ന്യൂഡൽഹി: നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ പെട്ടന്നൊരു ദിവസം കോടികൾ നിക്ഷേപമായെത്തിയാൽ എന്തുെചയ്യും? ബിഹാറിലെ ഒരു കർഷകന് തന്‍റെ പെൻഷൻ അക്കൗണ്ടിൽ എത്തിയത് 52 കോടി രൂപയായിരുന്നു. അക്കൗണ്ട് ബാലൻസ് കണ്ട് ഞെട്ടിയെങ്കിലും 'ഈ തുകയിൽ നിന്ന് കുറച്ച് ഞങ്ങൾക്ക് നൽകണം, ജീവിതകാലം മുഴുവൻ സന്തോഷമായി ജീവിച്ചോളാം' എന്നാണ് സർക്കാറിനോട് ഈ കർഷകന്‍റെ അഭ്യർഥന.
മുസഫർപുർ ജില്ലയിലെ കാത്തിഹാർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഗ്രാമവാസിയാണ് രാം ബഹദൂർ ഷാ. തന്‍റെ പെൻഷൻ തുക പരിശോധിക്കാൻ തൊട്ടടുത്ത കസ്റ്റമൻ സർവിസ് പോയിന്‍റിൽ എത്തിയതായിരുന്നു ഈ കർഷകൻ. ആധാർ കാർഡും കൈയടയാളവും നൽകിയതോടെ ബാങ്ക് ബാലൻസ് കണ്ട് ബഹദൂർ ഷായും സി.എസ്.പി ഓഫിസറും ഒരേപോലെ െഞട്ടി. 52കോടി രൂപയായിരുന്നു അക്കൗണ്ട് ബാലൻസ്.
തുക കേട്ടതോടെ ഞെട്ടിപ്പോയെന്നും എവിടെനിന്നാണ് ഈ തുക അക്കൗണ്ടിലെത്തിയതെന്ന് അറിയില്ലെന്നും വൃദ്ധൻ പറയുന്നു. 'ഞങ്ങളുടെ ജീവിതം കൃഷിക്കായി സമർപ്പിച്ചു. എനിക്ക് സർക്കാരിനോടുള്ള അഭ്യർഥന ഈ തുകയിൽ കുറച്ച് ഞങ്ങൾക്ക് നൽകണം, ജീവിതകാലം മുഴുവൻ സന്തോഷമായി ജീവിച്ചോളാം' -ബഹദൂർ ഷാ പറയുന്നു.
തന്‍റെ പിതാവിന്‍റെ അക്കൗണ്ടിൽ 52 കോടിയിലധികം രൂപ നിക്ഷേപമായെത്തിയതായി സുജിത് കുമാർ ഗുപ്തയും പറഞ്ഞു. 'ഈ തുക എത്തിയതിൽ ആശങ്കയുണ്ട്. എങ്കിലും ഞങ്ങളൊരു കർഷക കുടുംബവും പാവപ്പെട്ടവരുമായതിനാൽ കുറച്ചുതുക ഞങ്ങൾക്ക് നൽകണമെന്നാണ് സർക്കാരിനോടുള്ള അഭ്യർഥന' -സുജിത് കുമാർ ഗുപ്ത പറഞ്ഞു.
സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. 'പ്രാദേശിക അധികാരികളെ വിവരം അറിയിച്ചിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. കർഷകന്‍റെ പെൻഷൻ അക്കൗണ്ടുള്ള ബാങ്കിലെ ഓഫിസറെ ചോദ്യം ചെയ്യുകയും ചെയ്യും' -സബ് ഇൻസ്പെക്ടർ മനോജ് പണ്ഡേർ പറഞ്ഞു.
ബിഹാറിലെ ജനങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ ആദ്യമായല്ല വൻതുക ഇത്തരത്തിൽ നിക്ഷേപിക്കുന്നത്. കാത്തിഹാർ ജില്ലയിലെ രണ്ടു സ്കൂൾ വിദ്യാർഥികളുടെ അക്കൗണ്ടിലേക്ക് 900 കോടി രൂപ എത്തിയിരുന്നു. കൂടാതെ കഗാരിയ സ്വദേശിയുടെ അക്കൗണ്ടിൽ 1.16ലക്ഷം രൂപയും നിക്ഷേപമായെത്തിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സാമ്പത്തിക സഹായം ലഭിച്ചതാണെന്ന് ചൂണ്ടിക്കാട്ടി തുക തിരിച്ചുനൽകാൻ ഇയാൾ വിസമ്മതിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.