ബംഗളൂരു: അടുത്ത വർഷം നടക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ ജെ.ഡി-എസുമായി സഖ്യമുണ്ടായേക്കുമെന്ന സൂചന നൽകി ബി.ജെ.പിയുടെ മുതിർന്ന നേതാവും മുൻ മുഖ്യമന്ത്രിയുമായ ബി.എസ്. യെദിയൂരപ്പ. ജെ.ഡി-എസ് നിയമസഭ കക്ഷി നേതാവ് എച്ച്.ഡി. കുമാരസ്വാമി കോൺഗ്രസ് സർക്കാറിനെതിരെ തുടർച്ചയായി വിമർശനവും അഴിമതി ആരോപണവും ഉന്നയിക്കുന്നതിനിടെയാണ് ബി.എസ്. യെദിയൂരപ്പയുടെ പരാമർശം. കർണാടകയിലെ സർക്കാറിനെതിരെ ജെ.ഡി-എസും ബി.ജെ.പിയും ഒന്നിച്ചു പോരാടുമെന്ന് യെദിയൂരപ്പ വ്യക്തമാക്കി.
സിദ്ധരാമയ്യ സർക്കാറിനെതിരായ കുമാരസ്വാമിയുടെ വിമർശനങ്ങളെയും അദ്ദേഹം പിന്തുണച്ചു. ‘കുമാരസ്വാമി പറഞ്ഞതെന്തായാലും സത്യം തന്നെയാണ്. ഞാനദ്ദേഹത്തെ പിന്തുണക്കുന്നു. ഭാവിയിൽ ഞങ്ങൾ ഒന്നിച്ചു പോരാടും’- യെദിയൂരപ്പ പറഞ്ഞു. സ്ഥലമാറ്റത്തിനായി മുഖ്യമന്ത്രിയുടെ ഓഫിസ് ഉദ്യോഗസ്ഥരിൽനിന്ന് കൈക്കൂലി വാങ്ങുന്നതായാണ് കുമാരസ്വാമി ആരോപിച്ചത്. ജി.എസ്.ടിക്കു പുറമെ, വൈ.എസ്.ടി(യതീന്ദ്ര സ്റ്റേറ്റ് ടാക്സ്)യും ഏർപ്പെടുത്തിയതായും ആരോപിച്ച അദ്ദേഹം, സിദ്ധരാമയ്യയും മകൻ ഡോ. യതീന്ദ്രയും അഴിമതി നടത്തുന്നതായും കുറ്റപ്പെടുത്തി.
കർണാടകയിൽ എന്തും സംഭവിക്കാമെന്നായിരുന്നു ഇതേ കുറിച്ച് കുമാരസ്വാമിയുടെ പ്രതികരണം. ആരുടെയും പേരെടുത്ത് പറയുന്നില്ല. അതിന് അധികം സമയമെടുക്കില്ല. ഈ വർഷം അവസാനത്തിലോ ലോക് സഭ തെരഞ്ഞെടുപ്പിന് ശേഷമോ അത് സംഭവിക്കും- കുമാരസ്വാമി പറഞ്ഞു. ലോക്സഭ തെരഞ്ഞെടുപ്പിലെ സഖ്യം സംബന്ധിച്ച് ആരാഞ്ഞപ്പോൾ, രാഷ്ട്രീയ സാഹചര്യം പരിഗണിച്ച് അതത് സമയങ്ങളിൽ തീരുമാനം കൈക്കൊള്ളുമെന്ന് അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ ഡൽഹി യാത്രക്കിടെ കുമാരസ്വാമി ബി.ജെ.പി നേതാക്കളുമായി ചർച്ച നടത്തിയതായാണ് റിപ്പോർട്ടുകൾ. നിലവിൽ സഖ്യം സംബന്ധിച്ച് തീരുമാനമൊന്നുമില്ലെന്നും ഭാവിയിലെ കാര്യങ്ങൾ ഇപ്പോൾ പറയാനാവില്ലെന്നും മുൻമുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസും ജെ.ഡി-എസും സഖ്യമായി മത്സരിച്ചെങ്കിലും ഇരു പാർട്ടികളും ഓരോ സീറ്റിലൊതുങ്ങി. സംസ്ഥാനത്തെ 28 ലോക്സഭ മണ്ഡലങ്ങളിൽ 25ഉം ബി.ജെ.പി ജയിച്ചപ്പോൾ മണ്ഡ്യയിൽ ബി.ജെ.പി പിന്തുണച്ച സ്വതന്ത്ര സ്ഥാനാർഥി സുമലത അംബരീഷും വിജയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.