അരവിന്ദ് കെജ്രിവാൾ (PTI Photo)

ബി.ജെ.പി 220-230 സീറ്റുകളിലേക്ക് ഒതുങ്ങും, സർക്കാർ രൂപവത്കരിക്കില്ല - കെജ്രിവാൾ

ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ ബി.ജെ.പി 220 മുതൽ 230 വരെ സീറ്റുകളിലേക്ക് ഒതുങ്ങുമെന്നും സർക്കാർ രൂപവത്കരിക്കില്ലെന്നും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. പ്രതിപക്ഷ സഖ്യമായ ഇൻഡ്യ മുന്നണി തെരഞ്ഞെടുപ്പിൽ വിജയം നേടും. എ.എ.പിയും പുതിയ സർക്കാരിന്റെ ഭാഗമാകും. നിരവധി സംസ്ഥാനങ്ങളിൽ ബി.ജെ.പിക്ക് സീറ്റ് കുറയും. മുഖ്യമന്ത്രി പദത്തിൽനിന്ന് താൻ രാജിവെക്കാത്തത് എ.എ.പിയെ തകർക്കാനുള്ള ഗൂഢനീക്കത്തിനെതിരെ പോരാടാനാണെന്നും കെജ്രിവാൾ പറഞ്ഞു.

"ജയിൽ മോചിതനായതിനു പിന്നാലെ തെരഞ്ഞെടുപ്പ് വിദഗ്ധരോടും ജനങ്ങളോടും ഞാൻ സംസാരിച്ചിരുന്നു. ബി.ജെ.പിക്ക് സർക്കാർ രൂപവത്കരിക്കാനാവില്ലെന്നാണ് മനസിലാക്കുന്നത്. ഹരിയാന, രാജസ്ഥാൻ, കർണാടക, ഡൽഹി, ബിഹാർ, മഹാരാഷ്ട്ര, ബംഗാൾ, ജാർഖണ്ഡ്, ഉത്തർപ്രദേശ് എന്നിവടങ്ങളിൽ ബി.ജെ.പിക്ക് സീറ്റു കുറയും. ഒരു സംസ്ഥാനത്തും അവർക്ക് കൂടുതൽ സീറ്റ് നേടാനാകില്ല. 220 മുതൽ 230 വരെ സീറ്റുകൾ മാത്രമേ ബി.ജെ.പിക്ക് നേടാനാവൂ എന്ന് രാഷ്ട്രീയ വിദഗ്ധർ പോലും പറയുന്നു. ജൂൺ നാലിന് മോദിക്ക് സർക്കാർ രൂപവത്കരിക്കാനാകില്ല" -കെജ്രിവാൾ പറഞ്ഞു.

എ.എ.പിയെ തകർക്കാനുള്ള ഗൂഢനീക്കത്തിന്‍റെ ഭാഗമായാണ് തന്നെ കള്ളക്കേസിൽ കുടുക്കിയതെന്നും കെജ്രിവാൾ പറഞ്ഞു. ഞാൻ ജയിലിലായപ്പോൾ, എന്തുകൊണ്ട് മുഖ്യമന്ത്രി പദം രാജിവെച്ചില്ലെന്ന് ചിലർ ചോദിച്ചു. എന്നാൽ ചില വസ്തുതകൾ നിങ്ങൾ മനസിലാക്കണം. കഴിഞ്ഞ വർഷത്തിനിടെ നടന്ന തിരഞ്ഞെടുപ്പുകളിൽ, ഡൽഹിയിൽ ആം ആദ്മി പാർട്ടി അധികാരത്തിൽ വന്നതുപോലെ ചരിത്രപരമായ മറ്റൊരു സംഭവം ഉണ്ടായിട്ടില്ല. അത്ര വലിയ ഭൂരിപക്ഷത്തിൽ അധികാരത്തിലേറിയ എ.എ.പിയെ തകർക്കാനാവില്ലെന്ന് അവർക്കറിയാം. അപ്പോൾ പാർട്ടി നേതാക്കളെ കള്ളക്കേസിൽ കുടുക്കി ജയിലിലടക്കാനുള്ള ഗൂഢനീക്കം ആരംഭിച്ചു. എന്നാൽ അവരുടെ കെണിയിൽ ഞങ്ങൾ വീണില്ല. ഏകാധിപത്യത്തിനെതിരെ താൻ ജയിലിൽനിന്ന് പോരാടുമെന്നും കെജ്രിവാൾ പറഞ്ഞു.

പ്രധാനമന്ത്രി മോദിക്ക് സെപ്റ്റംബറിൽ 75 വയസ്സ് തികയുമെന്നും അതോടെ രാഷ്ട്രീയത്തിൽനിന്ന് വിരമിക്കുമെന്നും, മോദി വോട്ടു ചോദിക്കുന്നത് അമിത് ഷാക്ക് വേണ്ടിയാണെന്നും കെജ്രിവാൾ പറഞ്ഞു. 75 തികഞ്ഞാൽ നേതാക്കൾ വിരമിക്കണമെന്നാണ് മോദിയുടെ ചട്ടം. എൽ.കെ. അദ്വാനി, മുരളി മനോഹർ ജോഷി, സുമിത്ര മഹാജൻ, യശ്വന്ത് സിൻഹ എന്നിവർക്ക് നിർബന്ധിത വിരമിക്കലായിരുന്നു. പ്രധാനമന്ത്രി മോദി സെപ്റ്റംബർ 17ന് വിരമിക്കാൻ പോകുന്നു.

എൽ.കെ. അദ്വാനി, മുരളി മനോഹർ ജോഷി, ശിവരാജ് സിങ് ചൗഹാൻ, വസുന്ധര രാജെ, എം.എൽ. ഖട്ടർ, രമൺ സിങ് എന്നിവരുടെ രാഷ്ട്രീയം അവസാനിച്ചു. അടുത്തത് യോഗി ആദിത്യനാഥാണ്. ഈ തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ രണ്ട് മാസത്തിനകം ഉത്തർപ്രദേശ് മുഖ്യമന്ത്രിയെ മാറ്റും. അമിത് ഷാക്ക് വേണ്ടിയാണ് മോദി വോട്ട് ചോദിക്കുന്നത്. മോദിയുടെ ഗ്യാരന്റി അമിത് ഷാ നടപ്പാക്കുമോ എന്നും കെജ്രിവാൾ ചോദിച്ചു.

Tags:    
News Summary - BJP May Get 220 Seats, Won't Form Government: Arvind Kejriwal's Prediction

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.