ന്യൂഡൽഹി: അഗ്നിപഥിനെതിരെ ബിഹാർ കത്തിക്കൊണ്ടിരിക്കുമ്പോൾ മുഖ്യമന്ത്രി നിതീഷ് കുമാറിന്‍റെ ജനതാദൾ യുനൈറ്റഡും സഖ്യകക്ഷി ബി.ജെ.പിയും തമ്മിൽ ഏറ്റുമുട്ടുകയാണെന്ന് രാഷ്ട്രീയതന്ത്രജ്ഞൻ പ്രശാന്ത് കിഷോർ.
അഗ്നിപഥിനെതിരെ സമരമാണ് വേണ്ടതെന്നും അക്രമവും അട്ടിമറിയുമല്ലെന്നും കിഷോർ പറഞ്ഞു. ബിഹാർ കത്തിക്കൊണ്ടിരിക്കുമ്പോൽ ഇരു പാർട്ടികളിലെയും നേതാക്കൾ ഏറ്റുമുട്ടി കൊണ്ടിരിക്കുകയാണ്. പ്രശ്നം പരിഹരിക്കുന്നതിന് പകരം ഇരുവരും പരസ്പരം പഴിചാരുകയാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
ബിഹാറിലെ ബി.ജെ.പി അധ്യക്ഷന്‍ സഞ്ജയ് ജയ്‌സ്വാളിന്‍റെ വീട് പ്രതിഷേധക്കാർ അടിച്ചു തകർത്തിരുന്നു. ഇതിനെതിരെ സംസ്ഥാനത്തെ അക്രമാസക്തമായ പ്രതിഷേധങ്ങൾ തടയാൻ സർക്കാരിന് സാധിച്ചില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ബിഹാർ ഉപമുഖ്യമന്ത്രി രേണുദേവിയുടെ വീടും നിരവധി ബി.ജെ.പി ഓഫീസുകളും പ്രതിഷേധക്കാർ അടിച്ചുതകർത്തിരുന്നു.
ഞങ്ങൾ അഗ്നിശമന സേനയെ വിളിച്ചപ്പോൾ പ്രാദേശിക അഡ്മിനിസ്ട്രേഷൻ ഓഫീസർ അനുവദിച്ചാൽ മാത്രമേ ഫയർ ട്രക്കുകൾ പറഞ്ഞയക്കൂ എന്നാണ് അവർ മറുപടി നൽകിയത്. ഞങ്ങൾ സംസ്ഥാന സർക്കാരിന്‍റെ ഭാഗമാണ്. എന്നാൽ ഇത്തരമൊരു സംഭവം ബിഹാറിലല്ലാതെ രാജ്യത്ത് മറ്റൊരിടത്തും സംഭവിക്കില്ലെന്നും ജയ്സ്വാൾ കുറ്റപ്പെടുത്തി.
എന്നാൽ പ്രതിഷേധങ്ങളുടെ പേരിൽ ജെ.ഡി.യുവിനെ ബി.ജെ.പി അനാവശ്യമായി കുറ്റപ്പെടുത്തുകയാണെന്ന് ജെ.ഡി.യു എം.പി രാജീവ് രഞ്ജൻ ആരോപിച്ചു. കേന്ദ്ര സർക്കാർ ഒരു തീരുമാനമെടുത്തു. മറ്റ് സംസ്ഥാനങ്ങളിലും പ്രതിഷേധമുണ്ട്. യുവാക്കൾക്ക് അവരുടെ ഭാവിയെക്കുറിച്ച് ആശങ്കയുള്ളതിനാലാണ് അവർ പ്രതിഷേധമാരംഭിച്ചതെന്ന് എം.പി പറഞ്ഞു. അക്രമമല്ല പ്രതിഷേധിക്കാനുള്ള വഴിയെന്നും അക്രമത്തെ ഒരിക്കലും അംഗീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഉത്തർപ്രദേശ്, തെലങ്കാന, ബിഹാർ എന്നിവിടങ്ങളിൽ അഗ്നിപഥിനെതിരായ പ്രതിഷേധം രൂക്ഷമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.