നാഗർകോവിൽ: ബി.ജെ.പിക്കെതിരെ ഒരുമിച്ച് നിൽക്കേണ്ടത് കോൺഗ്രസിന്റെ മാത്രമല്ല, മുഴുവൻ പ്രതിപക്ഷത്തിന്റെയും ഉത്തരവാദിത്തമാണെന്ന് രാഹുൽ ഗാന്ധി. ഇത് പ്രതിപക്ഷ ഐക്യത്തിനും സഹായകമാകുമെങ്കിലും അതൊരു മഹത്തായ ദൗത്യമായിരിക്കും. രാജ്യം ഭരിക്കുന്ന ബി.ജെ.പി വിവിധ ഭരണഘടനാസ്ഥാപനങ്ങളെ ഉപയോഗിച്ച് എതിർക്കുന്നവരെ ഭീഷണിപ്പെടുത്തുമ്പോൾ അതിൽ ചിലർ അവരുടെ മുന്നിൽ കൈകൂപ്പി നിന്നിരിക്കാം. അങ്ങനെ നിൽക്കാൻ തന്നെ കിട്ടില്ലെന്നും രാഹുൽ പറഞ്ഞു. ഭാരത് ജോഡോ യാത്രയുടെ ഭാഗമായി തക്കല പുലിയൂർക്കുറിച്ചിയിൽ നടത്തിയ വാർത്തസമ്മേളനത്തിൽ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.
അനീതികൾ പൊതുജനമധ്യത്തിൽ വിളിച്ചുപറയുക തന്നെ ചെയ്യും. രാജ്യത്ത് രണ്ട് തരം കാഴ്ചപ്പാടുകളാണുള്ളത്. ഒന്ന് കാർക്കശ്യവും മറ്റൊന്ന് ബഹുസ്വരതയുമാണ്. കോൺഗ്രസ് ബഹുസ്വരതക്കൊപ്പമാണ്. ചോദ്യം ചെയ്യാൻ പറ്റാത്ത ഭരണമാണ് ഇന്ന് നടക്കുന്നത്. ചോദ്യം ചെയ്യേണ്ട മാധ്യമങ്ങൾ പോലും പ്രതിപക്ഷത്തോടൊപ്പമില്ല. കാരണം പല മാധ്യമങ്ങളും സമ്മർദത്തിലാണ്. അധികപേരും എതിർക്കാനും കുടുങ്ങാനും ആഗ്രഹിക്കുന്നില്ല.
ബി.ജെ.പിയും ആർ.എസ്.എസും പ്രചരിപ്പിക്കുന്ന വിദ്വേഷം ചെറുക്കലും ജനങ്ങളുമായി ബന്ധപ്പെടലുമാണ് പദയാത്രയുടെ ലക്ഷ്യം. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പ്രചാരണമോ ഇവിടങ്ങളിൽ പ്രത്യേക സന്ദേശം നൽകുകയോ അല്ല. ജനത്തെ വിഭജിച്ച് വിജയം കാണാം എന്ന ഭരണപക്ഷത്തിന്റെ കുതന്ത്രങ്ങൾ പൊതുജനങ്ങൾക്കിടയിലെത്തിക്കും.
ബി.ജെ.പി സർക്കാറുകൾ സ്ഥലങ്ങളുടെ പേരുകൾ മാറ്റുന്നതിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക്, മാനസികമായി പാപ്പരായതിനാൽ ജനശ്രദ്ധ തിരിക്കാനാണ് അവർ ഇത് ചെയ്യുന്നതെന്നായിരുന്നു പ്രതികരണം. ഭൂതകാലത്തിൽനിന്നുള്ള ഒന്നും അവരുടെ ഭാവിയെ രക്ഷിക്കാൻ പോകുന്നില്ല. മോദിക്ക് എന്തെങ്കിലും സന്ദേശം നൽകാനുണ്ടോ എന്ന ചോദ്യത്തിന് 'ഇല്ല എനിക്ക് അദ്ദേഹത്തിന് കൊടുക്കാൻ ഒരു സന്ദേശവും ഇല്ല'എന്നായിരുന്നു മറുപടി.
ജനഹൃദയങ്ങൾ കവർന്ന് ഭാരത് ജോഡോ യാത്ര
നാഗർകോവിൽ: വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും സംഘ്പരിവാർ രാഷ്ട്രീയത്തെ തുറന്നുകാട്ടിയും ജനഹൃദയങ്ങൾ കീഴടക്കിയും രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര മുന്നേറുന്നു. കടന്നുപോകുന്ന വഴിത്താരകളിൾ ഊഷ്മള സ്വീകരണമാണ് രാഹുൽ ഗാന്ധിക്ക് ലഭിക്കുന്നത്.
വ്യാഴാഴ്ച പുലർച്ചെ കോളജ് മൈതാനത്തുനിന്ന് തുടങ്ങി നാഗർകോവിൽ സ്കാട്ട് ക്രിസ്ത്യൻ കോളജിൽ സന്ധ്യയോടെ യാത്ര അവസാനിപ്പിച്ചു. സ്കൂളിലായിരുന്നു വ്യാഴാഴ്ചയിലെ ഉച്ച വിശ്രമം. പാതയോരങ്ങളിൽ പ്രിയ നേതാവിനെ കാത്തുനിൽക്കുന്നത് ആയിരങ്ങളാണ്. ഓട്ടോറിക്ഷ തൊഴിലാളികൾ, കർഷകർ, സർക്കാർ ജീവനക്കാർ, തൊഴിലാളികൾ, സ്ത്രീകൾ, കുട്ടികൾ, യുവാക്കൾ തുടങ്ങി സാധാരണക്കാരാണ് രാഹുലിനെ കാണാനും കേൾക്കാനും എത്തുന്നത്. എല്ലാവരെയും അഭിവാദ്യം ചെയ്തും കുശലം പറഞ്ഞും ഇളനീർ കഴിച്ചും ചായ കുടിച്ചും അവർ നൽകുന്ന സ്നേഹോപഹാരങ്ങൾ ഏറ്റുവാങ്ങിയുമാണ് രാഹുലിന്റെ യാത്ര. ശനിയാഴ്ചയും യാത്ര കന്യാകുമാരിയിൽ തുടരും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.