ന്യൂഡൽഹി: ഹെലികോപ്ടർ അപകടത്തിൽ മരിച്ച സംയുക്ത സേനാ മേധാവി ബിപിൻ റാവത്ത്, ഭാര്യ മധുലിക റാവത് എന്നിവർക്കും 11 സൈനികർക്കും രാജ്യത്തിന്റെ പ്രണാമം. ബിപിൻ റാവത്തിന്റെ മൃതദേഹം രണ്ടു മണിക്ക് ഡൽഹി കന്റോൺമെന്റിലെ ബ്രാർ സ്ക്വയർ ശ്മശാനത്തിൽ പൂർണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിക്കും.
കോയമ്പത്തൂരിലെ സൂലൂരിൽ നിന്ന് വ്യാഴാഴ്ച രാത്രി എട്ടരയോടെ ഡൽഹി പാലം വിമാനത്താവളത്തിൽ എത്തിച്ച റാവത്തിന്റെ മൃതദേഹം ഔദ്യോഗിക വസതിയായ മൂന്ന്, കാമരാജ് മാർഗിൽ വെള്ളിയാഴ്ച രാവിലെ 11 മുതൽ പൊതുദർശനത്തിന് വെക്കും. 12.30 മുതൽ സൈനികർക്ക് അന്ത്യോപചാരം അർപ്പിക്കാം. രണ്ടു മണിയോടെ വിലാപയാത്രയായി ബ്രാർ സ്ക്വയർ ശ്മശാനത്തിൽ എത്തിക്കും. തുടർന്ന് സംസ്കാര ചടങ്ങുകൾ നടക്കും.
ബ്രിഗേഡിയർ എൽ.എസ് ലിഡ്ഡറിന്റെ മൃതദേഹം രാവിലെ ഒമ്പതിന് ബ്രാർ സ്ക്വയറിൽ സംസ്കരിക്കും. മരിച്ച മറ്റ് സൈനികരുടെ ഉറ്റ ബന്ധുക്കളെ ഡൽഹിയിൽ എത്തിച്ചിട്ടുണ്ട്. സൈനിക ആശുപത്രിയിലേക്ക് മാറ്റുന്ന മൃതദേഹങ്ങൾ തിരിച്ചറിയൽ പരിശോധനക്ക് ശേഷം ബന്ധുക്കൾക്ക് കൈമാറും.
വ്യാഴാഴ്ച രാവിലെ പത്തരയോടെ കുന്നൂർ വെലിങ്ടൺ സൈനിക പരേഡ് അങ്കണത്തിൽ ഔദ്യോഗിക ബഹുമതികളോടെ നടന്ന ചടങ്ങുകൾ വികാരനിർഭരമായിരുന്നു. തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ, പുതുച്ചേരി ലഫ്.ഗവർണർ തമിഴിസൈ സൗന്ദരരാജൻ, വ്യോമസേന മേധാവി വി.ആർ. ചൗധരി, തുടങ്ങിയവർ ആദരാഞ്ജലിയർപ്പിച്ചു.
ഉച്ചക്ക് പന്ത്രണ്ടരക്കാണ് ജനറൽ ബിപിൻ റാവത്, മധുലിക റാവത്, നായ്ക് ഗുരുസേവക്സിങ്, ലാൻസ് നായ്ക് വിവേക്കുമാർ, വിങ് കമാൻഡർ പി.എസ്. ചൗഹാൻ, സ്ക്വാഡ്രൻ ലീഡർ ഗുൽദ്വീപ്സിങ്, റാണപ്രതാപ്ദാസ്, എ. പ്രദീപ്, ജിതേന്ദർകുമാർ, ലഫ്.കേണൽ ഹർജീന്ദർസിങ്, ബ്രിഗേഡിയർ എൽ.എസ്. ലിഡ്ഡർ, ഹവിൽദാർ സത്പാൽരാജ്, ലാൻസ് നായ്ക് ബി.എസ്. തേജ എന്നിവരുടെ ഭൗതികശരീരം ആംബുലൻസുകളിൽ റോഡ് മാർഗം 80 കി.മീ അകലെ കോയമ്പത്തൂർ സുലൂർ വ്യോമതാവളത്തിലേക്ക് കൊണ്ടുപോയത്.
വഴിനീളെ സ്ത്രീകളും കുട്ടികളുമടക്കം ആയിരക്കണക്കിനാളുകൾ മുഷ്ടി ചുരുട്ടി 'വീരവണക്കം, വീരവണക്കം' എന്ന് മുദ്രാവാക്യം വിളിച്ച് പുഷ്പവൃഷ്ടി നടത്തി. മൂന്നരക്ക് സുലൂരിൽനിന്ന് 13 മൃതദേഹങ്ങളും ഡൽഹിക്ക് കൊണ്ടുപോയി. വെലിങ്ടൺ സൈനികാശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹങ്ങൾ സൈനിക വ്യൂഹത്തിെൻറ അകമ്പടിയോടെ പുഷ്പാലംകൃതമായ പട്ടാള ട്രക്കുകളിലായാണ് വെലിങ്ടൺ പരേഡ് ഗ്രൗണ്ടിലെത്തിച്ചത്.
ജനറൽ ബിപിൻ റാവത്ത് പരിശീലനം നേടിയ വെലിങ്ടൺ കേൻറാൺമെൻറ് കേന്ദ്രത്തിൽ തന്നെ രാജ്യത്തിെൻറ അന്ത്യാഭിവാദ്യമേറ്റുവാങ്ങുന്ന ചടങ്ങുകളും പൊതുദർശന പരിപാടികളും വൈകാരികമായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി, പ്രതിരോധ മന്ത്രി രാജ്നാഥ്സിങ്, ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവൽ, മൂന്നു സേന വിഭാഗങ്ങളുടെയും മേധാവികൾ എന്നിവർ വിമാനത്താവളത്തിലെത്തി ആദരമർപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.