മുംബൈ: മോദി-ഷാമാരുടെ നാടായ ഗുജറാത്തിൽ ഒരു സീറ്റെങ്കിലും നേടി കോൺഗ്രസിന് തിരിച്ചുവരവ് സാധ്യമാകുമോ എന്നാണ് ഉറ്റുനോക്കപ്പെടുന്നത്. കഴിഞ്ഞ രണ്ടു തവണയും 26ൽ 26 സീറ്റും പിടിച്ച ബി.ജെ.പി ഇത്തവണയും ഇത് ആവർത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സ്വാധീനമുള്ളവരെയും രണ്ടാംനിര നേതാക്കളെയും അടർത്തിയെടുത്താണ് കോൺഗ്രസിനെ ബി.ജെ.പി ദുർബലമാക്കിയത്. കഴിഞ്ഞ ഒരു വർഷമായി ശക്തിസിങ് ഗോഹിലിന്റെ നേതൃത്വത്തിൽ തിരിച്ചുവരവിന് കോൺഗ്രസ് നടത്തിയ ശ്രമങ്ങൾ വിജയം കാണുമോ എന്നാണ് ഉറ്റുനോക്കുന്നത്. തിരിച്ചുവരവിന് അവസരങ്ങൾ ഏറെ ഉണ്ടെങ്കിലും അത് മുതലെടുക്കാൻ കഴിഞ്ഞോ എന്ന് ചൊവ്വാഴ്ചയുടെ ഫല പ്രഖ്യാപനം വ്യക്തമാക്കും. സഖ്യകക്ഷിയായ ആപ് മത്സരിക്കുന്ന ഭറൂച്ചും വൽസാഡ്, നവസരി, സബർകാഠ, ബനസ്കാo, ആനന്ദ്, ചോട്ടാ ഉദയപൂർ, സുരേന്ദ്ര നഗർ, രാജ്കോട്ട്, കച്ച്, ജാംനഗർ അടക്കം 12 ഓളം മണ്ഡലങ്ങളിലാണ് സാധ്യത തെളിഞ്ഞത്.
ബിജെപിയോട് രോഷാകുലരായ ക്ഷത്രിയ സമുദായത്തിന്റെ വോട്ട് പിടിക്കാൻ കോൺഗ്രസിന് എത്രകണ്ട് സാധിച്ചുവെന്നും ചൊവ്വാഴ്ച അറിയാം. തൊഴിലില്ലായ്മ, വിലക്കയറ്റം അടക്കമുള്ള ഭരണവിരുദ്ധ വികാരത്തിലാണ് കോൺഗ്രസ് പ്രചാരണം ഊന്നിയതെങ്കിൽ ഗുജറാത്തിയായ നരേന്ദ്ര മോദിയുടെ ഭരണത്തുടർച്ചക്കാണ് ബി.ജെ.പി വോട്ട് തേടിയത്. ബി.ജെ.പിയോടല്ല മോദിയോടാണ് ഗുജറാത്തികൾക്ക് ഏറെ പ്രിയം. ഇതിനെയെല്ലാം മറികടക്കാൻ കോൺഗ്രസിന് എത്രകണ്ട് സാധിച്ചുവെന്ന് ഫലം വ്യക്തമാക്കും. ക്ഷത്രിയ വോട്ട് ബി.ജെ.പിക്കും കോൺഗ്രസിനുമിടയിൽ ഭിന്നിച്ചു എന്നാണ് നിരീക്ഷണം. ബനസ്കാഠയിലാണ് കോൺഗ്രസിന് നേരിയ വിജയസാധ്യത നിരീക്ഷകർ കാണുന്നത്. ജെന്നിബെൻ ഠാകുറാണ് ബനസ്കാഠയിലെ കോൺഗ്രസ് സ്ഥാനാർഥി. ബി.ജെ.പിയുടെ രേഖാബെൻ ചൗധരിയെയാണ് അവർ നേരിട്ടത്.
ബനസ്കാഓ ലോക്സഭ മണ്ഡലത്തിനു കീഴിലെ വാവ് നിയമസഭ സീറ്റിലെ സിറ്റിങ് എം.എൽ.എയാണ് ജെന്നിബെൻ. വോട്ടെടുപ്പിനുംമുന്നേ സൂറത് സീറ്റ് ബി.ജെ.പി പിടിച്ചിരുന്നു. കോൺഗ്രസ് സ്ഥാനാർഥി നിലേഷ് കുമ്പനിയുടെ പത്രിക തള്ളുകയും സ്വതന്ത്രരടക്കം ശേഷിച്ച മറ്റു സ്ഥാനാർഥികൾ പത്രിക പിൻവലിക്കുകയും ചെയ്തതോടെ ബി.ജെ.പി സ്ഥാനാർഥി മുകേഷ് ദലാലിനെ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടതായി വരണാധികാരി പ്രഖ്യാപിക്കുകയായിരുന്നു.
നിലേഷ് കുമ്പനി ബി.ജെ.പിയുമായി ഒത്തുകളിച്ചതാണെന്നും ബി.ജെ.പി അധികാര ദുർവിനിയോഗം നടത്തി മറ്റുള്ളവരുടെ പത്രിക പിൻവലിപ്പിച്ചതാണെന്നുമാണ് ആരോപണം. ശേഷിച്ച 25 സീറ്റിലാണ് മത്സരം നടന്നത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാണ് ഗുജറാത്തിൽ വോട്ടുതേടിയ പ്രമുഖൻ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.