Sudhir Chaudhary

സുധീർ ചൗധരി

'വിവാദ അവതാരകൻ' സുധീർ ചൗധരി ഡി.ഡി ന്യൂസിലേക്ക്; ​പ്രസാർ ഭാരതി കരാർ ഉറപ്പിച്ചത് 15 കോടിയുടെ വാർഷിക പാക്കേജിൽ

ന്യൂഡൽഹി: വിവാദ അവതാരകൻ സുധീർ ചൗധരി പ്രസാർ ഭാരതിയുടെ കീഴിലുള്ള ഡി.ഡി ന്യൂസിലേക്ക്. ഡി.ഡി ന്യൂസിന്റെ പ്രതിദിന ഷോയുടെ അവതാരകനാകാൻ സുധീർ ചൗധരി പ്രസാർ ഭാരതി ബോർഡുമായി കരാർ ഒപ്പുവെച്ചു. ആഴ്ചയിൽ അഞ്ചുദിവസം എന്ന തോതിൽ 260 ദിവസം സുധീർ ഷോ അവതരിപ്പിക്കും. ഒരു മണിക്കൂറായിരിക്കും ഷോയുടെ ദൈർഘ്യം. ജി.എസ്.ടി ഉൾപ്പെടെ 15 കോടിയുടെ വാർഷിക പാക്കേജിലാണ് നിയമനം. സുധീർ ചൗധരിയുടെ നേതൃത്വത്തിലുള്ള എസ്പ്രീത് പ്രൊഡക്ഷൻസ് എന്ന സ്ഥാപനവുമായാണ് ദൂരദർശൻ കരാർ ഒപ്പുവെച്ചത്.

മേയ് മുതലാണ് ഷോ  സംപ്രേഷണം ചെയ്യുക.  സുധീർ ചൗധരിയുടെ എൻട്രി വഴി ഡി.ഡി ന്യൂസിനെ സ്വകാര്യ ചാനലാക്കി മാറ്റാനുള്ള ശ്രമങ്ങ​ളാണ് നടക്കുന്നത് എന്നും അഭ്യൂഹമുയർന്നിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഏപ്രിലിൽ ഡിഡി ന്യൂസിന്‍റെ ചുവപ്പ് നിറത്തിലുള്ള ലോഗോ മാറ്റി കാവി നിറത്തിലുള്ള ലോഗോ ആക്കിയിരുന്നു. ന്യൂസ് എന്ന ഹിന്ദിയിലുള്ള എഴുത്തും കാവിനിറത്തിലാക്കിയിരുന്നു.

ആജ് തക്കിലെ ബ്ലാക്ക് ആൻഡ് വൈറ്റ് ഷോയുടെ അവതാരകനായിരുന്നു സുധീർ ചൗധരി. 2022ൽ സീ ന്യൂസിൽ നിന്ന് രാജിവെച്ചാണ് സുധീർ ആജ് തക്കിലെത്തിയത്. സീ ന്യൂസിന്റെ മീഡിയ എഡിറ്റർ ഇൻ ചീഫും സി.ഇ.ഒയുമായിരുന്നു.

എന്നും വിവാദങ്ങളുടെ തോഴനാണ് സുധീർ ചൗധരി. വ്യാജവാർത്തക്കും അഴിമതി നടത്തിയതിനും രണ്ടുതവണ ജയിലിൽ കിടന്നിട്ടുണ്ട്. 2008ല്‍ സ്‌കൂള്‍ പെണ്‍കുട്ടികളെ വേശ്യാവൃത്തിക്ക് നിയോഗിച്ചുവെന്നാരോപിച്ച് സ്‌കൂള്‍ അധ്യാപികയ്ക്കെതിരെ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചതിന് സുധീര്‍ ചൗധരി അറസ്റ്റിലായി. ആ സമയം ലൈവ് ഇന്ത്യ ചാനല്‍ എഡിറ്ററായിരുന്നു ഇയാൾ. സുധീറിന്റെ അറസ്റ്റിനെ തുടർന്ന് ചാനൽ തൽകാലത്തേക്ക് അടച്ചുപൂട്ടി.

