പട്‌ന: ബീഹാറിൽ മാസങ്ങളായി അനധികൃത അവധിയിൽ കഴിഞ്ഞ അധ്യാപിക ഗുജറാത്തിലിരുന്ന് ശമ്പളം കൈപ്പറ്റി. ഒടുവിൽ പിടിയിലുമായി. ബീഹാർ ഖഗാരിയ ജില്ലയിലെ ടീച്ചർ ആണ് ഗുജറാത്തിൽ താമസിച്ച് കഴിഞ്ഞ അഞ്ച് മാസമായി ശമ്പളം വാങ്ങുന്നതായി കണ്ടെത്തിയത്. ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസർ രാം ഉദയ് മഹ്തോ വാർഡ് നമ്പർ നാലിൽ സ്ഥിതി ചെയ്യുന്ന സർക്കാർ പ്രൈമറി സ്‌കൂളിലെത്തി അന്വേഷിച്ചപ്പോഴാണ് വിവരം പുറത്തറിഞ്ഞത്. സീമ കുമാരി എന്ന അധ്യാപികയെ ഏതാനും മാസങ്ങളായി കാണാത്തതിനെ തുടർന്നാണ് സംഭവം പുറത്തറിയുന്നത്. ഡെപ്യൂട്ടേഷനിൽ ഇവരെ ഈ സ്കൂളിൽ വിന്യസിച്ചിരുന്നു.
“ഞങ്ങൾ ഡിപ്പാർട്ട്‌മെന്റിൽ അന്വേഷിച്ചപ്പോൾ, ഭദാസ് ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന അവരുടെ യഥാർത്ഥ മിഡിൽ സ്‌കൂളിലെ ഹെഡ്‌മാസ്റ്റർ കാണിക്കുന്ന ഹാജറിന്റെ അടിസ്ഥാനത്തിലാണ് ഡിപ്പാർട്ട്‌മെന്റ് പ്രതിമാസ ശമ്പളം അനുവദിക്കുന്നതെന്ന് മനസിലായി” -മഹ്തോ പറഞ്ഞു.
"പ്രൈമറി സ്കൂളിൽ ഹാജരാകാതിരുന്നതിന്‍റെ റിപ്പോർട്ട് ഭദാസ് ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന അവരുടെ യഥാർത്ഥ സ്കൂളിലേക്ക് അയക്കുകയായിരുന്നു. സ്‌കൂളിലെ പ്രധാനാധ്യാപകൻ വികാസ് കുമാർ അവരുടെ ആബ്സൻസ് അറ്റൻഡൻസാക്കി മാറ്റി. ഹാജറിന്റെ അടിസ്ഥാനത്തിൽ, വകുപ്പ് 2022 സെപ്തംബർ മുതലുള്ള ശമ്പളം വിതരണം ചെയ്തു.
സീമ കുമാരിയുടെയും വികാസ് കുമാറിന്റെയും ശമ്പളം നിർത്തലാക്കാനുള്ള ശിപാർശയുമായി ജില്ലാ വിദ്യാഭ്യാസ ഓഫീസർക്ക് റിപ്പോർട്ട് അയച്ചിട്ടുണ്ട്. ഒരു ദിവസം പോലും സ്‌കൂളിൽ ജോലിക്ക് പോകാതെ ഡെപ്യൂട്ടേഷൻ ഉപയോഗിച്ച് ശമ്പളം വാങ്ങിയതിന് നാനൂറിലധികം അധ്യാപകർ വിദ്യാഭ്യാസ വകുപ്പിന്റെ നിരീക്ഷണത്തിലാണെന്ന് വൃത്തങ്ങൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.