തമിഴർ ആമസോണിനെ പിന്തുണക്കില്ല, ഫാമിലി മാൻ സീസൺ ടു നിരോധിക്കണമെന്ന് ഭാരതി രാജയും

ചെന്നൈ: ഫാമിലി മാൻ സീസൺ ടു വെബ് സീരീസ് നിരോധിക്കണമെന്ന ആവശ്യവുമായി തമിഴ് സംവിധായകൻ ഭാരതി രാജ. ആമസോൺ പ്രൈമിൽ റിലീസ് ചെയ്ത സീരീസിൽ തമിഴ്, മുസ്ലിം, ബംഗാളി വിഭാഗങ്ങളെ മോശം രീതിയിലാണ് സീരീസിൽ അവതരിപ്പിച്ചിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

മന്ത്രിയുൾപ്പടെയുള്ള തമിഴർ ആവശ്യപ്പെട്ടിട്ടും സീരീസിന്‍റെ സ്ട്രീമിംഗ് നിർത്തുവാൻ കേന്ദ്ര സർക്കാർ ഉത്തരവ് നൽകാത്തതിൽ വിഷമമുണ്ട്. തമിഴ് ഈഴത്തിനു വേണ്ടിയുള്ള പോരാളികളുടെ ചരിത്രം അറിഞ്ഞു കൂടാത്തവരാണ് അണിയറപ്രവർത്തകർ. ഈഴത്തിന്‍റെ വീരവും ത്യാഗവും നിറഞ്ഞ കലാപത്തെ അപമാനിക്കുന്ന സീരീസിനെ താൻ ശക്തമായി അപലപിക്കുകയാണെന്നും ഭാരതിരാജ ട്വിറ്ററിൽ കുറിച്ചു.

ഉടൻ തന്നെ സീരീസിന്‍റെ സ്ട്രീമിംഗ് നിർത്തണമെന്ന് പ്രസ്താവന മുഖേന ഭാരതിരാജ കേന്ദ്ര വാർത്ത പ്രേക്ഷേപണ വകുപ്പ് മന്ത്രി പ്രകാശ് ജാവേദ്കറിനോടും ആവശ്യപ്പെട്ടു.

സീരീസ് തുടർന്നും സ്ട്രീം ചെയ്താൽ, ലോകമെമ്പാടുമുള്ള തമിഴർ ആമസോണിനെ പിന്തുണയ്ക്കുന്നത് അവസാനിപ്പിക്കുമെന്നും കമ്പനിയുമായി ബന്ധപ്പെട്ട എല്ലാ ബിസിനസ്സുകളും സേവനങ്ങളും ബഹിഷ്‌കരിക്കുമെന്നും ട്വിറ്ററിലൂടെ അദ്ദേഹം മുന്നറിയിപ്പ് നൽകി.

തമിഴ്‌നാട് സ്വദേശികളായ നെറ്റിസണുകളും രാഷ്ട്രീയക്കാരും സീരീസ് നിരോധിക്കണമെന്ന നേരത്തെ തന്നെ ആവശ്യമുയർത്തിയിരുന്നു. സീരീസിന്റെ റിലീസ് ചെയ്യുന്നതിന് മുൻപ് തന്നെ മെയ് 24 ന് തമിഴ്‌നാട് സർക്കാരും കേന്ദ്ര സർക്കാരിന് കത്തെഴുതിയിരുന്നു. വെബ് സീരീസ് "ഈഴം തമിഴരെ വളരെ ആക്ഷേപകരമായ രീതിയിൽ ചിത്രീകരിച്ചു" എന്നായിരുന്നു തമിഴ്‌നാട് സർക്കാർ പ്രസ്താവനയിലൂടെ അറിയിച്ചത്. സീരീസ് സ്ട്രീം ചെയ്യുന്നത് നിർത്തണമെന്ന് ആവശ്യപ്പെട്ട് നാം തമിഴർ കച്ചി നേതാവും സംവിധായകനുമായി സീമാൻ ആമസോൺ പ്രൈം വീഡിയോയുടെ ഇന്ത്യയിലെ മേധാവി അപർണ പുരോഹിന് കത്ത് നൽകിയിരുന്നു.

മനോജ് ബാജ്പേയ്, പ്രിയാമണി, സാമന്ത അക്കിനേനി എന്നിവരാണ് സിനിമയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. രാജ് നിധിമോരു, ഡി.കെ.കൃഷ്ണ എന്നിവരാണ് ഫാമിലി മാന്റെ സംവിധായകരും നിര്‍മാതാക്കളും.

Tags:    
News Summary - Bharathiraja demands ban on The Family Man 2

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.