മണിപ്പൂർ ജയിക്കാൻ ബി.ജെ.പി കുകി സായുധ സംഘവുമായി ഉടമ്പടിയുണ്ടാക്കി; വിവാദമായി സംഘത്തലവന്റെ വെളിപ്പെടുത്തൽ

ന്യൂഡൽഹി: 2017ലും 2019ലും മണിപ്പൂ​രിൽ ബി.ജെ.പിയെ ജയിപ്പിക്കാൻ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയുമായും ആർ.എസ്.എസ് നേതാവ് രാം മാധവുമായും തങ്ങൾ ഉടമ്പടിയുണ്ടാക്കിയെന്ന മണിപ്പൂരിലെ സായുധ തീ​വ്രവാദ സംഘമായ യുനൈറ്റഡ് കുകി ലിബറേഷൻ ഫ്രണ്ട് (യു​.കെ.എൽ.എഫ്) തലവ​ന്റെ വെളിപ്പെടുത്തൽ വൻ വിവാദമായി. രാജ്യദ്രോഹ പ്രവർത്തനത്തിന് ദേശ സുരക്ഷാ നിയമ പ്രകാരം അസം മുഖ്യമന്ത്രിയെയും ആർ.എസ്.എസ് നേതാവിനെയും അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് സമരം തുടങ്ങി. കുകികളുമായുള്ള ഉടമ്പടി വിവാദമായതിന് പിന്നാലെ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ മണിപ്പൂരിൽ നടത്താനിരുന്ന സന്ദർശനം റദ്ദാക്കി.

2019ൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്ക് അയച്ച കത്ത് മണിപ്പൂരിലെ എൻ.ഐ.എ കോടതിയിൽ തന്റെ സത്യവാങ്മൂലത്തിനൊപ്പം യു​.കെ.എൽ.എഫ് തലവൻ എസ്.എസ് ഹോകിപ് സമർപ്പിച്ചപ്പോഴാണ് ബി.ജെ.പി-ആർ.എസ്.എസ്.എസ് നേതാക്കളുമായി ഉണ്ടാക്കിയ ഉടമ്പടി പുറത്തായത്. പൊലീസിന്റെ ആയുധപ്പുരയിൽനിന്ന് കവർന്ന 10 പിസ്റ്റളുകൾ മുൻ കോൺഗ്രസ് എം.എൽ.എ യംതോങ് ഹോകിപിൽനിന്ന് നിയമവിരുദ്ധമായി വാങ്ങിയതിന് യു.കെ.എൽ.എഫ് ചെയർമാനെതിരെ എൻ.ഐ.എ കോടതിയിൽ കേസുണ്ട്. ഈ കേസിൽ സമർപ്പിച്ച സത്യവാങ്മൂലത്തിനൊപ്പമാണ് അമിത് ഷാക്ക് 2019ൽ എഴുതിയ കത്ത് അനുബന്ധമായി സമർപ്പിച്ചത്. ആയുധ കേസിൽനിന്ന് തന്നെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടാണ് ബി.ജെ.പിക്ക് വേണ്ടി അർപ്പിച്ച സംഭാവനകൾ എടുത്തുപറഞ്ഞുള്ള കത്ത്.

അമിത് ഷായുടെ നേതൃത്വത്തിൽ ബി.ജെ.പി വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ ചുക്കാൻ ഹിമന്ത ബിശ്വ ശർമക്ക് നൽകി എൻ.ഡി.എക്ക് പകരം നോർത് ഈസ്റ്റ് ഡെമോക്രാറ്റിക് സഖ്യം (എൻ.ഇ.ഡി.എ) ഉണ്ടാക്കി ശർമയെ അതിന്റെ കൺവീനറാക്കിയിരുന്നു. ആർ.എസ്.എസിൽനിന്ന് ബി.ജെ.പിയിലെത്തിയ രാം മാധവിന് വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ മേൽനോട്ട ചുമതലയും നൽകിയിരുന്നു. ഇവർ ഇരുവരുമായാണ് തന്റെ സംഘവും മറ്റൊരു കുകി സായുധ സംഘവും 2017ലെ നിയമസഭ തെരഞ്ഞെടുപ്പിലും 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിലും ബി.ജെ.പി സ്ഥാനാർഥികൾ ജയിക്കാൻ ഉടമ്പടി ഉണ്ടാക്കിയതെന്ന് അമിത് ഷാക്ക് അയച്ച കത്തിൽ എസ്.എസ് ഹോകിപ് പറഞ്ഞിട്ടുണ്ട്.

