ന്യൂഡൽഹി: ഭൂമി കുംഭകോണക്കേസിൽ ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവ് ഡൽഹി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുമ്പാകെ ചോദ്യം ചെയ്യലിന് ഹാജരായി. ഡൽഹിയിലെ ഇ.ഡി ആസ്ഥാനത്ത് രാവിലെ 10.53 ഓടെ തേജസ്വി എത്തിയിരുന്നു. ഈമാസം ആദ്യം കേസിൽ ഇ.ഡി തേജസ്വിക്ക് സമൻസ് അയച്ചിരുന്നു.
നേരത്തെ സി.ബി.ഐയും തേജസ്വിയെ ഭൂമി കുംഭകോണക്കേസിൽ ചോദ്യം ചെയ്തിരുന്നു. കേസിൽ തേജസ്വിയെ കൂടാതെ സഹോദരിയും രാജ്യ സഭാ എം.പിയുമായ മിസ ഭാരതിയെയും ഇ.ഡി ചോദ്യം ചെയ്തു.
മാർച്ചിൽ തേജസ്വിയുമായി ബന്ധപ്പെട്ട ഡൽഹി, മുംബൈ, പാട്ന, റാഞ്ചി എന്നിവിടങ്ങളിൽ നടത്തിയ റെയ്ഡിൽ കണക്കിൽ പെടാത്ത ഒരു കോടി രൂപയും 1900 ഡോളറും 540 ഗ്രാം സ്വർണവും 1.5 കിലോ സ്വർണാഭരണങ്ങളും മറ്റ് രേഖകളും ലഭിച്ചിട്ടുണ്ടെന്ന് ഇ.ഡി അവകാശപ്പെട്ടിരുന്നു.
പാട്നയിലും മറ്റിടങ്ങളിലും കണ്ണായ ഇടങ്ങളിൽ സ്ഥലം ഉണ്ടെന്നും ഇത് യുവാക്കൾക്ക് റെയിൽവേയിൽ ജോലി നൽകിയതിന് പകരം കൈക്കൂലിയായി ലാലുവിന്റെ കുടുംബത്തിന് ലഭിച്ചതാണെന്നും ഇ.ഡി ആരോപിക്കുന്നു.
ലാലു പ്രസാദ് യാദവ് കേന്ദ്ര റെയിൽവേ മന്ത്രിയായിരിക്കെ, ഭൂമി കൈക്കൂലിയായി കൈപ്പറ്റി നിരവധി പേർക്ക് റെയിൽവേയിൽ ജോലി ശരിയാക്കി നൽകിയെന്നാണ് കേസ്. കേസിൽ ലാലു പ്രസാദ് യാദവിനൊപ്പം ഭാര്യയും മുൻ ബിഹാർ മുഖ്യമന്ത്രിയുമായ റാബ്രി ദേവി, മക്കളായ മിസ ഭാരതി, ഹേമ യാദവ് എന്നിവരും പ്രതികളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.