Justice Yashwant Verma- Allahabad High Court Bar Association

‘അലഹബാദ് ഹൈകോടതി ചവറ്റുകൊട്ടയല്ല, ജസ്റ്റിസ് യശ്വന്ത് വർമയെ സ്ഥലംമാറ്റാൻ’; രൂക്ഷ പ്രതികരണവുമായി ബാർ അസോസിയേഷൻ

അലഹബാദ്: ഔദ്യോഗിക വസതിയിൽ നിന്ന് കണക്കിൽപെടാത്ത കെട്ടുകണക്കിന് പണം കണ്ടെത്തിയതിനെ തുടർന്ന് ഡൽഹി ഹൈകോടതി ജഡ്ജിയെ സ്ഥലംമാറ്റിയതിനെ രൂക്ഷമായി വിമർശിച്ച് അലഹബാദ് ഹൈകോടതി ബാർ അസോസിയേഷൻ. അലഹബാദ് ഹൈകോടതി ചവറ്റുകൊട്ടയല്ലെന്നും ജസ്റ്റിസ് യശ്വന്ത് വർമയെ സ്ഥലംമാറ്റാനാവില്ലെന്നും ബാർ അസോസിയേഷൻ വ്യക്തമാക്കി.

സ്ഥലംമാറ്റം പ്രാബല്യത്തിൽ വന്നാൽ അലഹബാദ് ഹൈകോടതി ബാർ അസോസിയേഷൻ പ്രത്യക്ഷ പ്രതിഷേധവുമായി രംഗത്തെത്തുമെന്നാണ് വിവരം.

അതേസമയം, ഔദ്യോഗിക വസതിയിൽ കണക്കിൽപെടാത്ത കെട്ടുകണക്കിന് പണം കണ്ടെത്തിയ സംഭവത്തിൽ ഡൽഹി ഹൈകോടതി ജഡ്ജിക്കെതിരെ സുപ്രീംകോടതി ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ചു. ജസ്റ്റിസ് യശ്വന്ത് വർമക്കെതിരെ ആഭ്യന്തര അന്വേഷണം നടത്താൻ സുപ്രീംകോടതിയുടെ ഫുൾകോർട്ട് ആണ് തീരുമാനിച്ചത്. സംഭവത്തിൽ റിപ്പോർട്ട് സമർപ്പിക്കാൻ ഡൽഹി ഹൈകോടതി ചീഫ് ജസ്റ്റിസ് ഡി.കെ. ഉപധ്യായോട് സുപ്രീംകോടതി നിർദേശിച്ചു.

ഔദ്യോഗിക വസതിയിൽ കണക്കിൽപെടാത്ത കെട്ടുകണക്കിന് പണം കണ്ടെത്തിയ വിവരം ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന ഫുൾകോർട്ടിനെ അറിയിച്ചു. ഇതിന് പിന്നാലെ ജസ്റ്റിസ് യശ്വന്ത് വർമയെ അലഹബാദ് ഹൈകോടതിയിലേക്ക് മടക്കിയയക്കാനുള്ള കൊളീജിയം തീരുമാനം സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഫുൾകോർട്ട് മുമ്പാകെ വ്യക്തമാക്കി.

തീ അണക്കാൻ എത്തിയ അഗ്നിശമനസേനക്കാണ് ഡൽഹി ഹൈകോടതി ജഡ്ജിയുടെ ഔദ്യോഗിക വസതിയിൽ നിന്ന് കണക്കിൽപെടാത്ത കെട്ടുകണക്കിന് പണം ലഭിച്ചത്. അഗ്നിശമനസേന എത്തുമ്പോൾ ജഡ്ജി വീട്ടിൽ ഉണ്ടായിരുന്നില്ല. തീ അണച്ചതിന് ശേഷം നശിച്ച സാധനങ്ങളുടെ കണക്കെടുപ്പ് നടത്തുകയായിരുന്ന ഉദ്യോഗസ്ഥരാണ് പണം കണ്ടെത്തിയത്.

വിശദമായ പരിശോധനയിൽ അനധികൃത പണമാണെന്ന് മനസ്സിലായി. ഇതോടെ വിവരം ഉന്നത ഉദ്യോഗസ്ഥരെ അറിയിക്കുകയായിരുന്നു. സംഭവം കേന്ദ്ര സർക്കാർ സുപ്രീംകോടതി കൊളീജിയത്തിന്‍റെ ശ്രദ്ധയിൽപെടുത്തി.

ഇതിന് പിന്നാലെ വിഷയം ചർച്ച ചെയ്യാൻ അടിയന്തര കൊളീജിയം യോഗം വിളിക്കുകയും ജഡ്ജിയെ അടിയന്തരമായി അലഹബാദ് ഹൈകോടതിയിലേക്ക് സ്ഥലംമാറ്റുകയും ചെയ്തു. 2021 ഒക്ടോബറിലാണ് യശ്വന്ത് വർമ ഡൽഹി ഹൈകോടതിയിൽ നിയമിതനായത്.

Tags:    
News Summary - Allahabad High Court is not a dustbin, Justice Yashwant Verma should be transferred-bar association

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.