ഇംഫാൽ: കലാപബാധിത മേഖലകളിൽ രാഹുൽ ഗാന്ധിയുടെ സന്ദർശനം എല്ലാ വിഭാഗം ജനങ്ങളും ഏറ്റെടുത്തതിന്റെ ക്ഷീണം മറികടക്കാനെന്നവണ്ണം മണിപ്പൂരിൽ മുഖ്യമന്ത്രിയുടെ രാജിനാടകം. രാജിവെക്കുകയാണെന്ന് വെള്ളിയാഴ്ച പ്രഖ്യാപിച്ച മുഖ്യമന്ത്രി ബിരേൻ സിങ്, അനുയായികൾ അനുവദിക്കാത്തതുകൊണ്ട് രാജിയിൽ നിന്ന് പിൻവാങ്ങുകയാണെന്ന് മണിക്കൂറുകൾക്കകം പ്രസ്താവനയിറക്കി.
രാജിക്കത്തെഴുതി, ചൊവ്വാഴ്ച രാജ്ഭവനിലേക്ക് പോകാനൊരുങ്ങിയ ബിരേൻ സിങ്ങിന്റെ വാഹനവ്യൂഹം നൂറുകണക്കിന് വനിത അനുയായികൾ തടഞ്ഞത് നാടകീയ രംഗങ്ങൾ സൃഷ്ടിച്ചു. ഒടുവിൽ, താൻ രാജിവെക്കില്ലെന്ന് അനുയായികൾക്ക് മുഖ്യമന്ത്രി വാക്ക് കൊടുത്തതോടെയാണ് ഇവർ പിരിഞ്ഞുപോയതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അനുയായികൾ രാജിക്കത്ത് കീറിക്കളഞ്ഞുവത്രേ.
വ്യാഴാഴ്ച വീണ്ടും അക്രമം പൊട്ടിപ്പുറപ്പെടുകയും മൂന്നുപേർ കൊല്ലപ്പെടുകയും ചെയ്തതിനു പിറകെയാണ്, മുഖ്യമന്ത്രി രാജിവെക്കുമെന്ന അഭ്യൂഹം പരന്നത്. തുടർന്നാണ് അനുയായികൾ അദ്ദേഹത്തിന്റെ വസതിക്കു ചുറ്റും നിലയുറപ്പിച്ചത്.
കലാപത്തിന് ശമനമില്ലാത്ത സംസ്ഥാനത്ത് വ്യാഴാഴ്ച സന്ദർശനത്തിനെത്തിയ രാഹുൽ ഗാന്ധിക്ക്, പരസ്പരം സംഘർഷത്തിലുള്ള മെയ്തേയി വിഭാഗത്തിന്റെയും കുക്കി വിഭാഗത്തിന്റെയും മേഖലകളിൽ മികച്ച സ്വീകരണമാണ് ലഭിച്ചത്. ഇംഫാലിലെത്തിയ രാഹുൽ ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിക്കാൻ പുറപ്പെടവെ സംസ്ഥാന സർക്കാർ തടഞ്ഞ് തിരിച്ചയക്കുകയുണ്ടായി.
സുരക്ഷകാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് തടഞ്ഞത്. ഇതേതുടർന്ന് നൂറുകണക്കിനാളുകൾ പ്രതിഷേധവുമായി രംഗത്തുവന്നു. ഒടുവിൽ രാഹുലും സംഘവും ഹെലികോപ്ടറിലാണ് കുക്കി മേഖലയിലെ ദുരിതാശ്വാസ ക്യാമ്പുകളിലെത്തിയത്. വെള്ളിയാഴ്ച മെയ്തേയി മേഖലകളും രാഹുൽ സന്ദർശിച്ചു. രാഹുലിന്റെ സന്ദർശനം തിരിച്ചടിയാവുമെന്ന ആശങ്കയിൽ കേന്ദ്ര ബി.ജെ.പി നേതൃത്വം തന്നെ വിമർശനവുമായി ഇന്നലെ രംഗത്തുവന്നു.
രാഹുൽ വന്നത് കാരണം വീണ്ടും അക്രമങ്ങളുണ്ടായെന്ന് ബി.ജെ.പി കേന്ദ്രങ്ങൾ വിമർശിച്ചുവെങ്കിലും കോൺഗ്രസും തിരിച്ചടിച്ചു. ഡൽഹിയിലെ ഏകാധിപതിക്ക് ആശങ്ക കൂടിയതുകൊണ്ടാണ്, അദ്ദേഹത്തിന്റെ നിർദേശപ്രകാരം രാഹുലിനെ തടഞ്ഞതെന്ന് കോൺഗ്രസ് ആരോപിച്ചു. പ്രതിപക്ഷ നേതാവിനെ തടഞ്ഞത് തെറ്റായ നടപടിയാണെന്ന് ആം ആദ്മി പാർട്ടി അഭിപ്രായപ്പെട്ടു. മണിപ്പൂർ ഗവർണർ അനസൂയ ഉയ്കിയെ രാഹുൽ സന്ദർശിച്ചു. കൂടാതെ വിവിധ പൗരപ്രമുഖരുമായും കൂടിക്കാഴ്ച നടത്തി. മണിപ്പൂരിലെ സംഭവവികാസങ്ങൾ രാജ്യത്തിനു തന്നെ ദുരന്തമായിരിക്കുകയാണെന്ന് പറഞ്ഞ രാഹുൽ, അക്രമം ഒന്നിനും പരിഹാരമല്ലെന്നും ചൂണ്ടിക്കാട്ടി. ‘‘സമാധാനമാണ് മുന്നോട്ടുപോകാനുള്ള വഴി. സമാധാനം തിരികെ കൊണ്ടുവരാൻ എന്തു സഹായം നൽകാനും തയാറാണ്’’ -ഗവർണറെ സന്ദർശിച്ച ശേഷം രാഹുൽ മാധ്യമങ്ങളോട് പറഞ്ഞു. ക്യാമ്പുകളിൽ അടിസ്ഥാന സൗകര്യങ്ങൾക്ക് ക്ഷാമമുണ്ടെന്നു പറഞ്ഞ അദ്ദേഹം, ഇക്കാര്യം സംസ്ഥാന സർക്കാറിന്റെ ശ്രദ്ധയിൽപെടുത്തുമെന്നും കൂട്ടിച്ചേർത്തു. വ്യാഴാഴ്ച സുരക്ഷസേനയും ആയുധധാരികളും തമ്മിലുണ്ടായ വെടിവെപ്പിലാണ് ഒരു പൊലീസുകാരനടക്കം മൂന്നുപേർ കൊല്ലപ്പെട്ടത്. മെയ്തേയി വിഭാഗക്കാരാണ് മരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.