ഭുവനേശ്വർ: കോവിഡ് വാക്‌സിനേഷൻ നൂറ് ശതമാനം പൂർത്തിയാക്കിയ രാജ്യത്തെ ആദ്യ നഗരമായി ഒഡീഷയുടെ തലസ്ഥാനനഗരമായ ഭുവനേശ്വർ. മുഴുവൻ നഗരവാസികൾക്കുപുറമേ ഒരുലക്ഷം കുടിയേറ്റ തൊഴിലാളികൾക്കും വാക്സിൻ നൽകാനായെന്ന് ഭുവനേശ്വർ മുനിസിപ്പൽ കോർപറേഷൻ സൗത്ത്-ഈസ്റ്റ് സോണൽ ഡപ്യൂട്ടി കമ്മീഷണർ അൻഷുമാൻ രഥ് പറഞ്ഞു.
ജൂലൈ 31നകം കോർപറേഷനിലെ മുഴുവൻ പേരുടെയും വാക്‌സിനേഷൻ പൂർത്തിയാക്കണമെന്നായിരുന്നു അധികൃതരുടെ പദ്ധതി. ഇതിനിടയിൽ 18 വയസ്സിനു മുകളിലുള്ള 9,07,000 പേർക്ക് രണ്ടാം ഡോസ് വാക്‌സിനും നൽകി. ഇതിൽ 31,000 ആരോഗ്യ പ്രവർത്തകരും 33,000 കോവിഡ് മുന്നണിപ്പോരാളികളും 18നും 45നും ഇടയിൽ പ്രായമുള്ള 5,17,000 പേരും 45നു മുകളിൽ പ്രായമുള്ള 3,20,000 പേരും ഉൾപ്പെടും. ജൂലൈ 30നകം 18,35,000 ഡോസ് വാക്‌സിനുകളാണ് ആകെ നൽകിയതെന്ന് ഡെപ്യൂട്ടി കമ്മീഷണർ അറിയിച്ചു.
വാക്‌സിനേഷൻ കാമ്പയിൻ ഊർജിതമാക്കുന്നതിന്‍റെ ഭാഗമായി നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിലായി 55 വാക്‌സിനേഷൻ കേന്ദ്രങ്ങളും തുറന്നു. ഇതിൽ 30ഉം പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും സാമൂഹികകേന്ദ്രങ്ങളിലുമാണ് ആരംഭിച്ചത്. ഇതിനുപുറമേ പത്ത് സഞ്ചരിക്കുന്ന വാക്‌സിനേഷൻ കേന്ദ്രങ്ങളും ഒരുക്കി. പ്രായമായവർക്കും ഭിന്നശേഷിക്കാർക്കുമായി 15 സ്കൂളുകളിലും സൗകര്യമൊരുക്കിയിരുന്നു. വാക്‌സിനേഷൻ കാമ്പയിൻ വിജയമാക്കിയ പൊതുജനങ്ങൾക്ക് നന്ദി അറിയിക്കുന്നതായും അൻഷുമാൻ രഥ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.