ബംഗളൂരു: ബംഗളൂരു മയക്കുമരുന്ന് കേസിലെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണെൻറ മകൻ ബിനീഷ് കോടിയേരിയെ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് (ഇ.ഡി) അറസ്റ്റ് ചെയ്തു. ബംഗളൂരു ഇ.ഡി ഒാഫിസിൽ വ്യാഴാഴ്ച മൂന്നര മണിക്കൂർ ചോദ്യം ചെയ്യലിന് പിന്നാലെ ഉച്ചക്ക് രണ്ടോെടയാണ് അറസ്റ്റ്. കോവിഡ് പരിശോധനക്കുശേഷം വൈകീട്ട് നാലിന് ബംഗളൂരു സിറ്റി സിവിൽ കോടതിയിൽ ഹാജരാക്കിയ ബിനീഷിനെ നാല് ദിവസം ഇ.ഡി കസ്റ്റഡിയിൽ വിട്ടു.
ബംഗളൂരു ശാന്തിനഗറിലെ സോണൽ ഒാഫിസിൽ എത്തിച്ച പ്രതിയെ സുരക്ഷ മുൻനിർത്തി വിൽസൺ ഗാർഡൻ പൊലീസ് സ്റ്റേഷനിലെ ലോക്കപ്പിലേക്ക് മാറ്റി. വെള്ളിയാഴ്ച രാവിലെ ഇ.ഡി ഒാഫിസിലെത്തിച്ച് വീണ്ടും ചോദ്യംചെയ്യും. ബിനീഷിെൻറ മൊബൈൽ ഫോൺ അന്വേഷണസംഘം കസ്റ്റഡിയിലെടുത്തു. ഇതിലെ പല ഡാറ്റയും നശിപ്പിച്ചുവെന്നാണ് വിവരം.
രാവിലെ 11ന് രണ്ട് അഭിഭാഷകർക്കും സഹോദരൻ ബിനോയ് കോടിയേരിക്കും സുഹൃത്തുക്കൾക്കുമൊപ്പമാണ് ബിനീഷ് ഇ.ഡി ഒാഫിസിലെത്തിയത്. മയക്കുമരുന്ന് കേസിൽ നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻ.സി.ബി) അറസ്റ്റ് ചെയ്ത കൊച്ചി െവണ്ണല സ്വദേശി അനൂപ് മുഹമ്മദുമായുള്ള ബിനീഷിെൻറ സാമ്പത്തിക ഇടപാട് സംബന്ധിച്ചാണ് ഇ.ഡി അന്വേഷണം. ഹോട്ടൽ ബിസിനസിനെന്ന പേരിൽ കഴിഞ്ഞ ഒരു വർഷത്തിനിടെ അനൂപിെൻറ അക്കൗണ്ടിലേക്ക് വന്ന 50 ലക്ഷം രൂപയുടെ സ്രോതസ്സ് സംബന്ധിച്ച ഇരുവരുടെയും മൊഴികളിലെ വൈരുധ്യമാണ് ഇ.ഡിക്ക് സംശയമുയർത്തിയത്. കഴിഞ്ഞമാസം അനൂപിനെ പരപ്പന അഗ്രഹാര ജയിലിലും ഒക്ടോബർ ആറിന് ബിനീഷിനെ ഇ.ഡി ഒാഫിസിലും ചോദ്യംചെയ്ത അന്വേഷണ സംഘം, കഴിഞ്ഞയാഴ്ച ഇരുവരെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്യാൻ ശ്രമിച്ചിരുന്നു. എന്നാൽ, അനാരോഗ്യം ചൂണ്ടിക്കാട്ടി ബിനീഷ് ഒരാഴ്ച സമയം ആവശ്യപ്പെട്ടു. തുടർന്ന് അനൂപിനെ കസ്റ്റഡിയിൽ വാങ്ങി ചോദ്യംചെയ്ത ഇ.ഡി, വ്യാഴാഴ്ച ബിനീഷിനെ വിളിച്ചുവരുത്തുകയായിരുന്നു.
കേരളത്തിലെ സ്വർണക്കടത്തു കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ കഴിഞ്ഞദിവസം അറസ്റ്റിലായിരുന്നു. ഇൗ കേസിലെ മുഖ്യപ്രതികളായ സ്വപ്ന സുരേഷും സരിത്തും ബംഗളൂരുവിൽ ഒളിവിൽ കഴിയുന്നതിനിടെയാണ് ജൂലൈ 11ന് പിടിയിലാവുന്നത്.
സ്വർണക്കടത്ത്, മയക്കുമരുന്ന് കേസുകൾ തമ്മിൽ ബന്ധമുണ്ടെന്ന് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് കേരള ഹൈകോടതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ബിനീഷിനെ വിശദമായി ചോദ്യം ചെയ്യുന്നതോടെ ഇതിൽ കൂടുതൽ വ്യക്തത വരും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.