ന്യൂഡൽഹി: അഞ്ചു സംസ്ഥാനങ്ങൾ ഇന്ത്യയുടെ പിന്നാക്കാവസ്ഥക്ക് കാരണമാകുന്നതായി നിതി ആയോഗ് സി.ഇ.ഒ അമിതാഭ് കാന്ത്. ഉത്തർപ്രദേശ്, ബിഹാർ, രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തിസ്ഗഢ് തുടങ്ങിയ സംസ്ഥാനങ്ങളാണ് ഇന്ത്യയുടെ വളർച്ചയെ പിന്നോട്ടു വലിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ തെക്കൻ സംസ്ഥാനങ്ങളും പടിഞ്ഞാറൻ സംസ്ഥാനങ്ങളും ത്വരിത വളർച്ചയിലാണ്. എന്നാൽ, കിഴക്കൻ സംസ്ഥാനങ്ങൾ സാമൂഹിക സൂചികയിൽ എത്രയോ പിറകിലാണെന്നും അദ്ദേഹം പറഞ്ഞു.
ജാമിയ മില്ലിയ സർവകലാശാലയിൽ നടന്ന ഖാൻ അബ്ദുൽ ഗഫാർ ഖാൻ അനുസ്മരണ പ്രഭാഷണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ വ്യാപാരസൗഹൃദ അന്തരീക്ഷം മെച്ചപ്പെടുത്താനായിട്ടുണ്ട്. എന്നാൽ, മാനവ വികസന സൂചികയില്‍ നമ്മൾ പിന്നിൽതന്നെയാണ്. 188 രാജ്യങ്ങളിൽ 131മതാണ് മാനവ വികസന സൂചികയിലെ നമ്മുടെ സ്ഥാനം. സാമൂഹിക, സാമ്പത്തിക അടിസ്ഥാനത്തിലാണ് ഇവ കണക്കാക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. സാമൂഹിക സൂചികയിൽ വളർച്ചയുണ്ടാക്കാൻ സർക്കാർ വിവിധതലങ്ങളിൽ പദ്ധതികൾ ആവിഷ്കരിച്ചതായും അദ്ദേഹം തുടർന്നു.
വിഭ്യാഭ്യാസ കാര്യത്തിലും ആരോഗ്യ രംഗത്തുമാണ് നമ്മൾ ഏറെ പിറകിൽ. അഞ്ചാം ക്ലാസിൽ പഠിക്കുന്ന മാതൃഭാഷ വായിക്കാൻപോലുമാകുന്നില്ല. ശിശുമരണ നിരക്ക് വളരെ ഉയരത്തിലും. ഇൗ വിഷയങ്ങളിൽ മെച്ചപ്പെടാനായില്ലെങ്കിൽ സ്ഥിരതയോടെയുള്ള വളർച്ച പ്രയാസകരമായിരിക്കും. സ്ത്രീശാക്തീകരണത്തിന് രാജ്യം കൂടുതൽ ഉൗന്നൽ നൽകേണ്ട സമയം അതിക്രമിച്ചതായും അദ്ദേഹം തുടർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.