കൊൽക്കത്ത: മറ്റു പാർട്ടികളിലെ എം.എൽ.എമാെരയും എം.പിമാരെയുമൊക്കെ അടിച്ചുമാറ്റുന്നതിൽ വിദഗ്ധരാണ് തങ്ങളെന്ന് അമിത് ഷായുടെ പാർട്ടിയായ ബി.ജെ.പി പലവുരു തെളിയിച്ചതാണ്. പോണ്ടിച്ചേരിയിലും ബംഗാളിലുമൊക്കെ ഇപ്പോഴും തകൃതിയായി ഈ ജനാധിപത്യ വിരുദ്ധ കലാപരിപാടി തുടരുന്നുമുണ്ട്. എന്നാൽ, മറ്റൊരു പാർട്ടി സംഘടിപ്പിച്ച ഒരു മഹാ റാലി തന്നെ തട്ടിയെടുത്താലോ? ഇങ്ങനെയൊക്കെ നടക്കുമോ എന്ന് നെറ്റിചുളിക്കാൻ വരട്ടെ, അതും സംഭവിച്ചിരിക്കുന്നു.
പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കൊൽക്കത്ത ബ്രിഗേഡ് പരേഡ് ഗ്രൗണ്ടിൽ കഴിഞ്ഞയാഴ്ച സി.പി.എം നേതൃത്വത്തിൽ മഹാറാലി നടത്തിയിരുന്നു. കോൺഗ്രസ്, ഇന്ത്യൻ സെക്കുലർ ഫ്രണ്ട് (ഐ.എസ്.എഫ്) തുടങ്ങിയ സംഘടനകൾ അണിനിരന്ന റാലിയിൽ ലക്ഷക്കണക്കിന് പേരാണ് പങ്കെടുത്തത്. ഇതിന്‍റെ ചിത്രങ്ങളെന്ന പേരിൽ നിരവധി ഇടത്, കോൺഗ്രസ് പ്രവർത്തകർ കഴിഞ്ഞയാഴ്ച മുതൽ ട്വിറ്ററിലും ഫേസ്ബുക്കിലും ഫോട്ടോകൾ പ്രചരിപ്പിക്കുന്നുണ്ട്. എന്നാൽ, ഇതേ ചിത്രങ്ങൾ കൈയോടെ അടിച്ച് മാറ്റി തങ്ങളുടെതാക്കിയിരിക്കുകയാണ് ബി.ജെ.പിക്കാർ. ഇതേഗ്രൗണ്ടിൽ കഴിഞ്ഞ ദിവസം പ്രധാനമന്ത്രി മോദി നടത്തിയ റാലിയിൽ പങ്കെടുത്തവർ എന്ന വ്യാജേനയാണ് സി.പി.എമ്മിന്‍റെ ഫോട്ടോ സോഷ്യൽ മീഡിയയിൽ സംഘ്പരിവാർ പ്രവർത്തകർ പ്രചരിപ്പിക്കുന്നത്.
വസ്തുതാ പരിശോധന പോർട്ടലായ ആൾട്ട് ന്യൂസ് നടത്തിയ പരിശോധനയിൽ ഏതാനും വർഷങ്ങൾക്ക് മുമ്പ് നടന്ന ഇടതുപരിപാടിയുടെ ചിത്രങ്ങളാണ് ഇതെന്ന് കണ്ടെത്തി. 2019ലും 2014ലും നടന്ന ഇടതുമുന്നണിയുടെ കൂറ്റൻ റാലിയുടെ ചിത്രമാണ് അടിച്ചുമാറ്റിയത്. റാലിയുടെ ചിത്രം കഴിഞ്ഞ വർഷം പശ്ചിമ ബംഗാൾ സി.പി.എം ട്വീറ്റ് ചെയ്തിരുന്നു. ഇതിൽ ചുവന്ന പതാകകൾ തെളിഞ്ഞുകാണാം. എന്നാൽ, ബി.ജെ.പി ഹാൻഡിലുകൾ ഈ കൊടികളെ കാവിയായി തെറ്റിദ്ധരിപ്പിക്കുന്ന വിധത്തിൽ എഡിറ്റ് ചെയ്താണ് അവതരിപ്പിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.