ന്യൂഡല്‍ഹി: നേപ്പാളിലേക്ക് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ പശ്ചിമ ബംഗാള്‍ സി.ഐ.ഡി അറസ്റ്റ് ചെയ്ത ശിശുക്കടത്ത് റാക്കറ്റിലെ ബി.ജെ.പി വനിതാ നേതാവ് ജൂഹി ചൗധരിയെ കൊല്‍ക്കത്ത കോടതി റിമാന്‍ഡ് ചെയ്തു. സംസ്ഥാനത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച രാഷ്ട്രീയക്കാര്‍ക്ക് ബന്ധമുള്ള ജല്‍പായ്ഗുരി ശിശുക്കടത്ത് റാക്കറ്റുമായി ബന്ധപ്പെട്ട് അറസ്റ്റിലാകുന്ന നാലാമത്തെയാളാണ് മഹിള മോര്‍ച്ച സംസ്ഥാന സെക്രട്ടറികൂടിയായ ജൂഹി ചൗധരി.
17 കുട്ടികളെ കടത്തിയ കേസില്‍ ജൂഹിയുടെ പേര് പറഞ്ഞുകേള്‍ക്കാന്‍ തുടങ്ങിയത് മുതല്‍ അവര്‍ ഒളിവിലായിരുന്നു. ചൊവ്വാഴ്ച അറസ്റ്റിലായ വനിത നേതാവിനെ ചോദ്യം ചെയ്ത ശേഷം ബുധനാഴ്ചയാണ് കോടതിയില്‍ ഹാജരാക്കിയത്. ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരം മനുഷ്യക്കടത്ത്, വഞ്ചന, തട്ടിപ്പ് എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ഇവര്‍ക്ക് ശിശുക്കടത്ത് ശൃംഖലയുമായുള്ള ബന്ധം തെളിയിക്കുന്ന ഡയറി കണ്ടെടുത്തിട്ടുണ്ടെന്നും വിശദമായി ചോദ്യം ചെയ്യാനുണ്ടെന്നും പൊലീസ് അറിയിച്ചു.
ഇവരുടെ സഹോദരന്‍ മാനസ് ഭൗമികും ദത്തെടുക്കല്‍ കേന്ദ്രത്തിന്‍െറ തലവന്‍ സോണാലി മണ്ഡലും പ്രധാന പ്രതി ചന്ദന ചക്രവര്‍ത്തിയും നേരത്തെ അറസ്റ്റിലായിരുന്നു. കഴിഞ്ഞ മാസമാദ്യം അറസ്റ്റിലായ ഭൗമികില്‍നിന്നാണ് ജൂഹിക്ക് റാക്കറ്റുമായുള്ള ബന്ധം പുറത്തായത്. ഡയറിയില്‍ നിന്ന് ലഭിച്ച വിവരമനുസരിച്ച് കുട്ടിക്കടത്ത് കേസിലെ പ്രധാന പ്രതി ചന്ദന ചക്രവര്‍ത്തിക്കൊപ്പം ഫെബ്രുവരി രണ്ടിന് ഡല്‍ഹിയില്‍ വന്ന് മധ്യപ്രദേശില്‍നിന്നുള്ള മുതിര്‍ന്ന നേതാവും ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറിയും അമിത് ഷായുടെ വിശ്വസ്തനുമായ കൈലാശ് വിജയവര്‍ഗ്യയുമായി കൂടിക്കാഴ്ച തരപ്പെടുത്തിയിരുന്നു.
നിയമ വിരുദ്ധമായി കുട്ടികളെ വില്‍ക്കുന്ന ഇവരുടെ ചൈല്‍ഡ് കെയര്‍ ഹോമുമായി ബന്ധപ്പെട്ട ചില പ്രശ്നങ്ങള്‍ പരിഹരിക്കാനാണ് കൈലാശ് വിജയവര്‍ഗ്യയെയും ബി.ജെ.പി രാജ്യസഭാ എം.പി രൂപാ ഗാംഗുലിയെയും കണ്ടത്. ഇക്കാര്യം സംസാരിച്ചുവെന്നും ചന്ദന ചക്രവര്‍ത്തി മൊഴി നല്‍കിയിരുന്നു. നേതാക്കളോട് സംസാരിച്ചത് താനല്ളെന്നും ജൂഹിയാണെന്നും കോടതിയില്‍ ഹാജരാക്കും മുമ്പ് ചന്ദന മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞിരുന്നു.
വാരാണസിയില്‍ ബി.ജെ.പിക്ക് വേണ്ടി പ്രചാരണം നടത്തുകയായിരുന്ന കൈലാശ് വിജയവര്‍ഗ്യ കൊല്‍ക്കത്ത പൊലീസിനെ നിയന്ത്രിക്കുന്നത് തൃണമൂല്‍ കോണ്‍ഗ്രസ് ആണെന്നും അവര്‍ തനിക്കെതിരെ ഗൂഢാലോചന നടത്തുകയാണെന്നും ആരോപിച്ചു. താന്‍ ജൂഹി ചൗധരിയെ കണ്ടിരിക്കാമെങ്കിലും ശിശുക്കടത്തുമായി ബന്ധപ്പെട്ട കേസില്‍ ബി.ജെ.പി നേതാക്കള്‍ക്കാര്‍ക്കും പങ്കില്ളെന്നും അദ്ദേഹം പറഞ്ഞു.
പശ്ചിമ ബംഗാള്‍ ബി.ജെ.പി ഘടകം പ്രസിഡന്‍റ് ദിലീപ് ഘോഷുമായി വളരെ അടുത്ത ബന്ധമാണ് ജൂഹിക്ക്. വിവാദത്തിലായ ജൂഹിയെ ഇതുവരെ സംരക്ഷിച്ചുനിര്‍ത്തിയിരുന്നതും ദിലീപ് ഘോഷായിരുന്നു. സാമൂഹിക പ്രവര്‍ത്തകരുമായി രാഷ്ട്രീയ നേതാക്കള്‍ക്ക് ബന്ധമുണ്ടാകുമെന്നും അവരെ ഡല്‍ഹിക്ക് കൊണ്ടുപോകുന്നത് കുറ്റകൃത്യമല്ളെന്നുമാണ് ദിലീപ് ഘോഷ് പ്രതികരിച്ചത്. അറസ്റ്റിലായതിനെ തുടര്‍ന്ന് ജൂഹി ചൗധരിയെയും അവരുടെ പിതാവും ബി.ജെ.പി സംസ്ഥാന നേതാവുമായ രബീന്ദ്രനാഥ് ചൗധരിയെയും പാര്‍ട്ടിയില്‍നിന്ന് പുറത്താക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.