ന്യൂഡൽഹി: ലഡാക്കിലെ പാംഗോങ് തടാകക്കരയിൽ നിന്ന് പിന്മാറാൻ ഇന്ത്യ-ചൈന സൈനികതലത്തിൽ ധാരണയായെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് പാർലമെന്‍റിനെ അറിയിച്ചു. കിഴക്കൻ ലഡാക്കിൽ മാസങ്ങളായി തുടരുന്ന ഇന്ത്യ-ചൈന സംഘർഷം ലഘൂകരിക്കുന്നതിൽ നിർണായകമാണ് തീരുമാനം.
പാംഗോങിന്‍റെ തെക്ക്, വടക്ക് മേഖലകളിൽനിന്നും സേനകൾ പിൻമാറുന്ന കാര്യത്തിൽ ചൈനയുമായി നടത്തിയ ചർച്ചയിൽ ധാരണയായി. ധാരണയുടെ അടിസ്ഥാനത്തിൽ ഘട്ടംഘട്ടമായി ഇരു സേനകളും പ്രദേശത്തുനിന്നും പിൻവാങ്ങും. എന്നാൽ ചില പ്രശ്നങ്ങളിൽ കൂടി ധാരണയിലെത്താനുണ്ട്.
ലഡാക്കിൽ ചൈന ഏകപക്ഷീയ നീക്കമാണ് നടത്തിയത്. നിയന്ത്രണ രേഖയിൽ ചൈന വലിയ തോതിൽ സേനയെ വിന്യസിച്ചു. ഇന്ത്യയുടെ താൽപര്യങ്ങൾ സംരക്ഷിക്കാൻ ഇന്ത്യയും സേനാബലം ശക്തിപ്പെടുത്തി. ചൈനയുടെ നടപടി സമാധാനം തകർക്കുന്നതാണ്. സംഘർഷം ഒഴിവാക്കാനാണ് ഇന്ത്യ ശ്രമിക്കുന്നതെന്നും രാജ്നാഥ് സിങ് പറഞ്ഞു.
ചൈനക്ക് മുന്നിൽ വിട്ടുവീഴ്ച ചെയ്യുന്ന നിലപാട് ചർച്ചയിൽ ഇന്ത്യ സ്വീകരിച്ചിട്ടില്ല. വടക്ക്, തെക്ക് തീരത്ത് കഴിഞ്ഞ ഏപ്രിലിന് ശേഷം ഇരുഭാഗവും നടത്തിയ നിർമാണങ്ങൾ പൊളിച്ചുനീക്കി പഴയപടിയാക്കും. നയതന്ത്രതലത്തിലും സൈനികതലത്തിലും ധാരണയിലെത്തിയതിനാൽ സൈനിക പട്രോളിങ് പുനരാരംഭിക്കുമെന്നും രാജ്നാഥ് സിങ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.