ന്യൂഡൽഹി: കർഷക സമരത്തിന് പിന്തുണയുമായി ബി.ജെ.പി നേതാവും മുൻ മന്ത്രിയുമായ ചൗധരി ബീരേന്ദ്ര സിങ്. കർഷക സമരത്തിന് പിന്തുണയുമായി ഡൽഹി അതിർത്തിയിലേക്ക് പോകാൻ തനിക്ക് അതിയായ ആഗ്രഹമുണ്ടെന്ന് ബീരേന്ദർ സിംഗ് പറഞ്ഞു.
മൂന്നാഴ്ചയിലേറെയായി നടക്കുന്ന കർഷക സമരത്തിന് പിന്തുണയുമായി വെള്ളിയാഴ്ച ഹരിയാനയിലെ ഗജ്ജാർ ജില്ലയിലെ സമ്പ്ളയിൽ നടന്ന ധർണയിൽ അദ്ദേഹം പങ്കെടുത്തിരുന്നു. സർ ഛോട്ടു രാം മഞ്ചിന്‍റെ നേതൃത്വത്തിലായിരുന്നു ധർണ സംഘടിപ്പിച്ചത്. സ്വാതന്ത്ര്യത്തിന് മുമ്പ് ജാട്ട് വിഭാഗത്തിന്‍റെ മുതിർന്ന നേതാവും നിരവധി കർഷക സമര മുഖങ്ങളിലെ ശ്രദ്ദേയനുമായിരുന്ന നേതാവുമായിരുന്ന സർ ഛോട്ടു രാമിന്‍റെ മകനാണ് ഹിസാറിൽ നിന്നുള്ള എം.പിയായ ബീരേന്ദ്ര സിങ്.
"ഞാൻ കർഷകർക്കൊപ്പം നിൽക്കുന്നു. ഇത് എല്ലാവരുടെയും സമരമാണ്. പ്രക്ഷോഭം സമൂഹത്തിലെ ഒരു വിഭാഗത്തിൽ മാത്രം പരിമിതപ്പെടുന്നില്ല. ഞാൻ അതിന് പിന്തുണച്ച് രംഗത്ത് ഇറങ്ങിയെല്ലെങ്കിൽ എന്‍റെ രാഷ്ട്രീയത്തിൽ അർഥമില്ലെന്നും അദ്ദേഹം പറഞ്ഞു.
ബി.ജെ.പിയുടെ എക്സിക്യൂട്ടീവ് അംഗമാണ് ബീരേന്ദ്ര സിങ്. കർഷകരെ പിന്തുണച്ച് മഞ്ച് അംഗങ്ങൾ നിരാഹാര സമരം നടത്തുകയാണ്. 64 അടി ഉയരമുള്ള സർ ഛോട്ടു റാമിന്‍റെ പ്രതിമ 2018 ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനാച്ഛാദനം ചെയ്തിരുന്നു.
അതേസമയം, കർഷക സമരം 23ാം ദിവസത്തിലേക്ക് കടന്ന വെള്ളിയാഴ്ച തോമർ അയച്ച പുതിയ കത്തും കർഷകർ തള്ളി. തോമറിെൻറ കത്തും കോർപറേറ്റുകൾക്കുള്ളതാണെന്നും കർഷകർക്കുള്ളതല്ലെന്നും ഭാരതീയ കിസാൻ സംഘർഷ് സമിതി നേതാവ് സത്വന്ത് സിങ് പന്നു കുറ്റപ്പെടുത്തി.
എന്നാൽ, കാർഷിക നിയമങ്ങൾക്കെതിരായ സമരം സംഘർഷത്തിലേക്ക് കൊണ്ടുപോകാൻ ഉദ്ദേശിക്കുന്നില്ലെന്നും സംഭാഷണത്തിലൂടെ പരിഹരിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും കർഷക സമര നേതാക്കളിെലാരാളായ രാകേഷ് ടികായത് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.