ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര തിങ്കളാഴ്ച സമാപിക്കും. ഞായറാഴ്ച രാവിലെ 10.45ഓടെ ശ്രീനഗറിലെ പന്താചൗക്കിൽ നിന്ന് പുനരാരംഭിച്ച യാത്രയിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നൂറു കണക്കിന് പ്രവർത്തകരാണ് അണിചേർന്നത്. എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും നിരവധി കോൺഗ്രസ് നേതാക്കളും രാഹുലിനൊപ്പമുണ്ടായിരുന്നു. ഏഴു കിലോമീറ്റർ പിന്നിട്ട കാൽനട യാത്ര സോൻവാറിലാണ് ആദ്യം എത്തിയത്. ഇവിടെ അൽപനേരം വിശ്രമിച്ചശേഷം യാത്ര പുനരാരംഭിച്ചു. തുടർന്ന് ലാൽചൗക്കിലേക്ക് പ്രവേശിച്ച രാഹുൽ ഗാന്ധി സിറ്റി സെന്ററിൽ ത്രിവർണ പതാക ഉയർത്തി. ലാൽചൗക്കിൽ ദേശീയ പതാക ഉയർത്താൻ ജമ്മു-കശ്മീർ ഭരണകൂടം അനുമതി നൽകിയിരുന്നതായി കോൺഗ്രസ് നേതാവ് ജയ്റാം രമേശ് പറഞ്ഞു. 75 വർഷങ്ങൾക്ക് മുമ്പ് രാഹുലിന്റെ മുത്തച്ഛൻ ജവഹർ ലാൽ നെഹ്റുവാണ് ആദ്യമായി ലാൽ ചൗക്കിൽ പതാക ഉയർത്തിയതെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. അതേസമയം രാഹുലിനൊപ്പം പി.ഡി.പി നേതാവും ജമ്മു-കശ്മീർ മുൻ മുഖ്യമന്ത്രിയുമായ മഹ്ബൂബ മുഫ്തി ഉൾപ്പെടെയുള്ള പ്രതിപക്ഷ കക്ഷിനേതാക്കളും സാമൂഹിക, സാംസ്കാരിക രംഗത്തെ നേതാക്കളുമുണ്ടായിരുന്നു.
സുരക്ഷ ഭീഷണി നിലനിൽക്കുന്നതിനാൽ ലാൽ ചൗക്കിലും പരിസരത്തും കനത്ത സുരക്ഷ ഒരുക്കിയിരുന്നു. ലാൽ ചൗക്കിൽ ദേശീയ പതാക ഉയർത്തിയശേഷം നഗരത്തിലെ ബൊളിവാർഡ് ഏരിയയിലെ നെഹ്റു പാർക്കിലേക്ക് യാത്ര പ്രവേശിച്ചു. തിങ്കളാഴ്ച സമാപന സമ്മേളനത്തോടനുബന്ധിച്ച് ശ്രീനഗറിലെ മൗലാന ആസാദ് റോഡിലെ കോൺഗ്രസ് ആസ്ഥാനത്ത് രാഹുൽ ദേശീയ പതാക ഉയർത്തും. ശ്രീനഗറിലെ ശേർ ഇ കശ്മീർ സ്റ്റേഡിയത്തിൽ നടക്കുന്ന സമാപന സമ്മേളനത്തിലേക്ക് 23 പ്രതിപക്ഷ പാർട്ടികളെ ക്ഷണിച്ചിട്ടുണ്ട്.
2022 സെപ്റ്റംബർ ഏഴിന് കന്യാകുമാരിയിൽ നിന്നാണ് യാത്ര ആരംഭിച്ചത്. 136 ദിവസം കൊണ്ട് 75 ജില്ലകളിലൂടെ 4,080 കിലോമീറ്റർ സഞ്ചരിച്ചാണ് യാത്ര തിങ്കളാഴ്ച ശ്രീനഗറിൽ സമാപിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.