പൂനെ: പ്രതിപക്ഷ നേതാക്കൾക്കിടയിൽ ഭയം സൃഷ്ടിക്കാനായി ഇ.ഡി പോലുള്ള ഏജൻസികളെ ബി.ജെ.പി സർക്കാർ ദുരുപയോഗം ചെയ്യുകയാണെന്ന് എൻ.സി.പി നേതാവ് ശരദ് പവാർ. പൂനെയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
2005 മുതൽ 2023 വരെ 5806 കേസുകളാണ് ഇ.ഡി രജിസ്റ്റർ ചെയ്തത്. എന്നാൽ അവയിൽ 25 എണ്ണം മാത്രമാണ് തീർപ്പാക്കിയത്. തീർപ്പാക്കിയ കേസുകൾ 0.42 ശതമാനമാണ്. ശിക്ഷാ നിരക്ക് വെറും 0.40 ശതമാനവും. ഇ.ഡിയുടെ ബജറ്റ് 2022ൽ 300 കോടിയിൽ നിന്ന് 404 കോടിയായി ഉയർന്നെന്നും അദ്ദേഹം അവകാശപ്പെട്ടു.
"2005 മുതൽ 2023 വരെ രണ്ട് സർക്കാറുകളാണ് അധികാരത്തിൽ ഉണ്ടായിരുന്നത്. അതിൽ ഞങ്ങളും ഭാഗമായ യു.പി.എ സർക്കാറും ഉൾപ്പെടുന്നു. യു.പി.എ സർക്കാറിന്‍റെ കാലത്ത് 26 നേതാക്കൾക്കെതിരെയാണ് അന്വേഷണം നടന്നത്. അതിൽ 5 കോൺഗ്രസ് നേതാക്കളും 3 ബി.ജെ.പി നേതാക്കളും ഉൾപ്പെടുന്നു. അന്നത്തെ ഇ.ഡിയുടെ പ്രവർത്തനം രാഷ്ട്രീയ പ്രേരിതമല്ലെന്നാണ് ഈ കണക്കുകൾ തെളിയിക്കുന്നത്. എന്നാൽ 2014ന് ശേഷം ഒരു ബി.ജെ.പി നേതാവ് പോലും ചോദ്യം ചെയ്യപ്പെട്ടിട്ടില്ല" - അദ്ദേഹം പറഞ്ഞു.
ബി.ജെ.പി നേതാക്കൾ ചോദ്യം ചെയ്യപ്പെടാത്തത് ഇ.ഡിയുടെ പ്രവർത്തനങ്ങൾ രാഷ്ട്രീയ പ്രേരിതമാണോ എന്ന സംശയം ഉയർത്തുന്നതായും അദ്ദേഹം ആരോപിച്ചു. ഇ.ഡി ബി.ജെ.പിയുടെ സപ്പോർട്ടിങ് പാർട്ടിയായി എന്നാണ് ഇത് തെളിയിക്കുന്നതെന്നും ശരദ് പവാർ ആരോപിച്ചു. മൻമോഹൻ സിങ്ങിന്‍റെ നേതൃത്വത്തിലുള്ള യു.പി.എ സർക്കാരിന്‍റെ കാലത്ത് ഇ.ഡിയെ ദുരുപയോഗം ചെയ്തിരുന്നില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.