മുംബൈ: മഹാരാഷ്ട്ര ഉപരിസഭയായ ലെജിസ്ലേറ്റീവ് കൗൺസിലിലെ നാഗ്പൂർ ടീച്ചേഴ്സ് സീറ്റിൽ നടന്ന തെരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർഥിക്ക് തോൽവി. ഉദ്ധവ് താക്കറെയുടെ ശിവസേനയുടെ നേതൃത്വത്തിലുള്ള മഹാ വികാസ് അഘാഡി (എം.വി.എ) സ്ഥാനാർഥിക്കാണ് വിജയം.
എം.വി.എ സ്ഥാനാർഥിയായ സുധാകർ അബ്ദാലെ ബി.ജെ.പിയുടെ സ്വതന്ത്ര സ്ഥാനാർഥിയും നാഗ്പൂരിലെ സിറ്റിങ് എം.എൽ.സിയുമായ നാഗറാവു ഗാനറിനെ 7752 വോട്ടിനാണ് തോൽപ്പിച്ചത്. സുധാകർ അബ്ദാലെക്ക് 14,061 വോട്ട് ലഭിച്ചപ്പോൾ നാഗറാവുവിന് 6309 വോട്ട് മാത്രമാണ് ലഭിച്ചത്. കഴിഞ്ഞ വർഷങ്ങളിലെല്ലാം നാഗ്പൂരിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടത് ബി.ജെ.പി സ്ഥാനാർഥിയായിരുന്നു.
ആർ.എസ്.എസ് ആസ്ഥാനവും, കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരിയുടെയും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്‍റെയും തട്ടകവും കൂടിയായ നാഗ്പൂരിലെ എം.എൽ.സി സീറ്റ് നഷ്ടമായത് ബി.ജെ.പിക്ക് അപ്രതീക്ഷിത തിരിച്ചടിയായി.
മഹാരാഷ്ട്ര നിയമസഭയുടെ ഉപരിസഭയായ ലെജിസ്ലേറ്റീവ് കൗൺസിലിലെ അഞ്ച് ടീച്ചേഴ്സ് സീറ്റുകളിലാണ് തെരഞ്ഞെടുപ്പ് നടന്നത്. കൊങ്കൺ ഡിവിഷനിലെ ടീച്ചേഴ്സ് സീറ്റിൽ ബി.ജെ.പി സ്ഥാനാർഥിയാണ് വിജയിച്ചത്. ഇതുകൂടാതെ ഔറംഗബാദ്, അമരാവതി, നാസിക് എന്നിവിടങ്ങളിലെ ടീച്ചേഴ്സ് സീറ്റിലും തെരഞ്ഞെടുപ്പ് നടന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.