ലഖ്നോ: ഉത്തർപ്രദേശിലെ റായ്ബറേലിയിൽ സംസ്ഥാന മന്ത്രി ദിനേശ് സിങ്ങിനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ച് ബി.ജെ.പി. 2019ൽ മണ്ഡലത്തിൽ നിന്ന് ബി.ജെ.പി സ്ഥാനാർഥിയായിരുന്ന ദിനേശ് സിങ് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയോട് പരാജയപ്പെട്ടിരുന്നു.
റായ്ബറേലിയിൽ താമര വിരിയുമെന്ന് ഉറപ്പാണെന്നും കോൺഗ്രസ് തോൽക്കുമെന്നും സ്ഥാനാർഥി പ്രഖ്യാപനത്തിന് ശേഷം ദിനേശ് സിങ് പറഞ്ഞു. നാല് തവണ എം.പിയായ സോണിയ ഗാന്ധിക്കെതിരെ പോലും താൻ പോരാടിയിട്ടുണ്ട്, അതിനാൽ പ്രിയങ്ക ഗാന്ധിയോ രാഹുൽ ഗാന്ധിയോ പ്രശ്നമല്ലെന്നും ഏത് ഗാന്ധി വന്നാലും അവർ റായ്ബറേലിയിൽ തോൽക്കുമെന്നും ദിനേശ് സിങ് അവകാശപ്പെട്ടു.
പ്രാദേശിക നേതാക്കൾ ഗാന്ധി കുടുംബത്തിൽ നിന്നുള്ള സ്ഥാനാർഥികൾ മത്സരിക്കുന്നതിന് അനുകൂലമാണ്. എന്നാൽ, റായ്ബറേലി, അമേത്തി സീറ്റുകളിൽ ഗാന്ധി കുടുംബാംഗങ്ങൾ മത്സരിക്കുന്നതിനെ രാഹുൽ ഗാന്ധി അനുകൂലിക്കുന്നില്ലെന്നും റിപ്പോർട്ടുണ്ട്.
2004 മുതൽ സോണിയ ഗാന്ധി പ്രതിനിധീകരിക്കുന്ന മണ്ഡലമാണ് റായ്ബറേലി. എന്നാൽ, കോൺഗ്രസ് ഇതുവരെ സ്ഥാനാർഥികളുടെ പേരൊന്നും പ്രഖ്യാപിക്കാത്തതിനാലും സോണിയ ഗാന്ധി രാജ്യസഭയിലേക്ക് മാറിയതിനാലും ഇത്തവണത്തെ മത്സരം കൂടുതൽ നിർണായകമാണ്.
ഇന്ന് വൈകിട്ടോടെ അമേത്തി, റായ്ബറേലി സീറ്റുകളിൽ തീരുമാനം ഉണ്ടാകുമെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയ്റാം രമേശ് വ്യക്തമാക്കി. മത്സരിക്കുന്ന കാര്യം തീരുമാനിക്കേണ്ടത് രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയുമാണെന്നും അത് അവരുടെ വ്യക്തിപരമായ ഇഷ്ടമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.