‘‘ജബ് തക് രഹേഗ സമൂസ മേ ആലൂ, ബിഹാർ മേ രഹേഗാ ലാലു’’ എന്ന് നെഞ്ചുറപ്പോടെ പറയുമായിരുന ്നു, രാഷ്ട്രീയ ജനതാദൾ നേതാവ് ലാലുപ്രസാദ് യാദവ്. സമൂസയിൽ ഉരുളക്കിഴങ്ങ് ഉള്ള കാലത ്തോളം ബിഹാറിൽ ലാലു ഉണ്ടാവുമെന്ന് മലയാളം. പല പതിറ്റാണ്ടുകളായി ലാലുവിനെ മാറ്റി നിർ ത്തിക്കൊണ്ട് ബിഹാർ രാഷ്്ട്രീയമില്ല. തൊണ്ണൂറുകളിൽ ബിഹാറിെൻറ നിയമമായിരുന്നു ആ വാക ്കുകൾ. അഹങ്കാരവും ആർജവവും നിറഞ്ഞ ആ ശബ്ദം പക്ഷേ, ഇത്തവണ ലോക്സഭ തെരഞ്ഞെടുപ്പിൽ എവിടെയും മുഴങ്ങുന്നില്ല.
കാലിത്തീറ്റ അഴിമതി കേസിൽ ശിക്ഷിക്കപ്പെട്ട് 2017 ഡിസംബർ 23ന് റാഞ്ചിയിലെ ബിർസമുണ്ട സെൻട്രൽ ജയിലിലേക്ക് അയച്ച ലാലുപ്രസാദ് ഇപ്പോൾ റാഞ്ചിയിലെ രാജേന്ദ്ര ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കൽ സയൻസസിൽ ചികിത്സയിലാണ്. ബിഹാറിെൻറ ജനനായകനും പാർട്ടിയുടെ അമരക്കാരനുമാണ് എന്നെതാക്കെ ശരി. പക്ഷേ, അഴിമതി കേസിൽ ജയിലിൽ കിടക്കേണ്ടയാൾക്ക് തെരഞ്ഞെടുപ്പു കാലത്ത് പുറത്തിറങ്ങാൻ അവസരം കൊടുക്കരുതെന്ന സി.ബി.െഎയുടെ ശക്തമായ വാദത്തിനു മുന്നിൽ സുപ്രീംകോടതി ലാലുവിന് ജാമ്യം നിഷേധിച്ചു.
കഴിഞ്ഞദിവസം ലാലുവിനെ ആശുപത്രിയിൽ കാണാൻ ചെന്ന മകനും മുൻ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവിന് അതിന് അനുമതി കിട്ടിയില്ല. ഭർത്താവിനെ വകവരുത്തി കുടുംബത്തെ നശിപ്പിക്കാൻ നീക്കം നടക്കുന്നുവെന്ന ഭാര്യ റബ്റി ദേവിയുടെ വിലാപമായി അതു മാറി. ലാലുവിന് എന്തെങ്കിലും സംഭവിച്ചാൽ ബിഹാറും ഝാർഖണ്ഡും ക്ഷമിക്കില്ലെന്ന മുന്നറിയിപ്പും നൽകുന്നുണ്ട് മുൻ മുഖ്യമന്ത്രി കൂടിയായ റബ്റി. പക്ഷേ, ബി.ജെ.പിക്ക് കേട്ട ഭാവമില്ല. ബിഹാറിെൻറ ഉൾനാടുകളിലേക്ക് ലാലുവിെൻറ ഹെലികോപ്ടർ പറന്നിറങ്ങുന്നതും, അദ്ദേഹത്തിനു മുന്നിൽ ജനം ഇളകിമറിയുന്നതും ഒാരോ തെരഞ്ഞെടുപ്പിലെയും കാഴ്ചയായിരുന്നു. രസികനും തന്ത്രജ്ഞനുമായ നേതാവ്. എതിരാളികളെ തറപറ്റിക്കുന്ന വാക്ചാതുരി. ഇക്കുറി ലാലു പ്രചാരണത്തിന് ഇല്ലാത്തതിെൻറ എല്ലാ കുറവുകളും ആർ.ജെ.ഡി നേരിടുന്നുണ്ട്. പുറത്തിറങ്ങാൻ കഴിയാത്ത ലാലുവിനു വേണ്ടി തെരഞ്ഞെടുപ്പു കാര്യങ്ങൾ നോക്കിനടത്തുന്നത് ഇളയ മകൻ തേജസ്വി യാദവാണ്. എന്നാൽ, യുവനേതാവിൽ നിന്ന് ലാലു എന്ന അതികായനിലേക്ക് ഏറെ ദൂരം. ജയിലിൽ നിന്നും ആശുപത്രിക്കിടക്കയിൽ നിന്നും ബിഹാറിലെ തെരഞ്ഞെടുപ്പു കളം നിയന്ത്രിക്കാൻ ലാലു ഉണ്ട്. പക്ഷേ, തപാൽ വഴി നീന്തൽ പഠിപ്പിച്ചിെട്ടന്ത്!
