ന്യൂഡൽഹി: രാഹുൽ ഗാന്ധിക്ക് സാധാരണ പാസ്പോർട്ടിന് എൻ.ഒ.സി നൽകരുതെന്ന തടസ്സവാദവുമായി ബി.ജെ.പി നേതാവ് സുബ്രമണ്യൻ സ്വാമി ഡൽഹി കോടതിയെ സമീപിച്ചു. പുതിയ പാസ്പോർട്ടിന് അപേക്ഷിക്കാൻ എൻ.ഒ.സി നൽകണമെന്ന ആവശ്യവുമായി രാഹുൽ ഗാന്ധി ഡൽഹി കോടതിയെ സമീപിച്ചതിന് തൊട്ടുപിറകെയാണ് തടസ്സവാദമുന്നയിക്കാൻ സ്വാമിയുമെത്തിയത്.
സാമ്പത്തിക വെട്ടിപ്പ് നടത്തി രാജ്യം വിട്ട ലളിത് മോദിയെയും നീരവ് മോദിയെയും പരാമർശിച്ച് ‘എല്ലാ കള്ളന്മാരുടെയും പേരിൽ മോദി ഉണ്ടെന്ന്’ പറഞ്ഞതിന് ഗുജറാത്ത് കോടതി രണ്ടു വർഷം തടവിന് ശിക്ഷിച്ചതോടെ എം.പി സ്ഥാനം നഷ്ടപ്പെട്ട രാഹുൽ ഗാന്ധി തന്റെ ഡിപ്ലോമാറ്റിക് പാസ്പോർട്ട് സറണ്ടർ ചെയ്തിരുന്നു. ഇതേത്തുടർന്നാണ് ഒരു സാധാരണ പാസ്പോർട്ടിന് പുതുതായി അപേക്ഷ നൽകാൻ നാഷനൽ ഹെറാൾഡ് കേസ് പരിഗണിക്കുന്ന ഡൽഹി കോടതിയിലെത്തിയത്. രാഹുൽ ഗാന്ധി, സോണിയ ഗാന്ധി, സുമൻ ദുബെ, സാം പിത്രോഡ, അന്തരിച്ച മുൻ കോൺഗ്രസ് ട്രഷറർ മോത്തിലാൽ വോറ, ഓസ്കർ ഫെർണാണ്ടസ് തുടങ്ങിയവർക്കെതിരെ നാഷനൽ ഹെറാൾഡ് കേസിനാധാരമായ ഹരജി കോടതിയിൽ നൽകിയത് സ്വാമിയായിരുന്നു. രാഹുൽ ഗാന്ധിയുടെ എൻ.ഒ.സി അപേക്ഷക്ക് മറുപടി സമർപ്പിക്കാൻ സുബ്രമണ്യൻ സ്വാമിക്ക് അവകാശമുണ്ടെന്ന് അഡീഷനൽ ചീഫ് മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് വൈഭവ് മേത്ത വ്യക്തമാക്കി. രാഹുലിന്റെ അപേക്ഷയും സ്വാമിയുടെ മറുപടിയും കോടതി ഈ മാസം 26ന് പരിഗണിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.