ന്യൂഡൽഹി: വിവാദ പരാമർശം നടത്തിയ ഡൽഹി ബി.ജെ.പി സ്ഥാനാർഥി കപിൽ മിശ്രക്കെതിരെ തെരെഞ്ഞടുപ്പ് കമീഷൻ നോട്ടീസ് അയച്ചു. ഡൽഹിയിൽ മിനി പാകിസ്താൻ ഉണ്ടായിവരുന്നുവെന്ന കപിൽ മിശ്രയുടെ പ്രസ്താവനക്കെതിരെയാണ് തെരഞ്ഞെടുപ്പ് വരാണാധികാരി നോട്ടീസ് അയച്ചത്. മിശ്ര തെരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തി. വർഗീയ വിദ്വേഷമുണ്ടാകുന്ന തരത്തിൽ ന ടത്തിയ പ്രസ്താവനയിൽ വിശദീകരണം നൽകണമെന്നും നോട്ടീസിൽ ചൂണ്ടിക്കാട്ടുന്നു.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഷഹീൻ ബാഗിലെ സമരം പാകിസ്താൻ സഹായത്തോടെ നടത്തുന്നതാണെന്നും ഡൽഹിയെ ഒരു മിനി പാകിസ്താനാക്കുകയാണെന്നും കപിൽ മിശ്ര ട്വിറ്ററിലൂടെ വിമർശിച്ചിരുന്നു.
പാകിസ്താൻ ഷഹീൻ ബാഗിലേക്ക് എത്തിയിട്ടുണ്ട്. ഡൽഹിയിൽ മിനി പാകിസ്താനുകൾ ഉണ്ടായിരിക്കുന്നു. ഷഹീൻ ബാഗ്, ചന്ദ് ബാഗ്, ഇന്ദർലോക് ഏരിയകളിൽ ഇന്ത്യൻ നിയമമല്ല പിന്തുടരുന്നത്. പാകിസ്താൻ ഗുണ്ടകൾ ഡൽഹിയിലെ തെരുവുകൾ പിടിച്ചടക്കിയിരിക്കുന്നു- എന്നതായിരുന്നു കപിൽ മിശ്രയുടെ വിവാദ ട്വീറ്റ്.
ഫെബ്രുവരി എട്ടിന് നടക്കുന്ന ഡൽഹി നിയമസഭ തെരഞ്ഞെടുപ്പ് ഇന്ത്യ -പാകിസ്താൻ മത്സരം പോലെയാണെന്ന മിശ്രയുടെ ട്വീറ്റിനെതിരെയും വിമർശനമുയർന്നിരുന്നു.
കോൺഗ്രസും എ.എ.പിയും ഷഹീൻ ബാഗുപോലുള്ള നിരവധി മിനി പാകിസ്താനുകൾ ഡൽഹിയിൽ ഉണ്ടായിട്ടുണ്ടെന്നും ദേശസ്നേഹികളായവർ ഫെബ്രുവരി എട്ടിന് ഇതിന് മറുപടി നൽകുമെന്നും മിശ്ര പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.