ഉദയ്പൂർ: രാജസ്ഥാനിലെ ഉദയ്പൂരിൽ പ്രവാചക നിന്ദയെ പിന്തുണച്ചുവെന്നാരോപിച്ച് തയ്യൽക്കാരനെ കൊലപ്പെടുത്തിയ കേസിലെ പ്രതികൾക്ക് ബി.ജെ.പി ബന്ധമുണ്ടെന്ന വാർത്തകൾ തള്ളി നേതൃത്വം. പ്രതികളായ റിയാസ് അക്തരിയും ഗൗസ് മുഹമ്മദും വർഷങ്ങളായി ബി.ജെ.പിയിൽ പ്രവർത്തിക്കുന്നതിന്റെ തെളിവുകളാണ് പുറത്തുവന്നത്.
ന്യൂനപക്ഷ മോർച്ചയുടെ സജീവ പ്രവർത്തകരാണ് ഇവരെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. റിപ്പോർട്ടുകൾ പുറത്തുവന്നതോടെ പ്രതികളിലൊരാൾ ബി.ജെ.പി നേതാവിനൊപ്പം നിൽക്കുന്ന ചിത്രം കോൺഗ്രസ് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരുന്നു.
എന്നാൽ പ്രതികളുമായി തങ്ങൾക്ക് യാതൊരു ബന്ധവുമില്ലെന്ന് ബി.ജെ.പി ന്യൂനപക്ഷ വിങ്ങിന്റെ നേതാവ് സാദിഖ് ഖാൻ വ്യക്തമാക്കി. രാജസ്ഥാൻ സർക്കാരിന്റെ കെടുകാര്യസ്ഥതയാണ് കൊലപാതകത്തിന് കാരണമെന്നും സാദിഖ് ഖാൻ ആരോപിച്ചു.
പ്രതികൾ ബി.ജെ.പി അംഗങ്ങളായിട്ടും കേന്ദ്രം കേസ് തിടുക്കപ്പെട്ട് എൻ.ഐ.ക്ക് കൈമാറിയത് എന്തിനാണെന്ന് കോൺഗ്രസ് ചോദിച്ചിരുന്നു. വ്യാജ വാർത്തകളാണ് പ്രചരിക്കുന്നതെന്ന് ബി.ജെ.പി ഐ.ടി സെൽ മേധാവി അമിത് മാളവ്യ പ്രതികരിച്ചു. എൽ.ടി.ടി.ഇ പ്രവർത്തകർ രാജീവ് ഗാന്ധിയെ വധിക്കാൻ കോൺഗ്രസിൽ നുഴഞ്ഞു കയറിയതുപോലെ ഉദയ്പൂർ പ്രതികൾ ബി.ജെ.പിയിലെത്തിയതാണെന്നും അമിത് മാളവ്യ ട്വീറ്റ് ചെയ്തു.
റിയാസ് അക്തരി ബി.ജെ.പിയിൽ പ്രവർത്തിച്ചതായി ഇന്ത്യ ടുഡെ റിപ്പോർട്ട് ചെയ്തിരുന്നു. റിയാസ് ബി.ജെ.പി പരിപാടികളിൽ സ്ഥിരമായി പങ്കുകൊണ്ടു വരുന്നയാളാണെന്ന് പാർട്ടി ന്യൂനപക്ഷ മോർച്ചയുടെ നേതാവ് ഇർഷാദ് ചെയിൻവാല പറഞ്ഞു. പാർട്ടി പ്രവർത്തകനായ മുഹമ്മദ് താഹിർ വഴിയാണ് റിയാസ് പരിപാടികൾക്കെത്തിയിരുന്നത്. ബി.ജെ.പി നേതാവ് ഗുലാബ് ചന്ദ് കട്ടാരിയ സംഘടിപ്പിക്കുന്ന പരിപാടികളിൽ സ്ഥിര സാന്നിധ്യമായിന്നത്രെ ഇയാൾ. രണ്ടു പ്രതികളെയും 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരിക്കയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.