ന്യൂഡൽഹി: ഭവാനിപൂർ മണ്ഡലത്തിൽ പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയെ നേരിടാൻ ബി.ജെ.പി സ്ഥാനാർഥിയായി അഡ്വ.പ്രിയങ്ക തിബ്രേവാൾ മത്സരിക്കും. സെപ്റ്റംബർ 30നാണ് ഭവാനിപൂരിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. മുഖ്യമന്ത്രി സ്ഥാനം നിലനിർത്താൻ മമതക്ക് തെരഞ്ഞെടുപ്പ് ജയം അനിവാര്യമാണ്.
ബബുൾ സുപ്രിയോയുടെ ലീഗൽ അഡ്വൈസറായിരുന്നു പ്രിയങ്ക. 2014ലാണ് ഇവർ ബി.ജെ.പിയിലെത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ബി.ജെ.പിയിൽ ചേരാൻ തനിക്ക് പ്രചോദനമായതെന്ന് പ്രിയങ്ക നേരത്തേ വ്യക്തമാക്കിയിരുന്നു.
2015ൽ ബി.ജെ.പി സ്ഥാനാർഥിയായി കൊൽക്കത്ത മുനിസിപ്പൽ കൗൺസലിലേക്ക് മത്സരിച്ചിരുന്നു. എന്നാൽ തൃണമൂൽ കോൺഗ്രസിന്റെ സ്വപൻ സമ്മാദാറിനോട് പരാജയപ്പെടുകയായിരുന്നു. തുടർന്ന് ബി.ജെ.പിയുടെ നിരവധി നേതൃ സ്ഥാനങ്ങളുടെ ചുമതല ഇവർ വഹിച്ചു. 2020ആഗസ്റ്റിൽ ഭാരതീയ ജനത യുവ മോർച്ചയുടെ ബംഗാൾ വൈസ് പ്രസിഡന്‍റായി ചുമതലയേൽക്കുകയും ചെയ്തിരുന്നു.
ഏപ്രിൽ-മേയ് മാസങ്ങളിലായി നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ എന്‍റലിയിൽനിന്ന് പ്രിയങ്ക ജനവിധി തേടിയിരുന്നു. എന്നാൽ തൃണമൂലിന്‍റെ സ്വർണ കമൽ സാഹയോട് പരാജയപ്പെടുകയായിരുന്നു ഇവർ. 58,257 വോട്ടിനായിരുന്നു പരാജയം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.