ഭുവനേശ്വർ: ഒഡിഷയിലെ ഭരണകക്ഷിയായ ബി.ജെ.ഡിയെ നിശിതമായി വിമർശിച്ച് സ്വന്തം പത്രത്തിൽ രണ്ടുതവണ മുഖപ്രസംഗം എഴുതിയ എം.എൽ.എയെയും കർഷക സബ്സിഡി ദുരുപയോഗം ചെയ്ത മറ്റൊരു എം.എൽ.എയെയും ബി.ജെ.ഡിയിൽനിന്ന് പുറത്താക്കി. ‘സമ്പദ്’ പത്രത്തിന്റെ ഉടമയും എഡിറ്ററുമായ സൗമ്യ രഞ്ജൻ പട്നായക്, സുധാൻശു ശേഖർ പരിദ എന്നിവരെയാണ് പുറത്താക്കിയതെന്ന് മുഖ്യമന്ത്രിയും ബി.ജെ.ഡി പ്രസിഡന്റുമായ നവീൻ പട്നായക് അറിയിച്ചു.
സൗമ്യ രഞ്ജൻ പട്നായക് തന്റെ പത്രത്തിൽ പേര് വെച്ച് രണ്ടുതവണയാണ് മുഖപ്രസംഗം എഴുതിയത്. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി വി.കെ. പാണ്ഡ്യന്റെ അമിതാധികാരത്തെയും രഞ്ജൻ പട്നായക് വിമർശിച്ചിരുന്നു. ഇതേത്തുടർന്ന് ഇദ്ദേഹത്തെ സെപ്റ്റംബർ 12ന് പാർട്ടി വൈസ് പ്രസിഡന്റ് സ്ഥാനത്തുനിന്ന് നീക്കംചെയ്തിരുന്നു. പിന്നാലെ, സമ്പദ് പത്രത്തിലെ 300 ജീവനക്കാരുടെ പേരിൽ വ്യാജരേഖ നിർമിച്ച് കോടികളുടെ വായ്പയെടുത്തതിന് രഞ്ജൻ പട്നായകിനെതിരെ സാമ്പത്തിക കുറ്റാന്വേഷണ വകുപ്പ് കേസെടുത്തിരുന്നു. ഇതിന് പിറകെയാണ് ഇദ്ദേഹത്തെ പാർട്ടിയിൽനിന്ന് പുറത്താക്കിയത്. ഗുരുതരമായ കേസാണെന്ന് മുഖ്യമന്ത്രി നവീൻ പട്നായക് പറഞ്ഞു.
കർഷകർക്കുള്ള മൂന്നുകോടിയുടെ സബ്സിഡി ദുരുപയോഗം ചെയ്ത കേസിൽ പ്രതിയായതിനാലാണ് സുധാൻശു ശേഖർ പരിദയെ പുറത്താക്കിയതെന്ന് അദ്ദേഹം അറിയിച്ചു.
അതേസമയം, സ്പീക്കർ സ്ഥാനത്തേക്ക് മത്സരിക്കാൻ പ്രമീള മല്ലിക് വ്യാഴാഴ്ച റവന്യൂ മന്ത്രി സ്ഥാനംരാജിവെച്ചു. ഇതിന് പിന്നാലെ 22ന് നടക്കുന്ന സ്പീക്കർ തെരഞ്ഞെടുപ്പിൽ ഇവർ പത്രിക സമർപ്പിച്ചു. കഴിഞ്ഞ മന്ത്രിസഭ പുനഃസംഘടനയിൽ സ്പീക്കർ ബിക്രം കേശരി അരൂഖയെ ധനമന്ത്രിയാക്കിയിരുന്നു. ഇതോടെയാണ് സ്പീക്കർ പദവി ഒഴിവുവന്നത്. നിയമസഭയിൽ ബി.ജെ.ഡിക്ക് 113 അംഗങ്ങളുള്ളതിനാൽ പ്രമീള മല്ലിക് സ്പീക്കറാകും. ബി.ജെ.പി 22, കോൺഗ്രസ് ഒമ്പത്, സി.പി.എം ഒന്ന് എന്നിങ്ങനെയാണ് മറ്റ് പാർട്ടികളുടെ കക്ഷിനില.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.