ന്യൂഡൽഹി: കഴിഞ്ഞ പാർലമെന്റ് സമ്മേളനത്തിൽ ബി.എസ്.പിയിലെ ഡാനിഷ് അലിയെ ലോക്സഭയിൽ അധിക്ഷേപിച്ച ബി.ജെ.പി അംഗം രമേശ് ബിധുരി പ്രിവിലേജസ് കമ്മിറ്റിയിൽ മാപ്പുപറഞ്ഞു. ഇതോടെ, ഇതുസംബന്ധിച്ച വിഷയം അവസാനിക്കുന്നതായി സ്പീക്കർക്ക് കമ്മിറ്റി റിപ്പോർട്ട് നൽകുമെന്നാണ് സൂചന.
ഡാനിഷ് അലിയുടെയും ബിധുരിയുടെയും വാദമുഖങ്ങൾ പ്രിവിലേജസ് കമ്മിറ്റി വ്യാഴാഴ്ച വെവ്വേറെ കേട്ടിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അവമതിക്കുന്ന പരാമർശങ്ങൾ നടത്തി പ്രകോപനം സൃഷ്ടിച്ചുവെന്ന ബി.ജെ.പിയുടെ വാദഗതി ഡാനിഷ് അലി നിഷേധിച്ചു. ഡാനിഷ് അലിയെ അധിക്ഷേപിച്ച് സംസാരിച്ചതിൽ മാപ്പു പറഞ്ഞ രമേശ് ബിധുരി, മുതിർന്ന ബി.ജെ.പി നേതാവും പ്രതിരോധമന്ത്രിയുമായ രാജ്നാഥ്സിങ് ലോക്സഭയിൽ നേരത്തേ ഖേദപ്രകടനം നടത്തിയ കാര്യവും കമ്മിറ്റിയിൽ പറഞ്ഞു.
ഇത് മുൻനിർത്തി വിഷയം അവസാനിപ്പിക്കാനാണ് നീക്കം. സഭയിലും ബിധുരി മാപ്പുപറഞ്ഞേക്കും. അതേസമയം, ചോദ്യക്കോഴ വിഷയത്തിൽ തൃണമൂൽ കോൺഗ്രസിലെ മഹുവ മൊയ്ത്രയെ പുറത്താക്കണമെന്ന റിപ്പോർട്ട് എത്തിക്സ് കമ്മിറ്റി ഉടൻ ലോക്സഭയിൽ വെക്കും. റിപ്പോർട്ടിലെ ശിപാർശപ്രകാരം പുറത്താക്കൽ പ്രമേയം സഭയിൽ അവതരിപ്പിച്ചു പാസാക്കാനുള്ള ഒരുക്കത്തിലാണ് ഭരണപക്ഷം. ആദ്യ ദിവസംതന്നെ റിപ്പോർട്ട് സഭയിൽ വെക്കാൻ തീരുമാനിച്ചിരുന്നെങ്കിലും പിന്നീട് കാരണം പറയാതെ മാറ്റുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.