ബംഗളൂരു: മഹാത്മാ ഗാന്ധിയുടെ സ്വാതന്ത്ര്യ സമരം ‘നാടക’മാണെന്ന വിവാദ പരാമർശം നടത്തിയ ബി.ജെ.പി എം.പിയും മുൻ േകന്ദ ്ര മന്ത്രിയുമായ അനന്ത് കുമാർ ഹെഗ്ഡെയോട് ബി.ജെ.പി നേതൃത്വം മാപ്പു പറയാൻ ആവശ്യപ്പെട്ടതായി റിപ്പോർട്ട്. രാജ്യം ആദരിക്കുന്ന മഹാത്മാ ഗാന്ധിക്കെതിരായ പരാമർശത്തിൽ അനന്ത് കുമാർ ഹെഗ്ഡെ മാപ്പുപറഞ്ഞ് സ്വയം പരിഹാരം കാണണമെന്നാണ് കേന്ദ്ര ബി.ജെ.പി നേതൃത്വം അറിയിച്ചതെന്നാണ് വിവരം.
അതേസമയം, രാഷ്ട്രപിതാവിനെ അവഹേളിക്കുന്ന പ്രസ്താവന നടത്തിയിട്ടും അനന്ത് കുമാർ ഹെഗ്ഡെക്കെതിരെ നടപടിയെടുക്കാത്ത ബി.ജെ.പി നിലപാടിനെ വിമർശിച്ച് കോൺഗ്രസ് രംഗത്തെത്തി. ഇന്ത്യയിൽ നടന്ന മുഴുവൻ സ്വാതന്ത്ര്യ സമര മുന്നേറ്റവും ബ്രിട്ടീഷുകാരുടെ പിന്തുണയോടെയും സമ്മതത്തോടെയുമാണ് നടന്നതെന്നും സ്വാതന്ത്ര്യ സമരം വലിയൊരു നാടകമാണെന്നുമായിരുന്നു അനന്ത് കുമാർ ഹെഗ്ഡെ ബംഗളൂരുവിൽ നടന്ന പൊതുപരിപാടിയിൽ ആരോപിച്ചത്. ഗാന്ധിയുടെ നിരാഹാര സത്യഗ്രഹങ്ങളും നാടകമാണെന്നും മരണംവരെയുള്ള നിരാഹാര സത്യഗ്രഹം കൊണ്ടാണ് ബ്രിട്ടീഷുകാർ ഇന്ത്യ വിട്ടതെന്ന കോൺഗ്രസുകാരുടെ അവകാശവാദം തെറ്റാണെന്നും ഹെഗ്ഡെ പറഞ്ഞു.
അനന്ത് കുമാർ ഹെഗ്ഡെയുടെ പ്രസ്താവന തള്ളിയ ബി.ജെ.പി കർണാടക നേതൃത്വം അതൃപ്തി കേന്ദ്ര നേതൃത്വത്തെ അറിയിച്ചതായാണ് വിവരം. വിവാദ പരാമർശത്തിലുള്ള അതൃപ്തി ഹെഗ്ഡെയെ അറിയിച്ചിട്ടുണ്ടെന്നും മഹാത്മാ ഗാന്ധിയെ അവഹേളിക്കുന്ന ഒന്നും സ്വീകാര്യമല്ലെന്നുമാണ് ബി.ജെ.പി നേതാക്കൾ വിശദീകരിച്ചത്. ഇത്തരം പരാമർശം നടത്താൻ പാടില്ലായിരുന്നുവെന്നും രാജ്യം ഏറ്റവും ആദരിക്കുന്ന വ്യക്തിയാണ് മഹാത്മാ ഗാന്ധിയെന്നുമാണ് ഹെഗ്ഡെയെ തള്ളി കേന്ദ്രമന്ത്രി അശ്വനി ചൗബേ പ്രതികരിച്ചത്. എന്നാൽ, തെരഞ്ഞെടുപ്പിൽ കുറച്ചു വോട്ടുകിട്ടാനായി ഇത്തരം വിവാദ പ്രസ്താവനയിലൂടെ ഇന്ത്യയുടെ ആത്മാവിൽ ആഴത്തിൽ മുറിവേൽപിക്കുകയാണ് ബി.ജെ.പിയെന്നും ഹെഗ്ഡെയുടെ പരാമർശത്തിൽ പാർലമെൻറിൽ പ്രധാനമന്ത്രി വിശദീകരണം നൽകണമെന്നും കോൺഗ്രസ് വക്താവ് ആനന്ദ് ശർമ ആവശ്യപ്പെട്ടു.
ഗാന്ധിജിയോടാണോ അതോ അദ്ദേഹത്തിെൻറ കൊലപാതകിയായ നാഥുറാം ഗോദ്സെയോടാണോ പ്രധാനമന്ത്രിക്ക് കൂറെന്ന് തെളിയിക്കാൻ ഇപ്പോൾ സമയമായെന്നും കോൺഗ്രസ് വക്താവ് ജയ് വീർ ഷെർഗിൽ പറഞ്ഞു. മുമ്പ് വിവാദ പ്രസ്താവന നടത്തി ഗാന്ധിജിയെ അവഹേളിച്ച പ്രജ്ഞ സിങ് ഠാകുറിനെതിരെ ഒരു നടപടിയും ബി.ജെ.പി സ്വീകരിച്ചില്ല. ഗാന്ധിയോട് അൽപമെങ്കിലും ആദരവുണ്ടെങ്കിൽ അനന്ത് കുമാറിനെയും പ്രജ്ഞ സിങ് ഠാകുറിനെയും ബി.ജെ.പിയിൽനിന്ന് പുറത്താക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.