ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രക്ക് വിമർശനവുമായി സുപ്രീംകോടതി മുൻ ജഡ്ജി മാർക്കണ്ഡേയ കട്ജു. ജോഡോ യാത്ര ഒരു പ്രഹസനം മാത്രമാണെന്നാണ് തന്‍റെ അഭിപ്രായമെന്നും യാത്രക്ക് ഒരു ഫലവും ഉണ്ടാവില്ലെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
'എന്‍റെ അഭിപ്രായത്തിൽ ഭാരത് ജോഡോ യാത്ര പ്രഹസനം മാത്രമാണ്. ഒരു ഫലവുമുണ്ടാവില്ല. നമ്മുടെ ആളുകൾ വലിയ തോതിൽ വർഗീയ-ജാതി അടിസ്ഥാനത്തിൽ ധ്രുവീകരിക്കപ്പെട്ടിരിക്കുന്നു. വോട്ട് ചെയ്യാൻ പോകുമ്പോൾ അവർ ജാതിയും മതവും മാത്രമേ കാണുന്നുള്ളൂ. തൊഴിലില്ലായ്മ, വിലക്കയറ്റം, ആരോഗ്യ സംരക്ഷണം തുടങ്ങിയ വിഷയങ്ങൾ അപ്രസക്തമാകുകയാണ്' -കട്ജു പറഞ്ഞു.
അതേസമയം, കട്ജുവിന്‍റെ അഭിപ്രായത്തെ നിരവധി പേരാണ് കമന്‍റുകളിൽ വിമർശിച്ച് രംഗത്തെത്തിയത്. ജനങ്ങളെ വർഗീയമായി ചേരിതിരിക്കുന്ന സർക്കാറിനെതിരെ പ്രതിപക്ഷം പിന്നെ എന്തുചെയ്യണമെന്നാണ് താങ്കൾ പറയുന്നത് എന്ന് ഒരാൾ ചോദിച്ചു.
കട്ജു ചൂണ്ടിക്കാണിച്ച സാഹചര്യങ്ങളെ ഇല്ലാതാക്കാൻ വേണ്ടി കൂടിയാണ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഭാരത് ജോഡോ യാത്ര നടത്തുന്നതെന്ന് മറ്റൊരാൾ ചൂണ്ടിക്കാട്ടുന്നു.
അതേസമയം, ജോഡോ യാത്ര കർണാടകയിലെ ബെള്ളാരിയിലാണ് ഇന്ന് പര്യടനം തുടങ്ങിയത്. കന്യാകുമാരിയിൽനിന്നാരംഭിച്ച ഭാരത് ജോഡോ യാത്രയുടെ 37ാം ദിനത്തിലാണ് 1000 കിലോമീറ്റർ പിന്നിട്ട് ബെള്ളാരി നഗരത്തിൽ പ്രവേശിച്ചത്. വ്യാഴാഴ്ച ചിത്രദുർഗ ജില്ലയിലായിരുന്നു യാത്ര. കർഷകരെ നേരിൽകണ്ട് അവരുടെ പ്രശ്നങ്ങൾ ചോദിച്ചറിഞ്ഞും പരാതികളും സങ്കടങ്ങളും കേട്ടുമായിരുന്നു രാഹുൽ ഗാന്ധിയുടെ യാത്ര.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.