കൊൽക്കത്ത: ബി.ജെ.പിയുടെ രഥയാത്രയെ പരിഹസിച്ച് പശ്ചിമബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ മമത ബാനർജി. ദൈവങ്ങളാണെന്ന മട്ടിൽ ബി.ജെ.പി നേതാക്കൾ രഥത്തിലാണ് യാത്ര ചെയ്യുന്നയെന്ന് മമത പറഞ്ഞു.
"രഥയാത്ര മതപരമായ ഒരു ഉത്സവമാണ്. നാമെല്ലാവരും ഈ ഉത്സവത്തിൽ പങ്കെടുത്തിട്ടുണ്ട്. ജഗന്നാഥൻ, ബലറാം, സുഭദ്രദേവി എന്നിവർ ഈ രഥങ്ങളിൽ യാത്ര ചെയ്യുന്നത് നമുക്കറിയാം. എന്നാൽ, ബി.ജെ.പി നേതാക്കൾ ഈ രഥ യാത്രയെ സ്വന്തം രാഷ്ട്രീയ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നു. ബി.ജെ.പി നേതാക്കൾ ദൈവങ്ങളാണെന്ന മട്ടിൽ രഥങ്ങളിലാണ് സഞ്ചരിക്കുന്നത് " -മമത ബാനർജി പറഞ്ഞു. റൈഗഞ്ചിൽ ഒരു റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അവർ.
" ബി.ജെ.പി ചിന്തിക്കുന്നത് അവർക്ക് പണമുണ്ടെന്നും എന്തും ചെയ്യാമെന്നുമാണ്. പണത്തേക്കാൾ വലുതാണ് മനുഷ്യൻ. എന്താണോ ആവശ്യം അതിന്ള മാത്രമാണ് പണം പ്രധാനം. അതിലപ്പുറമല്ല," -മമത പറഞ്ഞു.
വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനായി ബി.ജെ.പി സംസ്ഥാനത്തിന് പുറത്തുനിന്നുള്ളവരെ കൊണ്ടുവരികയാണെന്ന ആരോപണം മമത ആവർത്തിച്ചു. പുറത്തു നിന്നുള്ള ചിലർ ആഢംബര കാറുകളിലെത്തുകയും ഗ്രാമീണരുടെ വീടുകളിൽ നിന്ന് ഭക്ഷണം കഴിക്കുമെന്ന് കാണിക്കാനായി ഭക്ഷണം കഴിക്കുന്ന ഫോട്ടോ സെഷനിൽ ഏർപ്പെടുകയാണെന്നും അവർ പറഞ്ഞു. എന്നാൽ ഈ ഭക്ഷണം പഞ്ചനക്ഷത്ര ഹോട്ടലുകളിൽ നിന്ന് കൊണ്ടുവരുന്നതാണെന്നും മമത ആരോപിച്ചു.
ബംഗാൾ ഭരിക്കുക ബംഗാളിൽ നിന്നുള്ളവരാകുമെന്നും ഗുജറാത്തിൽനിന്ന് വരുന്നവരായിരിക്കില്ലെന്നും മമത പറഞ്ഞു.
''ഞാൻ സർക്കാറിനെ നയിക്കുമ്പോൾ അത് സാധാരണക്കാരനെന്ന നിലയിലായിരിക്കും. പണിയെടുക്കുന്നവർക്ക് തൃണമൂൽ ടിക്കറ്റ് നൽകും. മത്സരിക്കാനായി തൃണമൂൽ കോൺഗ്രസ് ആരുടെ മുമ്പിലും തല കുനിക്കില്ല. '' - മമത വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.