അഹമ്മദാബാദ്: ഗുജറാത്ത് തീര പ്രദേശങ്ങളിൽ നാശംവിതച്ച് 'ബിപോർജോയ്' തെക്കൻ രാജസ്ഥാനിലേക്ക് നീങ്ങുന്നു. സംസ്ഥാനത്ത് ആയിരത്തോളം ഗ്രാമങ്ങൾ ഒറ്റപ്പെട്ടു. കച്ച്, സൗരാഷ്ട്ര മേഖലയിലാണ് ചുഴലിക്കാറ്റ് വൻനാശം വിതച്ചത്.
തീരമേഖലയിൽ വൈദ്യുതി വിതരണം പൂർണമായും തടസ്സപ്പെട്ടു. ഇലക്ട്രിക് പോസ്റ്റുകളും ട്രാൻസ്ഫോർമറുകളും തകർന്നു. നിരവധി മരങ്ങൾ കടപുഴകി. എന്നാൽ, ആൾനാശമൊന്നും ഇതുവരെ സംഭവിച്ചിട്ടില്ലെന്ന് ദേശീയ ദുരന്തനിവാരണസേന മേധാവി പറഞ്ഞു. ബിപോർജോയ് കരതൊടുന്നതിന് മുൻപ് രണ്ട് മരിച്ചെന്നും 23 പേർക്ക് പരിക്കേറ്റെന്നും അദ്ദേഹം വ്യക്തമാക്കി.
വൈദ്യുതി മുടക്കം കൂടുതൽ ബാധിച്ചത് കച്ചിനെയാണ്. ആയിരത്തോളം മരങ്ങളാണ് കടപുഴകിയത്. 500 ലധികം വീടുകൾ ഭാഗികമായി തകർന്നുവെന്ന് എൻ.ഡി.ആർ.എഫ് ഡയറക്ടർ അതുൽ കർവാൾ പറഞ്ഞു. ചുഴലിക്കാറ്റ് ശക്തി ക്ഷയിച്ച് തെക്കൻ രാജസ്ഥാനിലേക്കാണ് നീങ്ങികൊണ്ടിരിക്കുന്നതെന്നും വെള്ളപ്പൊക്കം ഉണ്ടാകാനിടയുള്ളതിനാൽ എൻ.ഡി.ആർ.എഫ് സംഘം അവിടേക്ക് നീങ്ങിയിട്ടുണ്ടെന്നും അതുൽ കർവാൾ പറഞ്ഞു.
നിലവിൽ ചുഴലിക്കാറ്റ് ഭുജിന് 30 കിലോമീറ്റർ വടക്കുപടിഞ്ഞാറായി കേന്ദ്രീകരിച്ചിരിക്കുകയാണെന്നും ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് ഡയറക്ടർ ഡോ.മൃത്യുഞ്ജയ് മൊഹപത്ര അറിയിച്ചു.
അതേസമയം, മരങ്ങളും ഇലക്ട്രിക് പോസ്റ്റുകളും നീക്കം ചെയ്യാനും വൈദ്യുതി വിതരണം കഴിയും വേഗത്തിൽ പുനഃസ്ഥാപിക്കാനും ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ അവലോകന യോഗത്തിൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.