മണിപ്പൂരിൽ ബി.ജെ.പി സർക്കാറുണ്ടാക്കുന്നതിൽ താൻ വളരെ പ്രധാന പങ്കുവഹിച്ച കാര്യം സായുധ സംഘത്തലവൻ അമിത് ഷായെ ഓർമിപ്പിച്ചു. തങ്ങൾ പിന്തുണച്ചില്ലായിരുന്നെങ്കിൽ മണിപ്പൂരിൽ ബി.ജെ.പി സർക്കാറുണ്ടാക്കുക അസാധ്യമായിരുന്നു. പാർലമെന്റ് തെരഞ്ഞെടുപ്പിൽ തങ്ങൾ ഓപറേഷൻ നടത്തുന്ന മേഖലയിൽ ബി.ജെ.പി സ്ഥാനാർഥികൾക്ക് 80-90 ശതമാനം വോട്ട് ലഭിച്ചതും യു​.കെ.എൽ.എഫ് ചെയർമാൻ അമിത് ഷായെ ഉണർത്തി.

32 കുകി സായുധ തീവ്രവാദ ഗ്രൂപ്പുകളാണ് മണിപ്പൂരിലുള്ളത്. അതിൽ 25 സംഘങ്ങളാണ് സായുധ പ്രവർത്തനം നിർത്തിവെച്ച് സമാധാന ചർച്ചക്കായി കേന്ദ്ര, മണിപ്പൂർ സർക്കാറുകളായി ധാരണാപത്രത്തിൽ ഒപ്പുവെച്ചത്. ഇത് പ്രകാരം സർക്കാറും സായുധ ഗ്രൂപ്പും പരസ്പരം സായുധ പ്രവർത്തനങ്ങൾ നടത്തരുത് എന്നാണ് ധാരണ.

ജനാധിപത്യ പ്രക്രിയയിലൂടെ തെരഞ്ഞെടുക്കപ്പെട്ട ഒരു മുഖ്യമ​ന്ത്രി മണിപ്പൂർ നിയമസഭ തെരഞ്ഞെടുപ്പ് ജയിക്കാൻ കുകി സായുധരുമായി ഉടമ്പടിയുണ്ടാക്കിയത് ഞെട്ടിപ്പിക്കുന്നതാണെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി. ദേശവിരുദ്ധ ശക്തികളുമായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ ഉണ്ടാക്കിയ സഖ്യ​ത്തെ ദേശീയവാദിയായ പ്രധാനമ​ന്ത്രി കാര്യമായെടുക്കാത്തത് അമ്പരപ്പിക്കുന്നതാണെന്ന് അസം പ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഭൂപൻ കുമാർ ബോറ കുറ്റപ്പെടുത്തി. രാജ്യദ്രോഹ പ്രവർത്തനത്തിന് ദേശസുരക്ഷ നിയമ പ്രകാരം അസം മുഖ്യമന്ത്രിയെയും ആർ.എസ്.എസ് നേതാവിനെയും അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഗുവാഹത്തിയിൽ എ.പി.സി.സിയും മറ്റു 11 പ്രതിപക്ഷ പാർട്ടികളും നടത്തിയ ഉപവാസ സമരം ഡൽഹിയിലേക്കും വ്യാപിപ്പിക്കുമെന്നും ബോറ പറഞ്ഞു.

Tags:    
News Summary - BJP makes pact with Kuki armed group to win Manipur; Controversial disclosure of gang leader

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.