കൊൽക്കത്ത: രണ്ട് ദിവസത്തെ സന്ദർശനത്തിനായി ബുധനാഴ്ച ബംഗാളിലെത്തിയ ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി. നദ്ദയുടെ വാഹനവ്യൂഹത്തിന് നേരെ ആക്രമണം. പാർട്ടിപ്രവർത്തകരുടെ യോഗത്തിൽ പങ്കെടുക്കാൻ സൗത്ത് 24 പാർഗനാസ് ജില്ലയിലെ ഡയമണ്ട് ഹാർബറിലേക്കുള്ള യാത്രക്കിടയിലാണ് കല്ലേറുണ്ടായത്. ബി.ജെ.പി ജന. സെക്രട്ടറി കൈലാഷ് വിജയ്വർഗിയ ഉൾപ്പെടെ നിരവധിപേർക്ക് പരിക്കേറ്റതായി പാർട്ടിവൃത്തങ്ങൾ പറഞ്ഞു. എന്നാൽ, ബുള്ളറ്റ്പ്രൂഫ് കാറിലായിരുന്ന നദ്ദക്ക് പരിക്കില്ല. ദുർഗാദേവിയുടെ അനുഗ്രഹം കൊണ്ടാണ് രക്ഷപ്പെട്ടതെന്ന് നദ്ദ പ്രതികരിച്ചു.
ആക്രമണത്തിന് പിന്നിൽ തൃണമൂൽ കോൺഗ്രസാണെന്ന് ബി.ജെ.പി ആരോപിച്ചു. അസഹിഷ്ണുത നിറഞ്ഞ സംസ്ഥാനമായി ബംഗാൾ മാറിയെന്ന് ജെ.പി. നദ്ദ പ്രതികരിച്ചു. മമത സർക്കാറിന് അധികകാലം നിലനിൽപില്ലെന്നും ഗുണ്ടാരാജ് അവസാനിപ്പിക്കുമെന്നും നദ്ദ വ്യക്തമാക്കി.
സുരക്ഷാവീഴ്ച ചൂണ്ടിക്കാട്ടി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്കും സംസ്ഥാന സർക്കാറിനും കത്തയച്ചിട്ടുണ്ടെന്ന് ബംഗാളിലെ ബി.ജെ.പി നേതാവ് ദിലീപ് ഘോഷ് വ്യക്തമാക്കി. സംഭവത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാന സർക്കാറിനോട് റിപ്പോർട്ട് തേടിയിട്ടുണ്ട്. 'സ്പോൺസേഡ് വയലൻസ്' എന്നാണ് അമിത്ഷാ സംഭവത്തെ വിശേഷിപ്പിച്ചത്.
നദ്ദക്കെതിരായ ആക്രമണത്തിൽ ഗവർണർ ജഗ്ദീപ് ധൻഖർ ആശങ്ക പ്രകടിപ്പിച്ചു. ക്രമസമാധാന തകർച്ചക്കെതിരെ ജാഗ്രത പാലിക്കാൻ ചീഫ് സെക്രട്ടറിയോടും പൊലീസ് മേധാവിയോടും ഗവർണർ നിർദേശിച്ചു.
അതേസമയം, ആരോപണം തൃണമൂൽ കോൺഗ്രസ് നിഷേധിച്ചു. പാർട്ടിക്ക് പങ്കില്ലെന്നും ബി.ജെ.പിയുടെ ഗുണ്ടകളാണ് അക്രമണത്തിന് പിന്നിലെന്നും ടി.എം.സി നേതാവ് മദൻ മിത്ര പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.