ഹോട്ടലിൽ മദ്യം തിരഞ്ഞെത്തിയ പൊലീസ്​ നവവധുവിന്‍റെ മുറിയിൽ കയറി; ബിഹാറിൽ വിവാദം

പട്​ന: മദ്യനിരോധനം നടപ്പാക്കിയ സംസ്​ഥാനമാണെങ്കിലും അടുത്തിടെ നിരവധി വ്യാജമദ്യ ദുരന്തങ്ങൾ നടന്നത്​ ബിഹാറിന്​ നാണക്കേടായിരുന്നു. തുടർന്നള അവ​ലോകന യോഗത്തിൽ മദ്യനിരോധന നിയമം ലംഘിക്കുന്നവർക്കെതിരെ കടുത്ത നടപടിയെടുക്കാൻ മുഖ്യമന്ത്രി നിതീഷ്​ കുമാർ ഉദ്യോഗസ്​ഥർക്ക്​ നിർദേശം നൽകിയിരുന്നു.

മുഖ്യമന്ത്രിയുടെ നിർദേശത്തിന്​ പിന്നാലെ തലസ്​ഥാന നഗരമായ പട്​നയിലെയും മറ്റും ഹോട്ടലുകളിലും ഭക്ഷണശാലകളിലും പൊലീസ്​ തെരച്ചിൽ വ്യാപകമാക്കി. എന്നാൽ പട്​നയിൽ റെയ്​ഡിനിടെ നവവധുവിന്‍റെ മുറിയിലേക്ക്​ വനിത ഉദ്യോഗസ്​ഥരില്ലാതെ പൊലീസ്​ കടന്നുചെന്ന സംഭവം വൻ വിവാദമായി മാറി.

മര്യാദ ലംഘിച്ച്​ യുവതിയുടെ സ്വകാര്യതയിലേക്ക്​ കടന്നുചെന്ന പൊലീസിന്‍റെ നടപടിയെ മുൻ മുഖ്യമന്ത്രി റാബ്​റി ദേവി രൂക്ഷമായി വിമർശിച്ചു. ബിഹാറിൽ മദ്യ വിൽപന തടയുന്നതിന് പകരം നിരപരാധികളെ ദ്രോഹിക്കുന്ന തിരക്കിലാണ് ​പൊലീസെന്നും റാബ്​റി പറഞ്ഞു.

സംസ്ഥാനത്തെ മദ്യമാഫിയക്കൊപ്പം സർക്കാർ കൈകോർക്കുകയാണെന്ന് ആരോപിച്ച മുൻ മുഖ്യമന്ത്രി അവിശുദ്ധ കൂട്ടുകെട്ട് തകർക്കുന്നതിന് പകരം നിരപരാധികളായ പൗരന്മാരെ പീഡിപ്പിക്കുകയാണ് പൊലീസെന്നും അവർ ആരോപിച്ചു.

റാബ്​റിയുടെ മകനും പ്രതിപക്ഷ നേതാവുമായ തേജസ്വി യാദവും വിഷയത്തിൽ സർക്കാറിനെ വിമർശിച്ച്​ രംഗത്തെത്തി. മദ്യം നിരോധനം കടലാസിൽ മാത്രമാണെന്നും സംസ്ഥാനത്ത് മദ്യം സുലഭമാണെന്നും പ്രതിപക്ഷം ആരോപിക്കുന്നു.

മദ്യനിരോധനം പിൻവലിക്കുന്ന കാര്യം സർക്കാർ പരിഗണിക്കണമെന്ന് ബിഹാർ കോൺഗ്രസ് അധ്യക്ഷൻ മദൻ മോഹൻ ഝാ അടുത്തിടെ പറഞ്ഞിരുന്നു. മദ്യനിരോധനം വിജയകരമാക്കാൻ എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും ഉത്തരവാദിത്തമുണ്ടെന്നും എന്നാൽ നിരോധനം കൃത്യമായി നടപ്പാക്കാൻ സർക്കാരിന് കഴിയുന്നില്ലെങ്കിൽ കാർഷിക നിയമങ്ങൾ പിൻവലിക്കുന്നത് പോലെ മുഖ്യമന്ത്രി നിതീഷ് മദ്യ നിരോധനവും പിൻവലിക്കണമെന്നും ഝാ പറഞ്ഞു.

Tags:    
News Summary - Bihar Police Enter Bride's Hotel Room during Raid to Recover Alcohol Opposition Slams Nitish Kumar Govt

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.