കോയമ്പത്തൂർ: അധ്യാപക നിയമനത്തിന് 30 ലക്ഷം കൈക്കൂലി വാങ്ങിയ കേസിൽ ഭാരതിയാർ സർവകലാശാല വി.സി പ്രഫ. എ. ഗണപതിയെ സസ്പെൻഡ് ചെയ്ത് ഗവർണർ ബൻവാരിലാൽ പുരോഹിത് ഉത്തരവിട്ടു. ചൊവ്വാഴ്ച രാത്രി ഒമ്പതോടെ സസ്പെൻഡ് ചെയ്ത വിവരം രാജ്ഭവൻ വാർത്തക്കുറിപ്പിൽ അറിയിക്കുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട് സർക്കാറിനും ഗവർണർക്കും പൊലീസ് റിപ്പോർട്ട് അയച്ചിരുന്നു. ഇതിെൻറ അടിസ്ഥാനത്തിലാണ് സസ്പെൻഷൻ.
അതേസമയം, കേസിൽ റിമാൻഡിലായ വി.സി ഗണപതി, രസതന്ത്രം വിഭാഗം മേധാവി ധർമരാജൻ എന്നിവരുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വ്യാഴാഴ്ചയിലേക്ക് മാറ്റി. അന്വേഷണം പൂർത്തിയായിട്ടില്ലെന്നും റിപ്പോർട്ട് വ്യാഴാഴ്ച സമർപ്പിക്കാമെന്നും കേസ് പരിഗണിക്കുന്ന കോയമ്പത്തൂർ പ്രത്യേക വിജിലൻസ് കോടതിയിൽ ചൊവ്വാഴ്ച പ്രോസിക്യൂഷൻ ബോധിപ്പിച്ചു.
വി.സിയുടെ അറസ്റ്റും തുടർനടപടികളും സംസ്ഥാന ഭരണകക്ഷിയിൽ ആശങ്ക ഉയർത്തിയിട്ടുണ്ട്. മൂന്ന് മന്ത്രിമാർ, രാജ്ഭവനിലെ രണ്ട് ഉദ്യോഗസ്ഥർ ഉൾപ്പെടെ ഉന്നതർക്ക് സർവകലാശാലയിലെ അവിഹിത ഇടപാടുകളിൽ പങ്കുണ്ടെന്നാണ് സൂചന. ഇൗ സാഹചര്യത്തിൽ വിജിലൻസ് അന്വേഷണത്തിൽ മരവിപ്പ് പ്രകടമാണ്. വി.സി ഉൾപ്പെടെയുള്ളവരെ കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ് കോടതിയിൽ അപേക്ഷ നൽകിയിട്ടില്ല. തൽക്കാലം കസ്റ്റഡിയിലെടുക്കേെണ്ടന്നാണ് പൊലീസിന് മുകളിൽനിന്നുള്ള നിർദേശമെന്നറിയുന്നു.
കേസിൽ പ്രതിചേർക്കപ്പെട്ട വിദൂരപഠന കേന്ദ്രം ഡയറക്ടർ ആർ. മതിവാണൻ, തെളിവുകൾ നശിപ്പിച്ച കുറ്റത്തിന് പ്രതിചേർക്കപ്പെട്ട വി.സിയുടെ ഭാര്യ സ്വർണലത എന്നിവരുടെ അറസ്റ്റും രേഖെപ്പടുത്തിയിട്ടില്ല. മതിവാണനെ കേസിൽനിന്ന് ഒഴിവാക്കാനും നീക്കമുണ്ട്. ശക്തമായ നടപടികളുമായി പൊലീസ് മുന്നോട്ടുപോയാൽ ഭരണകേന്ദ്രങ്ങളുടെ പങ്ക് വിളിച്ചുപറയുമെന്ന് പ്രതികൾ ഭീഷണിപ്പെടുത്തിയതായി റിപ്പോർട്ടുണ്ട്.
മൂന്നുവർഷത്തിനിടെ ഗണപതി മുഖേന നിയമിക്കപ്പെട്ടവരിൽ 60 പേർ ഒാൺലൈൻ വഴിയാണ് കൈക്കൂലി തുക ൈകമാറിയതെന്ന് ഡയറക്ടറേറ്റ് ഒാഫ് വിജിലൻസ് ആൻഡ് ആൻറി കറപ്ഷൻ (ഡി.വി.എ.സി) അധികൃതർ കണ്ടെത്തി. ‘റിയൽ ടൈം ഗ്രോസ് സെറ്റിൽമെൻറ്’ ഒാൺലൈൻ ഏജൻസി മുഖേനയാണ് ഗണപതിയുമായി അടുപ്പമുള്ളവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് കോടികൾ മാറ്റിയിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട റിപ്പോർട്ട് സംസ്ഥാന സർക്കാറിനും ഗവർണർക്കും തിങ്കളാഴ്ച അയച്ചതായി ഡി.വി.എ.സി കേന്ദ്രങ്ങൾ വ്യക്തമാക്കി.
വി.സിയുടെ വീട്ടിൽനിന്ന് പൊലീസ് ഡയറി കണ്ടെടുത്തിരുന്നു. ഇദ്ദേഹത്തിെൻറ ഫോൺകാൾ ലിസ്റ്റും ശേഖരിച്ചു. വി.സിയുമായി അടുപ്പമുള്ള സർവകലാശാല ഉദ്യോഗസ്ഥൻ ചില ഫയലുകൾ തീവെച്ച് നശിപ്പിച്ചതായും റിപ്പോർട്ടുണ്ട്. കോടികൾ കൈക്കൂലി വാങ്ങിയെന്ന കേസുണ്ടായിട്ടും വി.സിയുടെ ഒൗദ്യോഗിക വസതിയിൽനിന്നോ തിരുച്ചിയിലെ സ്വന്തം വീട്ടിൽനിന്നോ പണം കണ്ടെത്താൻ പൊലീസിന് കഴിഞ്ഞിട്ടില്ല. തുടർന്ന് വി.സിയുടെ കുടുംബാംഗങ്ങളുടെയും അടുത്ത ബന്ധുക്കളുടെയും ബാങ്ക് അക്കൗണ്ടും ലോക്കറുകളും പരിശോധിക്കാൻ പൊലീസ് തീരുമാനിച്ചിരുന്നു. എന്നാൽ, മുകളിൽനിന്നുള്ള ഇടപെടൽ മൂലം കേസന്വേഷണം മന്ദഗതിയിലാണെന്ന് ആരോപണമുണ്ട്. അഴിമതി സി.ബി.െഎ അന്വേഷിക്കണമെന്നാണ് പ്രതിപക്ഷ കക്ഷികളുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.