ഭോപ്പാൽ: മധ്യപ്രദേശിൽ കൗമാരക്കാരായ രണ്ട് സഹോദിമാരെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ സംഭവത്തിൽ ബി.ജെ.പി നേതാവിന്റെ മകൻ ഉൾപ്പെടെ നാലുപേർ അറസ്റ്റിൽ. മൊത്തം നാലു പ്രതികളുള്ള കേസിൽ ആദ്യം രണ്ടുപേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ബി.ജെ.പി നേതാവിന്റെ മകനായ മദൽ അധാക്ഷ് അടക്കം മറ്റ് രണ്ട് പേർ പിന്നീടാണ് പിടിയിലായത്.
ദാതിയ ജില്ലയിൽ വെള്ളിയാഴ്ച ഉച്ചയോടെയാണ് ഞെട്ടിപ്പിക്കുന്ന സംഭവം. താനും മൂത്ത സഹോദരിയും ക്രൂരമായി പീഡിപ്പിക്കപ്പെട്ടെന്ന് ഇരകളിൽ ഒരാളായ പെൺകുട്ടി പൊലീസിൽ പരാതി നൽകിയതോടെയാണ് ബലാത്സംഗവിവരം പുറത്തറിയുന്നത്. പീഡനത്തെ തുടർന്ന് ജീവനൊടുക്കാൻ ശ്രമിച്ച മൂത്ത സഹോദരി ജാൻസിയിലെ ആശുപത്രിയിൽ ചികിത്സയിലാണ്.
പ്രതികൾക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐ.പി.സി) കൂട്ടബലാത്സംഗം, പോക്‌സോ നിയമത്തിലെ വിവിധ വകുപ്പുകൾ എന്നിവയാണ് ചുമത്തിയത്. സംഭവം ജനരോഷത്തിന് ഇടയാക്കിയതോടെ പൊലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധമുയർന്നു. പ്രതിഷേധക്കാർക്ക് എഫ്.ഐ.ആറിന്റെ പകർപ്പ് നൽകിയ പൊലീസ്, കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന ഉറപ്പും നൽകി. ഇതോടെയാണ് സ്റ്റേഷന് മുന്നിലെ സ്ഥിതിഗതികൾ ശാന്തമായത്. എന്നാൽ, പ്രതിഷേധം കനക്കുകയാണ്.
അതേസമയം, സംഭവം ഞെട്ടിപ്പിക്കുന്നതാണ് എന്നായിരുന്നു ബി.ജെ.പി ജില്ല പ്രസിഡന്റ് സുരേന്ദ്ര ബുധോലിയയുടെ പ്രതികരണം. ഇരയായ യുവതികൾ പൊലീസിന് നൽകിയ മൊഴിയിൽ ബി.ജെ.പി ഭാരവാഹിയുടെ മകന്റെ പേര് പറഞ്ഞിട്ടുണ്ടെങ്കിൽ പാർട്ടി ഉചിതമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.