്ഗഢ്, മധ്യപ്രദേശ്, രാജസ്ഥാൻ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ കണ്ടെത്താനുള്ള തിരക്കിട്ട ചർച്ചകളിലായിരുന്നു ബി.ജെ.പി നേതൃത്വം. തിങ്കളാഴ്ചയാണ് മധ്യപ്രദേശിലെ മുഖ്യമന്ത്രിയുടെ കാര്യത്തിൽ തീരുമാനമായത്.
ആദ്യ ഒരുവർഷം മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് വസുന്ധര രംഗത്തുവന്നിരുന്നു. ഡൽഹിയിലെത്തി ദേശീയ നേതൃത്വത്തെ അവർ ഇക്കാര്യം അറിയിച്ചിരുന്നു. ഒരു വർഷം മുഖ്യമന്ത്രി പദത്തിലിരുന്ന ശേഷം സജീവ രാഷ്ട്രീയം വിടുമെന്നായിരുന്നു വസുന്ധര അറിയിച്ചിരുന്നു. എന്നാൽ സ്പീക്കറാക്കാമെന്ന ബി.ജെ.പിയുടെ ഒത്തുതീർപ്പിനും അവർ വഴങ്ങിയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.