2012ൽ കൽക്കരി തട്ടിപ്പ് കേസിലെ പങ്ക് മറച്ചുവെക്കാമെന്ന് പറഞ്ഞ് ജിൻഡാൽ ഗ്രൂപ്പിൽനിന്ന് 100 കോടി ആവശ്യപ്പെട്ട കേസിൽ വീണ്ടും ജയിലിലായി. അപ്പോൾ സീ ന്യൂസിലായിരുന്നു സുധീർ. ഈ കേസിൽ സുധീർ ചൗധരിക്കൊപ്പം സീ ന്യൂസ് ബിസിനസ് എഡിറ്റർ സമീർ അലുവാലിയയും തിഹാർ ജയിലിലായി. ജിന്‍ഡാല്‍ ഗ്രൂപ്പ് മേധാവി നവീന്‍ ജിന്‍ഡാല്‍ നല്‍കിയ പരാതിയിലായിരുന്നു ഡല്‍ഹി പോലീസ് കേസെടുത്തത്. സീ ഗ്രൂപ്പിന്റെ സുഭാഷ് ചന്ദ്രയെയും ഈ കേസില്‍ ഡല്‍ഹി പൊലീസ് ചോദ്യം ചെയ്തിരുന്നു. ഇന്ത്യ ടുഡെയിലും ജോലി ചെയ്തിട്ടുണ്ട് സുധീർ ചൗധരി. പ്രധാനമന്ത്രി നരേന്ദ്രമോദി സുധീർ ചൗധരിക്ക് പലതവണ അഭിമുഖം അനുവദിച്ചിട്ടുണ്ട്.

2023 സെപ്തംബറിൽ ഒരു ഷോയിലൂടെ 'സാമുദായിക സൗഹാർദം തകർക്കാൻ ഗൂഢാലോചന നടത്തിയതിന് ബംഗളൂരു പൊലീസ് ഇയാൾക്കെതിശര കേസെടുത്തിരുന്നു. ന്യൂനപക്ഷ, പട്ടിക ജാതി-പട്ടിക വർഗ, പിന്നാക്ക വിഭാഗക്കാരായ തൊഴിൽ രഹിതർക്ക് കൊമേഴ്സ്യൽ വാഹനങ്ങൾ വാങ്ങാൻ മൂന്നു ലക്ഷം രൂപ വരെ സബ്സിഡി നൽകുന്ന പദ്ധതിയിൽ ഹിന്ദുക്കളെ ഉൾപ്പെടുത്തിയില്ലെന്നാണ് ആജ്തക് വാർത്ത നൽകിയത്. പദ്ധതി സംബന്ധിച്ച് ന്യൂനപക്ഷ വികസന കോർപറേഷൻ നൽകിയ പത്ര പരസ്യം പ്രദർശിപ്പിച്ചായിരുന്നു സുധീർ ചൗധരി ഇത്തരമൊരു ആരോപണമുന്നയിച്ചത്. ‘നിങ്ങൾ പാവങ്ങളാണെങ്കിലും ഹിന്ദുക്കളല്ലെങ്കിൽ സബ്സിഡി കിട്ടില്ല. മുസ്‍ലിം, സിഖ്, ബുദ്ധ മതക്കാർക്ക് വാഹനം വാങ്ങാൻ സബ്സിഡി ലഭിക്കും’ എന്നായിരുന്നു സുധീർ ചൗധരി വാർത്താവതരണത്തിൽ വാദിച്ചത്.

ആദിവാസി സമൂഹത്തിനെതിരെ പരാമർശം നടത്തിയെന്നാരോപിച്ച് കഴിഞ്ഞ വർഷം ജനുവരിയിൽ ജാർഖണ്ഡിൽ സുധീറിനെതിരെ എസ്‌.സി/എസ്.ടി നിയമപ്രകാരം കേസെടുക്കുകയുണ്ടായി. സീ ന്യൂസിലായിരിക്കെ മുസ്‍ലിം വിരുദ്ധ പരിപാടി സംപ്രേഷണം ചെയ്തുവെന്ന പരാതിയില്‍ കേരളത്തിലും കേസെടുത്തിട്ടുണ്ട്.

Tags:    
News Summary - Prasar Bharati set to finalise Rs 15crore deal with anchor Sudhir Chaudhary for DD show

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.