അതിനേക്കാളേറെ ആർ.ജെ.ഡിയെ കുഴക്കുന്നത് കുടുംബത്തിലെ കലഹമാണ്. ആൺമക്കളിൽ മൂത്ത തേജ്പ്രതാപ് മുടിയനായ പുത്രനായി മാറി. ഇളയവൻ തേജസ്വി പാർട്ടിയെ നയിക്കുേമ്പാൾ, അതിനു കഴിവില്ലെങ്കിലും അസൂയ മൂത്ത് പല്ലുകടിച്ചു നടക്കുകയാണ് തേജ്പ്രതാപ്. പാർട്ടിയുടെ യുവജന സംഘടന നേതൃപദവി രാജിവെച്ച് പ്രതിഷേധിക്കുക മാത്രമല്ല, ലാലു-റാബ്റി മോർച്ച എന്നൊരു സംഘടന രൂപവത്കരിച്ച് പാർട്ടി സ്ഥാനാർഥികൾക്കെതിരെ പല മണ്ഡലങ്ങളിലും സ്ഥാനാർഥിയെ നിർത്തി പാരപണിയുകയാണ് തേജ്പ്രതാപ്. മക്കളിൽ മൂത്തവളും പാടലീപുത്ര മണ്ഡലത്തിൽ സ്ഥാനാർഥിയുമായ മിസ ഭാരതിയും മറ്റു കുടുംബാംഗങ്ങളും കുടുംബകലഹം കെട്ടുകഥയാണെന്ന് വരുത്താൻ നടത്തിയ ശ്രമമൊക്കെ അതോടെ പൊളിഞ്ഞു. ഇനിയെന്തു വേണം? അവർക്ക് അറിഞ്ഞുകൂടാ. റബ്റിയെ കസേരയിലിരുത്തി അളിയന്മാർ ഭരിച്ചു മുടിച്ചേടത്തുനിന്ന് വീണ്ടെടുത്ത പാർട്ടിയാണിപ്പോൾ മക്കൾ പോരിൽ അലേങ്കാലപ്പെടുന്നത്.
എം.എൽ.എയായ തേജ്പ്രതാപ് കഴിഞ്ഞ വർഷമാണ് പർസയിലെ പാർട്ടി എം.എൽ.എയായ ചന്ദ്രിക റായിയുടെ മകൾ െഎശ്വര്യയെ വിവാഹം കഴിച്ചത്. ആറുമാസത്തിലധികം ആ ദാമ്പത്യം നീണ്ടുപോയില്ല. ചന്ദ്രികയെ ഇക്കുറി ലോക്സഭ തെരഞ്ഞെടുപ്പിൽ സരൺ മണ്ഡലത്തിൽ ആർ.ജെ.ഡി സ്ഥാനാർഥിയാക്കിയത് ലാലുവിെൻറ അറിവോടെയായിരുന്നെങ്കിലും തേജ്പ്രതാപിനു കലികയറി. ജഹാനാബാദ്, ശിയോഹർ എന്നിവിടങ്ങളിൽ ആർ.ജെ.ഡി സ്ഥാനാർഥികൾക്കെതിരെ സ്വന്തം മോർച്ചയുടെ ബാനറിൽ സ്ഥാനാർഥികളെ നിർത്തിയിരിക്കുകയാണ് തേജ് പ്രതാപ്. മുൻഭാര്യ െഎശ്വര്യയുടെ അമ്മ ചന്ദ്രികക്കെതിരെ റബ്റിദേവി സരണിൽ മത്സരിക്കാൻ മുറവിളി കൂട്ടി. കലഹിക്കുന്ന കുടുംബത്തിന് ലാലുവിെൻറ അഭാവം നികത്താൻ ഒത്തൊരുമയോടെ കളത്തിലിറങ്ങാൻ കഴിയാത്തത് പല മണ്ഡലങ്ങളിലും പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്. ആരുടെ ഉത്തരവ് നടപ്പാക്കണമെന്ന് അറിയാതെ രണ്ടാംനിര നേതാക്കൾ കുഴങ്ങുന്നു. അതിനിടയിലും ലാലുവിനെ ജയിലിൽ അടച്ചതിനോടുള്ള യാദവ അമർഷം നുരഞ്ഞുപൊന്തുന്നത് ആർ.ജെ.ഡിക്ക് മറ്റൊരു വിധത്തിൽ മുതൽക്കൂട്ടാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.