ന്യൂഡൽഹി: പക്ഷിപ്പനിയുമായി ബന്ധപ്പെട്ട ആശങ്കകളുയരുന്നതിനിടെ ശനിയാഴ്ച രാജ്യത്ത് 1200ൽപരം പക്ഷികൾ ചത്ത നിലയിൽ. 900 പക്ഷികൾ ചത്തത് മഹാരാഷ്ട്രയിലെ പോൾട്രി ഫാമിലാണ്. ഇതിനിടെ ഉത്തർപ്രദേശിലും പക്ഷിപ്പനി റിപ്പോർട്ട് ചെയ്യപ്പെട്ടതായി കേന്ദ്ര സർക്കാർ അറിയിച്ചു. ഇതോടെ പക്ഷിപ്പനി സ്ഥിരീകരിക്കപ്പെട്ട സംസ്ഥാനങ്ങളുടെ എണ്ണം ഏഴായി.
പക്ഷിപ്പനിയുണ്ടോ എന്ന കാര്യം സ്ഥിരീകരിക്കാനായി ഡൽഹി, ഛത്തീസ്ഗഢ്, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിന്ന് സാമ്പിളുകൾ അയച്ച് ഫലം കാത്തിരിക്കുകയാണ്. കേരളം, രാജസ്ഥാൻ, മധ്യപ്രദേശ്, ഹിമാചൽ പ്രദേശ്, ഹരിയാന, ഗുജറാത്ത് എന്നിവിടങ്ങളിൽ നേരത്തേ പക്ഷിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്.
രാജസ്ഥാനിൽ ശനിയാഴ്ച 356 പക്ഷികൾ ചത്തതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതോടെ അവിടെ ആകെ ചത്ത പക്ഷികൾ 2512 ആയി. പക്ഷിപ്പനി ആശങ്കയെ തുടർന്ന് രാജ്യ തലസ്ഥാനത്തേക്കുള്ള പക്ഷികളുടെ ഇറക്കുമതി നിരോധിക്കുന്നതിനും നഗരത്തിലെ ഏറ്റവും വലിയ പോൾട്രി ഫാമായ ഗാസിപുർ പോൾട്രി ഫാം അടച്ചു പൂട്ടാനും മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ഉത്തരവിട്ടിട്ടുണ്ട്.
എന്നാൽ ഡൽഹിയിൽ ഇതുവരെ പക്ഷിപ്പനി സ്ഥിരീകരിച്ചിട്ടില്ല. സാമ്പിളുകൾ ജലന്ധറിലെ ലേബാറട്ടറിയിേലക്ക് അയച്ചിട്ടുണ്ടെന്നും ജനങ്ങളെ സഹായിക്കാനായി 24 മണിക്കൂർ ഹെൽപ്ലൈൻ സജ്ജമാക്കിയിട്ടുണ്ടെന്നും കെജ്രിവാൾ പറഞ്ഞു.
നിരീക്ഷണത്തിനും രോഗവ്യാപനം തടയുന്നതിനുമായി റാപിഡ് റെസ്പോൺസ് ടീമിന് രൂപം നൽകിയിട്ടുണ്ടെന്നും ജില്ല മജിസ്ട്രേറ്റിന് കീഴിലാവും ഈ സംഘം പ്രവർത്തിക്കുകയെന്നും കെജ്രിവാൾ അറിയിച്ചു. മൃഗസംരക്ഷണ ഓഫീസർമാർ ഡൽഹിയിലെ പക്ഷി വിപണന കേന്ദ്രങ്ങൾ, വന്യജീവി സ്ഥാപനങ്ങൾ, ജലാശയങ്ങൾ എന്നിവ കേന്ദ്രീകരിച്ച് കൃത്യമായ സർവേകൾ നടത്തുമെന്നും ഗാസിപൂർ വളർത്തുപക്ഷി വിപണന കേന്ദ്രം, ശക്തിസ്ഥൽ, ഭൽസ്വ, സഞ്ജയ് തടാകങ്ങൾ, ഡൽഹി മൃഗശാല, ഡി.ഡി.എ പാർക്ക് എന്നിവിടങ്ങളിൽ സംഘം പ്രത്യേക ശ്രദ്ധ നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.