ധർ (മധ്യപ്രദേശ്): മധ്യപ്രദേശിലെ ധറിൽ സ്ഥിതി ചെയ്യുന്ന പുരാതനമായ ഭോജ്ശാല കമാൽ മൗല മസ്ജിദ് അങ്കണത്തിൽ വിഗ്രഹം കണ്ടെടുത്തെന്ന അവകാശവാദവുമായി മേഖലയിലെ പ്രമുഖ ഹിന്ദുത്വ നേതാവ് രംഗത്ത്.
ഭോജ്ശാല മുക്തി യാഗ കൺവീനർ ഗോപാൽ ശർമയാണ് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എ.എസ്.ഐ) നടത്തുന്ന ഖനനത്തിൽ വിഗ്രഹസമാന വസ്തുക്കൾ കണ്ടെത്തിയതായി അവകാശപ്പെട്ടത്. അതേസമയം, ഇക്കാര്യം എ.എസ്.ഐ സ്ഥിരീകരിച്ചില്ല. ഗോപാൽ ശർമയുടെ പ്രസ്താവനക്കെതിരെ മസ്ജിദ് കമ്മിറ്റി രംഗത്തുവരികയും ചെയ്തു. നേരത്തേ, യു.പിയിലെ ഗ്യാൻവ്യാപി മാതൃകയിൽ കമാൽ മൗല മസ്ജിദിനും അവകാശവാദമുന്നയിച്ച് ഹിന്ദുത്വവാദികൾ രംഗത്തെത്തിയിരുന്നു. സരസ്വതി ദേവി ക്ഷേത്രമായിരുന്നു ഇതെന്നാണ് ഇവരുടെ അവകാശവാദം. വിഷയത്തിൽ ഇടപെട്ട മധ്യപ്രദേശ് ഹൈകോടതി മാർച്ച് 11ന് അങ്കണത്തിൽ ഖനനത്തിന് എ.എസ്.ഐയെ ചുമതലപ്പെടുത്തുകയായിരുന്നു.
അങ്കണത്തിന്റെ വടക്കുകിഴക്കൻ ഭാഗത്ത് വാസുകി നാഗരാജന്റെ കല്ലിൽ തീർത്ത വിഗ്രഹം കണ്ടെത്തിയെന്നാണ് ഗോപാൽ ശർമയുടെ വാദം. എന്നാൽ, സർവേയുള്ള പരിധിക്ക് പുറത്തുനിന്നുള്ള ഭാഗത്തുനിന്നാണ് വിഗ്രഹം കണ്ടെത്തിയെന്ന് പറയുന്നതെന്ന് കമാൽ മൗല വെൽഫെയർ പ്രസിഡന്റ് അബ്ദുൽ സമദ് പ്രതികരിച്ചു. അങ്കണത്തിന് സമീപത്തായി പഴയ കെട്ടിടത്തിന്റെ ഭാഗമായി ഒരു കുടിലുണ്ട്. അവിടെനിന്നാണ് വിഗ്രഹങ്ങൾ കണ്ടെത്തിയിരിക്കുന്നത്. ഇത് എങ്ങനെ വന്നുവെന്നത് ദുരൂഹമാണെന്നും അദ്ദേഹം തുടർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.