ഡൽഹി: മൂക്കിലൂടെ ഒഴിക്കുന്ന കോവിഡ് വാക്സിന്റെ പരീക്ഷണങ്ങൾക്ക് അനുമതിതേടി ഹൈദരാബാദ് ആസ്ഥാനമായുള്ള ഭാരത് ബയോടെക്. അനുമതിക്കായി ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയ്ക്കാണ് (ഡിസിജിഐ) അപേക്ഷ നൽകിയത്. കുത്തിവയ്പ്പിനുപകരം മൂക്കിലൂടെയാണ് പുതിയ വാക്സിൻ നൽകുന്നത്. ഡിസിജിഐ ഇതുവരെ അപേക്ഷ അവലോകനം ചെയ്തിട്ടില്ല. ഏതൊരു വാക്സിനും സുരക്ഷിതവും കാര്യക്ഷമവുമായി അംഗീകരിക്കപ്പെടാൻ നടത്തുന്ന മൂന്ന് സെറ്റ് ക്ലിനിക്കൽ പഠനങ്ങളിൽ ആദ്യത്തേതിനാണ് ഭാരത് ബയോടെക് അനുമതി തേടിയത്.
നേരത്തേ ഭാരത് കമ്പനിയുടെ കോവിഡ് വാക്സിനായ കോവാക്സിന് അടിയന്തിര ഉപയോഗങ്ങൾക്ക് രാജ്യത്ത് അനുമതി നൽകിയിരുന്നു. ഉപയോഗിക്കാൻ എളുപ്പമെന്ന നിലയിൽ ജനപ്രിയമാണ് മൂക്കിലൂടെ നൽകുന്ന വാക്സിനുകൾ. ഒരു നാസൽ വാക്സിൻ (ഓരോ മൂക്കിലും ഒരു തുള്ളി ആവശ്യമാണ്) സിറിഞ്ചുകൾ പോലുള്ള മെഡിക്കൽ ഉപകരണങ്ങൾ ലാഭിക്കാനും ഓരോ വാക്സിനേഷനും എടുക്കുന്ന സമയം കുറയ്ക്കാനും സഹായിക്കും. സിംഗിൾ-ഡോസ് മരുന്നാണെന്നതും പുതിയ വേരിയൻറിന് അനുകൂല ഘടകമാണ്.
കോവാക്സിൻ ആസ്ട്രസെനിക്കയുടെ കോവിഷീൽഡ് എന്നിവയ്ക്ക് മസിലുകളിൽ രണ്ട് കുത്തിവയ്പ്പുകൾ ആവശ്യമാണെന്നതും മൂക്കിലൂടെ ഒഴിക്കുന്ന മരുന്നിന്ന് ആവശ്യക്കാർ വർധിക്കാൻ ഇടയാക്കും. അതേസമയം, കോവാക്സിനായുള്ള മൂന്നാം ഘട്ട പരീക്ഷണങ്ങൾ തുടരുകയാണ്. ഈ പഠനത്തിനായി 25,800 വോളന്‍റിയർമാരെ ചേർത്തിട്ടുണ്ടെന്ന് ഭാരത് ബയോടെക് അറിയിച്ചു. പ്രതിവർഷം 70 കോടി ഡോസുകൾ ഉൽപാദിപ്പിക്കുന്നതിന് നാല് ഉത്പാദനകേന്ദ്രങ്ങൾ കമ്പനി ഒരുക്കുന്നുണ്ട്. കോവാക്സിനും കോവിഷീൽഡും അടുത്ത ഏതാനും ആഴ്ചകൾക്കുള്ളിൽ പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷ.
വാക്സിൻ വിതരണ സംവിധാനം ഉറപ്പാക്കുന്നതിന് സർക്കാർ ഇന്ന് രണ്ടാമത്തെ ദേശീയ ഡ്രൈ റൺ നടത്തി. ഡോക്ടർമാർ, ആരോഗ്യ പ്രവർത്തകർ, പോലീസ് കമ്മ്യൂണിറ്റി ഹെൽത്ത് വർക്കർമാർ, ശുചിത്വ ഉദ്യോഗസ്ഥർ തുടങ്ങിയ മുൻനിര ജീവനക്കാർക്കാണ് ആദ്യഘട്ടത്തിൽ വാക്സിൻ നൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.